ജനിച്ചത് ബര്‍മയില്‍ ആണെങ്കിലും കൊയിലാണ്ടിയിലെ തൃക്കോട്ടൂര്‍ ആണ് എന്റെ ജീവിതത്തെയും സാഹിത്യാഭിരുചിയേയും വളര്‍ത്തിയെടുത്ത ഗ്രാമം. മാതാവ് ബര്‍മയില്‍ മരണപ്പെട്ടതോടെ ബാപ്പക്കൊപ്പം ഞാന്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നുവല്ലോ. ഉത്സവങ്ങളും തെയ്യം, തിറ തുടങ്ങിയ അനുഷ്ഠാന കലകളും നിറഞ്ഞ പ്രദേശമായിരുന്നു കൊയിലാണ്ടിയും തൃക്കോട്ടൂരും എല്ലാം. കടുംവര്‍ണങ്ങളില്‍ എഴുതപ്പെട്ട ജീവിതചിത്രങ്ങള്‍ തന്നെയായിരുന്നു അന്നുണ്ടായിരുന്നത്. സാഹോദര്യത്തിന്റെയും മതമൈത്രിയുടെയും സന്ദേശം എങ്ങും പരന്നിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ല.

അവിടെയുള്ള ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നാണ് ഞാന്‍ കഥകള്‍ സ്വരൂപിച്ച് എഴുതി തുടങ്ങിയത്. മദിരാശിയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ജയകേരളത്തിലും മറ്റും എഴുതുകയുണ്ടായി. എം. ഗോവിന്ദന്‍, എം.വി ദേവന്‍, ടി. പത്മനാഭന്‍ തുടങ്ങിയവരുമായുള്ള ബന്ധം എന്റെ സാഹിത്യജീവിതത്തില്‍ പുതിയ വഴികള്‍ തുറന്നുതന്നു. അതോടൊപ്പം തന്നെ അന്നത്തെ പ്രസിദ്ധീകരണങ്ങളില്‍ ഏറെ സഹായിച്ചത് ചന്ദ്രികയായിരുന്നു. അതില്‍ എന്റെ കഥകളും നോവലുകളും തുടര്‍ച്ചയായി വന്നു. എന്റെ മാത്രമല്ല, എം.ടി മുകുന്ദന്‍ തുടങ്ങിയ പുതുതലമുറയിലെ പലരും ചന്ദ്രികയിലാണ് ഹരിശ്രീ കുറിച്ചത് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. മുട്ടത്തുവര്‍ക്കി, ബഷീര്‍, കേശവദേവ് തുടങ്ങിയവരും ചന്ദ്രിക താളുകളില്‍ ഇടംനേടിയവരാണ്.

മലബാറിലെ മുസ്‌ലിംജീവിതത്തിന്റെ ഉള്ളറകള്‍ തേടുന്ന ചില രചനകള്‍ സ്വാഭാവികമായും എന്റേതായി അറുപതുകളിലും മറ്റും പുറത്തുവന്നു. അറബിക്കടലോരം, ഖുറൈശിക്കൂട്ടം, ചങ്ങല എന്നീ നോവലുകള്‍. അതെല്ലാം വെളിച്ചം കണ്ടത് ചന്ദ്രികയിലൂടെയാണ്. സി.എച്ച് മുഹമ്മദ്‌കോയ പത്രാധിപരായി ഇരിക്കുമ്പോള്‍.

ന്യൂനപക്ഷങ്ങളുടെ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും ഉള്ള മുന്നേറ്റം ആഗ്രഹിച്ച നേതാവായിരുന്നു സി.എച്ച് മുഹമ്മദ്‌കോയ. ഭരണാധികാരി, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ തിരക്ക് പിടിച്ച ജീവിതത്തിന്റെ ഉടമയാകുമ്പോഴും ചന്ദ്രികയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, എഡിറ്റോറിയല്‍ സംബന്ധമായ കാര്യങ്ങള്‍ മുതല്‍ എഴുത്തുകാരെ ചന്ദ്രികയുമായി ബന്ധപ്പെടുത്തുന്ന പ്രവൃത്തി വരെ അദ്ദേഹം സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ചു. ഞാന്‍ പലപ്പോഴും ചന്ദ്രിക സന്ദര്‍ശിക്കും. സി.എച്ച് ഉണ്ടെങ്കില്‍ ഏറെ കഴിഞ്ഞുമാത്രമേ തിരിച്ചുപോകാന്‍ കഴിയു. എന്റെ കൈയില്‍ കഥയുണ്ടെങ്കില്‍ ചോദിച്ചു വാങ്ങും. എഴുതി തീരാത്തതാണെങ്കില്‍ അവിടെയിരുന്ന് എഴുതാന്‍ പറയും. അതിനായി മേശയും കസേരയും ഏര്‍പ്പാടാക്കും. അങ്ങനെ ചന്ദ്രികയില്‍ എനിക്ക് ഒരു കസേര ലഭിച്ചു എന്ന് ഞാന്‍ സൗഹൃദസദസ്സുകളില്‍ മേനി പറയും!

എഴുതാന്‍ പ്രേരിപ്പിക്കുന്ന പത്രാധിപര്‍ ആയിരുന്നു സി.എച്ച്. അങ്ങനെ ചന്ദ്രികയുമായി എനിക്ക് പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്. പി.എ മുഹമ്മദ്‌കോയ എന്ന മുഷ്താഖ് പത്രാധിപരായിരുന്നപ്പോഴും എന്നെ വളരെയധികം പ്രോത്സാഹിപ്പിക്കുകയുണ്ടായി. എ.എം കുഞ്ഞിവാവ, കാനേഷ് പൂനൂര്‍ തുടങ്ങിയവരും എഴുത്തിന്റെ ലോകത്ത് എനിക്ക് ഊര്‍ജ്ജം പകര്‍ന്നു. മുസ്‌ലിംലീഗിന്റെ മുഖപത്രം ആണെങ്കിലും ചന്ദ്രിക സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ തുറന്ന സമീപനം പുലര്‍ത്തിയെന്ന് കാണാന്‍ കഴിയും. അങ്ങനെയാണ് ഒട്ടേറെ എഴുത്തുകാര്‍ക്ക് അത് പഠനകളരിയായി മാറിയത്. സാങ്കേതിക വിദ്യ വളര്‍ന്നു വികസിച്ച ഇക്കാലത്ത് ചന്ദ്രികക്ക് ഏറെ ചെയ്യാനാവും. ന്യൂനപക്ഷ സമുദായത്തെ സേവിക്കാന്‍ കഴിയും. അതിന് സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ ആശംസകളും നേരുന്നു.