യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണം ഇന്നും ആയിരം കടന്നു. 1046 പേര്‍ക്കാണ് ഇന്ന് രോഗബാധ. 1154 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനിടെ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,01,840 ആയി. 436 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 91,710 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളവര്‍ 9694 പേരാണ്.

അതേസമയം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അപൂര്‍വ നേട്ടം കൈവരിച്ചിരിക്കുകയാണ് യുഎഇ. സ്വന്തം രാജ്യത്തെ ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് പരിശോധന നടത്തിയ രാജ്യമായി യുഎഇ മാറി. 10.32 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. 9,890,402 ആണ് യുഎഇയിലെ ജനസംഖ്യ.