ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യുഎഇയില്‍ പുതിയ വിസ ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ല. ഇത് താമസിയാതെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒഴിവാക്കിയേക്കുമെന്നും അഭിജ്ഞ വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വിസ ലഭിച്ചു തുടങ്ങിയതായി വിവരമുണ്ട്. ഇന്ത്യക്ക് പുറമെ ശ്രീലങ്ക, ഇന്തോനേഷ്യ, കെനിയ, ബംഗ്‌ളാദേശ്, ഈജിപ്ത്, തുനീഷ്യ, സെനഗല്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റില്ലാതെ വിസ ലഭിച്ചു തുടങ്ങിയത്.തൊഴില്‍ വിസാ സേവന നടപടിക്രമങ്ങള്‍ നിര്‍വഹിക്കാനുള്ള കേന്ദ്രമായ തസ്’ഹീലിലെ കംപ്യൂട്ടര്‍ ശൃംഖലയില്‍ നിന്ന് ഇതുസംബന്ധിച്ച നിബന്ധനകള്‍ നീക്കം ചെയ്തിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ, വിസാ അപേക്ഷയോടൊപ്പം സ്വഭാവ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് സമര്‍പ്പിച്ചാല്‍ മാത്രമേ വിസ ലഭിക്കുമായിരുന്നുള്ളൂ. സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന ഭാഗം തന്നെ കംപ്യൂട്ടറില്‍ നിന്ന് മാറിയിട്ടുണ്ട്.
പുതിയ തൊഴില്‍ വിസാ അപേക്ഷകര്‍ സ്വന്തം രാജ്യത്ത് നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മറ്റൊരു രാജ്യത്ത് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ താമസിക്കുന്നവരാണെങ്കില്‍ ആ രാജ്യത്ത് നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തേണ്ടതുമുണ്ട്. തൊഴില്‍ വിസ എടുക്കുന്നവര്‍ക്ക് മാത്രമാണ് പുതിയ നിയമം ബാധകമാക്കിയിട്ടുള്ളത്. കുടുംബാംഗങ്ങള്‍ക്കോ ആശ്രിതര്‍ക്കോ നിയമം ബാധമകല്ല. സന്ദര്‍ശക വിസയില്‍ എത്തുന്നവരെയും പുതിയ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഫെബ്രുവരി 4 മുതലാണ് രാജ്യത്ത് തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. എന്നാല്‍, സ്വഭാവ സര്‍ട്ടിഫിക്കറ്റിന്റെ കാര്യത്തിലുള്ള ആശയക്കുഴപ്പം ഇന്ത്യക്കാരടക്കമുള്ള ഉദ്യോഗാര്‍ത്ഥികളെ പ്രയാസപ്പെടുത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട അധികൃതര്‍ രണ്ടാഴ്ച മുന്‍പ് തസ്’ഹീല്‍ കേന്ദ്രങ്ങള്‍ മുഖേന ഉപയോക്താക്കളോട് അഭിപ്രായം ആരാഞ്ഞിരുന്നുവത്രെ. സര്‍ട്ടിഫിക്കറ്റ് കിട്ടാനുള്ള ബുദ്ധിമുട്ട് അറിയിച്ച രാജ്യക്കാരെയാണ് നിബന്ധനയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് അറിയുന്നത്. ഏതായാലും, ഇതുസംബന്ധിച്ച് ഔപചാരിക പ്രഖ്യാപനത്തിന് കാക്കുകയാണ് ബന്ധപ്പെട്ട അധികൃതരും അപേക്ഷകരും.