ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെ പ്രശ്‌ന പരിഹാരത്തിന് താല്‍കാലിക തിരിച്ചറിയല്‍ നമ്പറുമായി സവിശേഷ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) രംഗത്ത്. വിവിധ സേവനങ്ങളുടെ ഭാഗമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ആധാര്‍ നമ്പറിനു പകരം ഈ താല്‍ക്കാലിക നമ്പര്‍ നല്‍കിയാല്‍ മതി. ആധാര്‍ നമ്പര്‍ 12 അക്കമായിരുന്നെങ്കില്‍ താല്‍ക്കാലിക തിരിച്ചറിയല്‍ നമ്പറിന് 16 അക്കമാണ് ഉണ്ടാവുക. ആധാറിന്റെ വെബ്‌സൈറ്റില്‍ കയറിയാല്‍ ആധാര്‍ കാര്‍ഡ് ഉള്ള ആര്‍ക്കും ഈ നമ്പര്‍ സ്വന്തമാക്കാം. പേര്, വിലാസം, ഫോട്ടോഗ്രാഫ് എന്നിവയടക്കമുള്ള അടിസ്ഥാന ബയോമെട്രിക് വിവരങ്ങളും ഈ നമ്പറില്‍ ലഭ്യമാകും. നിശ്ചിതസമയത്തേക്ക് മാത്രമാണ് ഈ നമ്പറിന്റെ സാധുത. ഈ സമയകാലയളവിനുള്ള ആവശ്യമെങ്കില്‍ പുതിയ താല്‍ക്കാലിക നമ്പറിലേക്ക് മാറാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ആദ്യത്തെ നമ്പര്‍ അസാധുവാകും.
മാര്‍ച്ച് ഒന്നു മുതലാണ് ഈ സംവിധാനം നിലവില്‍ വരിക. എല്ലാ ഏജന്‍സികളും തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്ന് ഈ നമ്പര്‍ അവരുടെ സേവനങ്ങളുടെ ഭാഗമായി സാക്ഷ്യപ്പെടുത്തലിന് നിര്‍ബന്ധമാക്കും. നിശ്ചയിച്ച കാലയളവിനുള്ളില്‍ ഈ സംവിധാനത്തിലേക്ക് മാറാത്ത ഏജന്‍സികള്‍ക്കുമേല്‍ പിഴ ചുമത്തുമെന്നും യു.ഐ.ഡി.എ.ഐ സര്‍ക്കുലറില്‍ പറയുന്നു.