ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് നടക്കുന്ന കള്ളത്തരങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുമെന്ന് മാധ്യമപ്രവര്‍ത്തക രചന ഖൈറ. എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് രചനയുടെ പ്രതികരണം. നേരത്തെ 500 രൂപ നല്‍കിയാല്‍ ആരുടെയും ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വാര്‍ത്ത പുറത്തു കൊണ്ടുവന്നത് രചന ഖൈറയായിരുന്നു. വാര്‍ത്ത നല്‍കിയതിനു പിന്നാലെ യുഐഡിഎഐയുടെ പരാതിയില്‍ ട്രിബ്യൂണ്‍ പത്രത്തിനും രചനക്കുമെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തിരുന്നു. താന്‍ വെളിച്ചത്തു കൊണ്ടുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും അന്വേഷണത്തിന്റെ പൂര്‍ണ വിവരം അടുത്ത ദിവസം തന്നെ പുറത്തുവിടുമെന്നും രചന പറഞ്ഞു.