ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കയ്യും കാലും കെട്ടിയിട്ട നിലയില്‍ അബോധാവസ്ഥയില്‍ മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തി. ഇവരില്‍ രണ്ടു പേര്‍ ആശുപത്രിയില്‍വച്ച് മരിച്ചു. ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണ്.

ഉന്നാവിലെ വയലിലാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. കന്നുകാലികള്‍ക്കായി പുല്ല് ശേഖരിക്കാനാണു പെണ്‍കുട്ടികള്‍ പോയതെന്ന് ഇവരുടെ ബന്ധു പറഞ്ഞു. പെണ്‍കുട്ടികള്‍ തിരികെയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കെട്ടിയിട്ട നിലയില്‍ ഇവരെ കണ്ടെത്തിയത്.

ധരിച്ചിരുന്ന വസ്ത്രം ഉപയോഗിച്ചാണ് ഇവരെ കെട്ടിയിട്ടത്. ഇവരുടെ ഉള്ളില്‍ വിഷം ചെന്നിട്ടുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി പൊലീസ് സൂചിപ്പിച്ചു. ലക്‌നൗ ഐജി അടക്കമുള്ള ഉന്നത പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.