കാണ്‍പുര്‍: ഭാര്യവീടിന് തീയിട്ടയാളെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ഹാര്‍ദോയി സ്വദേശിയും ഡ്രൈവറുമായ മുകേഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവത്തിന് ശേഷം ഭാര്യ തിരികെ വരാത്തതാണ് ഇയാളെ പ്രകോപിതനാക്കിയത്. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ബസ് സ്റ്റാന്റില്‍ നിന്നാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പ്രസവത്തിനായി പോയ ഭാര്യ മനീഷ തിരികെ വന്നില്ല. ഇതിന്റെ ദേഷ്യത്തില്‍ മുകേഷ് കുമാര്‍ ഭാര്യവീട് അഗ്നിക്കിരയാക്കുകയായിരുന്നു. ജൂഹി പോലീസ് സ്‌റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. തീപ്പിടിത്തത്തില്‍ മനീഷയും മാതാപിതാക്കളും ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പൊള്ളലേറ്റിരുന്നു. ഇവരുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചിലരുടെ ആരോഗ്യ നില ഗുരുതരമാണ്. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച ഭാര്യവീട്ടിലെത്തിയ ഇയാള്‍ ഭാര്യയോട് കൂടെവരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ മനീഷ തയ്യാറായില്ല. ഇതോടെ പ്രകോപിതനായ മുകേഷ് കുമാര്‍ പെട്രോള്‍ ഒഴിച്ച് വീടിന് തീവെയ്ക്കുകയായിരുന്നു.