ഇസ്‌ലാമാബാദ്: പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് വിമാനം റദ്ദാക്കിയതില്‍ പ്രകോപിതനായ യാത്രക്കാരന്‍ സ്വന്തം ലഗേജ് തീവെച്ച് നശിപ്പിച്ചു. ഇസ്‌ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഇവിടെനിന്ന് ഗില്‍ജിറ്റിലേക്കുള്ള വിമാനമാണ് റദ്ദാക്കിയത്. യന്ത്രത്തകരാറും പ്രതികൂല കാലാവസ്ഥയുമാണ് വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാട്ടിയ കാരണം. പ്രകോപിതനായ യാത്രക്കാരന്‍ ലഗേജില്‍ നിന്ന് വസ്ത്രമെടുത്ത് കത്തിച്ച ശേഷം മറ്റ് വസ്ത്രങ്ങള്‍ക്കും തീവെക്കുകയായിരുന്നു. തീ കെടുത്താനുള്ള ശ്രമത്തിനിടെ ഇയാളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.