സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിംഗിനിടെ രസകരമായ ഒരു സംഭാഷണവുമായി ഓസ്‌ട്രേലിയന്‍ കീപ്പറും ഈ മത്സത്തിലെ ക്യാപ്റ്റനുമായ മാത്യു വെയിഡ്. മത്സരത്തിന്റെ 9ാം ഓവറില്‍ മിച്ചല്‍ സ്വെപ്‌സണിന്റെ ഓവറില്‍ ശിഖര്‍ ധവാനെ സ്റ്റംപ് ചെയ്ത ശേഷം അമ്ബയര്‍ തേര്‍ഡ് അമ്ബയറിലേക്ക് തീരുമാനം വിട്ടപ്പോള്‍ ആണ് വിക്കറ്റിന് പിന്നില്‍ നിന്ന് മാത്യു വെയിഡില്‍ നിന്ന് രസകരമായ സംഭാഷണം വന്നത്.

ശിഖര്‍ ധവാനോട് പേടിക്കേണ്ട താന്‍ ധോണിയല്ല, ധോണിയുടെ പോലെ വേഗത തനിക്കില്ലെന്നാണ് ഓസ്‌ട്രേലിയന്‍ നായകന്‍ പറഞ്ഞത്. ധോണിയുടെ മിന്നില്‍ വേഗത്തിലുള്ള സ്റ്റംപിംഗുകളുടെ അത്രയും വേഗത തനിക്കില്ലെന്നും ധവാന്‍ ഔട്ട് ആയിട്ടില്ല പേടിക്കേണ്ട എന്ന സൂചനയാണ് വെയിഡ് നല്‍കിയത്.ആ സമയത്ത് 39 റണ്‍സ് നേടിയിരുന്ന ധവാന്‍ പിന്നീട് അര്‍ദ്ധ ശതകം തികച്ചയുടനെ പുറത്താകുകയായിരുന്നു.

അതേസമയം, മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. അവസാന ഓവറിലെ കൂറ്റന്‍ അടികളാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. 195 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് അവസാന ഓവറില്‍ 14 റണ്‍സാണ് നേടേണ്ടിയിരുന്നത്. ക്രീസില്‍ ഉണ്ടായിരുന്ന ഹര്‍ദിക് പാണ്ഡ്യ 2 സിക്‌സറുകള്‍ പറത്തി വിജയം സമ്മാനിച്ചു. 36 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ ഹാര്‍ദ്ദിക്‌ശ്രേയസ്സ് അയ്യര്‍ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. വിജയത്തോടെ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കി.

തുടക്കത്തില്‍ പന്ത് ബാറ്റില്‍ കണക്ട് ചെയ്യാന്‍ ബുദ്ധിമുട്ടിയ ഹാര്‍ദ്ദിക് 22 പന്തില്‍ 42 റണ്‍സ് നേടിയപ്പോള്‍ ശ്രേയസ്സ് അയ്യര്‍ 5 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു.ഓസ്‌ട്രേലിയയുടെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

ലോകേഷ് രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് 5.2 ഓവറില്‍ 56 റണ്‍സ് നേടിയപ്പോളേക്കും 22 പന്തില്‍ 30 റണ്‍സ് നേടിയ രാഹുലിന്റെ വിക്കറ്റ് ആന്‍ഡ്രേ ടൈ വീഴ്ത്തുകയായിരുന്നു. പിന്നീട് ധവാനും വിരാട് കോഹ്‌ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 49 റണ്‍സ് കൂടി നേടി.