ജനീവ: ലോകത്ത് പത്തില്‍ ഒരാള്‍ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവന്‍ ഡോ. മൈക്കിള്‍ റയാന്‍ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്‌സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഗരങ്ങള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെയും വിവിധ ഗ്രൂപ്പുകള്‍ക്കിടയിലും കണക്കുകള്‍ വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാല്‍, ആത്യന്തികമായി ഈ കണക്കുകല്‍ സൂചിപ്പിക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണ്. ദക്ഷിണകിഴക്കന്‍ ഏഷ്യയില്‍ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

യൂറോപ്പിലും കിഴക്കന്‍ മെഡിറ്ററേനിയനിലും കോവിഡ് മരണങ്ങളില്‍ വര്‍ധനവുണ്ട്. അതേസമയം, ആഫ്രിക്കയിലും പടിഞ്ഞാറന്‍ പസഫിക്കിലും സാഹചര്യങ്ങള്‍ കുറേക്കൂടി മെച്ചപ്പെട്ടതാണ്. നിലവിലുളള കണക്കുകള്‍ അനുസരിച്ച് ആഗോളതലത്തില്‍ പത്തുശതമാനം ആളുകള്‍ക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണെന്നും റയാന്‍ പറഞ്ഞു.