ഡല്‍ഹി: പ്രത്യേക ക്യാരക്ടറുകള്‍ അടങ്ങിയ സന്ദേശങ്ങള്‍ കാരണം വാട്ട്‌സ്ആപ്പിന് തകരാര്‍ സംഭവിക്കുന്നതായി ലോകമൊട്ടാകെ പരാതി. ചിഹ്നങ്ങളോ അക്ഷരങ്ങളോ അടങ്ങിയ പ്രത്യേക ക്യാരക്ടറുകള്‍ അടങ്ങിയിട്ടുളള നീണ്ട സന്ദേശങ്ങള്‍ ഡീകോഡ് ചെയ്യുന്നതില്‍ വാട്ട്‌സ്ആപ്പിന് വരുന്ന പിശകാണ് ഇതിന് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ബ്രസീല്‍ അടക്കമുളള പ്രമുഖ രാജ്യങ്ങളില്‍ നിന്നാണ് വാട്ട്‌സ്ആപ്പിന് എതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്. വ്യത്യസ്തമായ ക്യാരക്ടറുകള്‍ ഉപയോഗിച്ച് സന്ദേശങ്ങള്‍ അയക്കുന്നത് പതിവാണ്. എന്നാല്‍ ഇത് വ്യാഖ്യാനിക്കുന്നതില്‍ വാട്ട്‌സ്ആപ്പിന് വരുന്ന പിശകാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. പലപ്പോഴും സന്ദേശങ്ങള്‍ പൂര്‍ണ അര്‍ത്ഥത്തില്‍ ഉപയോക്താവിന് കൈമാറാനും വാട്ട്‌സ്ആപ്പിന് കഴിയാതെ വരുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കാരണം സന്ദേശങ്ങള്‍ കൈമാറാന്‍ കഴിയാതെ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനരഹിതമാകുന്ന സ്ഥിതി ഉണ്ടാവുന്നുണ്ടെന്ന് പ്രമുഖ സ്ഥാപനമായ വാബെറ്റെയ്ന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആപ്പ് തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്ന് പരാതിയില്‍ പറയുന്നു. ആപ്പ് തുടര്‍ച്ചയായി ഉപയോക്താവ് തുറക്കാനും ക്ലോസ് ചെയ്യാനും ശ്രമിച്ചാല്‍ കുറെ നേരത്തേയ്ക്ക് പൂര്‍ണമായി പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയും ഉണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.