ഭോപ്പാല്‍: ജോലി കഴിഞ്ഞ് വീട്ടില്‍ വൈകിയെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഉറങ്ങികിടന്ന ഭര്‍ത്താവിന്റെ മുഖത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു.
39കാരനായ അരവിന്ദ് ആശിര്‍വാറിന്റെ മുഖത്താണ് 35കാരിയായ ഭാര്യ ശിവകുമാരി ആശിര്‍വാര്‍ തിളച്ച എണ്ണ ഒഴിച്ചത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതര പൊള്ളലേറ്റ നിലയില്‍ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്പതികള്‍ തമ്മില്‍ ദിവസവും വഴക്ക് പതിവായിരുന്നു. ദിവസക്കൂലിക്കാരനായ അരവിന്ദ് ജോലിക്ക് ശേഷം ഏറെ വൈകി വീട്ടിലെത്തുന്നതിനെ ചൊല്ലിദിവസവും വഴക്കുണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് ഇരുവരും തമ്മിലുള്ള കലഹം മൂര്‍ച്ഛിച്ചതോടെ മറ്റു ബന്ധുക്കളെത്തി പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍ രാത്രി വഴക്കിന് ശേഷം വെളുപ്പിന് അഞ്ചുമണിക്ക് തിളച്ച എണ്ണ ഉറങ്ങികിടന്ന അരവിന്ദിന്റെ മുഖത്ത് ഒഴിക്കുകയായിരുന്നു. മുറിയില്‍നിന്ന് അരവിന്ദിന്റെ കരച്ചില്‍ കേട്ടതോടെ ബന്ധുക്കളെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

അരവിന്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവകുമാരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.