ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങളില്‍ ഇന്ത്യയുടെ ഇന്‍ഫോം ഓപണര്‍ ശിഖര്‍ ധവാന്‍ കളിക്കില്ല. അസുഖ ബാധിതയായ ഭാര്യയെ ശുശ്രൂഷിക്കാനുള്ളതിനാലാണ് ധവാന്‍ മത്സരത്തില്‍ നിന്നു വിട്ടു നില്‍ക്കുന്നത്. ധവാന്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ടീമില്‍ നിന്നും മാറ്റി നിര്‍ത്തുന്നതെന്നും പകരക്കാരനായി ആരേയും ഉള്‍പ്പെടുത്തില്ലെന്നും ബി.സി.സി.ഐ അറിയിച്ചു. നേരത്തെ ലങ്കക്കെതിരായ അവസാന ഏകദിനവും ടി 20യും കളിക്കാതെ ധവാന്‍ ഇന്ത്യയിലേക്കു മടങ്ങിയിരുന്നു. ലങ്കന്‍ പര്യടനത്തില്‍ ടെസ്റ്റിലും ഏകദിനത്തിലും മികച്ച ഫോമിലായിരുന്നു താരം. ടെസ്റ്റില്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ധവാന്‍ ഏകദിനത്തില്‍ ശതകവും നേടിയിരുന്നു. ഓസീസിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടുള്ളത്.