കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ വാദം കളവാണ്. പൊലീസിന് ആരേയും ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ലെന്നും എ.വി.ജോര്‍ജ് അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിനു വേണ്ടി വീണ്ടും ഹാജരാകാന്‍ അന്വേഷണസംഘം നാദിര്‍ഷയോട് ആവശ്യപ്പെട്ടതായാണ് വിവരം.
എ്ന്നാല്‍ നാദിര്‍ഷ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയില്‍ നാദിര്‍ഷ പറയുന്നു. തെറ്റായ കാര്യങ്ങള്‍ പറയാനാണ് പോലീസ് നിര്‍ബന്ധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിരവധി തവണ തന്നെ ചോദ്യം ചെയ്തിട്ടുണ്ടെന്നും അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ അപേക്ഷയില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം താരസംവിധായകന്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍. എന്നാല്‍ ഇത് അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് പുതിയ തന്ത്രമാണെന്നാണ് പരക്കെയുള്ള ആക്ഷേപം.