കൊച്ചി: കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. നാദിര്‍ഷ അറസ്റ്റു ഭയക്കേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നിലവില്‍ നാദിര്‍ഷക്കെതിരെ തെളിവുകളില്ലെന്ന് പൊലീസ് വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി.
്ആവശ്യമെങ്കില്‍ ചോദ്യം ചെയ്യലിനായി ഇനിയും അന്വേഷണസംഘത്തിന് നാദിര്‍ഷായെ വിളിപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. കേസില്‍ എല്ലാ സാക്ഷികളെയും പ്രതിയാക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. മുഴുവന്‍ സാക്ഷികളെയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ല. ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കും. കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ഫോണില്‍ വിളിച്ചതു കൊണ്ടു മാത്രം നാദിര്‍ഷായെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു.