ലണ്ടന്‍: വിംബിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ മുന്‍ നിര താരങ്ങളായ റോജര്‍ ഫെഡറര്‍, നൊവാക് ദ്യോകോവിച്ച് തുടങ്ങിയ താരങ്ങള്‍ നാലാം റൗണ്ടില്‍ പ്രവേശിച്ചു. ഏഴു തവണ വിംബിള്‍ഡന്‍ ചാമ്പ്യനായ ഫെഡറര്‍ ജര്‍മ്മിയുടെ മിഷ സ്വരേവിനെ 7-6, 6-4, 6-4 എന്ന സ്‌കോറിന് കീഴടക്കിയാണ് 15-ാം തവണയും വിംബിള്‍ഡന്‍ നാലാം റൗണ്ട് പ്രവേശം സാധ്യമാക്കിയത്. മൂന്നാം സീഡ് നൊവാക് ദ്യോകോവിച്ച് ഏണസ്റ്റ് ഗുല്‍ബിസിനെ 6-4, 6-1, 7-6 എന്ന സ്‌കോറിന് കീഴടക്കിയാണ് നാലാം റൗണ്ടിലെത്തിയത്. ആറാം സീഡ് സ്വിസ് താരം മിലോസ് റാവോനിച്ച് സ്‌പെയിനിന്റെ റാമോസ് വിനോലാസിനെ 7-6, 6-4, 7-5 എന്ന സ്‌കോറിന് കീഴടക്കിയപ്പോള്‍ തോമസ് ബര്‍ഡിത് ഡേവിഡ് ഫെററെ 6-3, 6-4, 6-3 എന്ന സ്‌കോറിന് തോല്‍പിച്ചു. അതേ സമയം മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡികള്‍ മൂന്നാം റൗണ്ടിലെത്തി. രോഹന്‍ ബൊപ്പണ്ണ-ദാബ്രോസ്‌കി സഖ്യം മാര്‍ട്ടിന്‍-ഒലരു സഖ്യത്തെ 7-6, 7-5 എന്ന സ്‌കോറിന് തോല്‍പിച്ചപ്പോള്‍ സാനിയ മിര്‍സ ഇവാന്‍ ഡോഡിഗ് സഖം വതന്‍യുകി-നിനോമിയ സഖ്യത്തെ 7-6, 6-2 എന്ന സ്‌കോറിന് കീഴടക്കി മൂന്നാം റൗണ്ടിലെത്തി.