തിരുവനന്തപുരം: യെമന്‍ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ രക്ഷിക്കാനായി യെമന്‍ ഗോത്ര നേതാക്കളുമായി മദ്ധ്യസ്ഥര്‍ ചര്‍ച്ച നടത്തും. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ശ്രമങ്ങള്‍ പുരോഗമിക്കുന്നത്. യെമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്.

തമിഴ്‌നാട് സ്വദേശി സാമുവല്‍ ജെറോം, മലയാളികളായ ബാബു ജോണ്‍, സജീവ് എന്നിവരാണ് മദ്ധ്യസ്ഥ ചര്‍ച്ചക്കുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തലാലിന്റെ ഗോത്രമായ അല്‍ സുവൈദി ഗോത്ര നേതാക്കളുമായാണ് ചര്‍ച്ച നടത്തുക. മറ്റ് ഗോത്ര വിഭാഗങ്ങളിലെ നേതാക്കള്‍ മുഖേനയാണ് ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയാല്‍ മാത്രമേ നിമിഷ പ്രിയയ്ക്ക് മോചനം സാധ്യമാകൂ. മറ്റ് അറബ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി മരിച്ചയാളുടെ കുടുംബം മാത്രമല്ല കുടുംബ ഗോത്രവും മാപ്പ് നല്‍കണമെന്നാണ് യെമനിലെ സാഹചര്യം. 70 ലക്ഷം രൂപ മോചനദ്രവ്യം നല്‍കേണ്ടി വരുമെന്നാണ് കരുതുന്നത്.

ഗോത്ര നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അല്‍ ബെയ്ദ ഗവര്‍ണ്ണറേറ്റിലുള്ള തലാലിന്റെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇദ്ദേഹത്തിന്റെ ജേഷ്ഠനുമായി ആദ്യഘട്ട ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. നേരത്തെ, നിമിഷ മോചനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു.