Culture
യോഗിയുടെ വൈറസും പാകിസ്താനിലെ പശുവും

സി.പി സൈതലവി
നിലവിലുള്ള ഘടനയെ മുച്ചൂടും തകര്‍ക്കാനായി അതിസൂക്ഷ്മതയോടെ കയറിപ്പറ്റുന്ന മാരക വിഷാണു ആണ് ‘വൈറസ്’ എങ്കില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനു ചാര്‍ത്തിയ ‘വിശേഷണം’ പൂര്‍വകാല പ്രാബല്യത്തോടെ തിരിച്ചെടുത്ത് സ്വന്തം ശിരസ്സില്‍ ചൂടുന്നതാകും ഉചിതം. ഇന്ത്യയുടെ രാഷ്ട്രഗാത്രത്തിലെ വൈറസ് എന്ന് ഒട്ടും പൊങ്ങച്ചമാവാതെ സ്വയം വിശേഷിപ്പിക്കാന്‍ പറ്റുന്ന പ്രസ്ഥാനം സ്വന്തമായൊന്ന് കൈവശമിരിക്കുമ്പോള്‍ ആ ‘ബഹുമതി’ മറ്റുള്ളവര്‍ക്ക് നല്‍കി ധൂര്‍ത്തടിക്കരുത്. കണക്കു പഠിക്കാന്‍ പോയി കമണ്ഡലു പിടിച്ചതാണ് ആദിത്യനാഥിന്റെ പൂര്‍വാശ്രമം. അച്ഛനമ്മമാരിട്ട പേര് അജയ്‌സിങ് ബിഷ്ത്. കണക്കു ക്ലാസില്‍ ചേര്‍ന്നതുകൊണ്ട് ചരിത്രമറിയാന്‍ നേരം കിട്ടിക്കാണില്ല. അല്ലെങ്കില്‍ അന്വേഷിക്കണം ഇന്ത്യാ മഹാരാജ്യത്തിന്റെ പ്രതിസന്ധിഘട്ടങ്ങളിലെവിടെയെങ്കിലും തന്റെ പ്രസ്ഥാനം താങ്ങായോ തണലായോ വന്നുനിന്നിരുന്നോ എന്ന്. വിഭജനത്തിന്റെ പറ്റുപുസ്തകത്തിലും മുന്നില്‍ കാണുന്ന പേരുകള്‍ താനിപ്പോഴും പാടിപ്പുകഴ്ത്തുന്ന ആചാര്യന്മാരുടേത് തന്നെ. രണ്ടു ദേശീയതകള്‍ എന്ന് ഉരുവിട്ടുരുവിട്ട് മാനസിക വിഭജനം ആദ്യം പൂര്‍ത്തിയാക്കി. പിന്നെ അനിവാര്യമാക്കി ഭൂമിശാസ്ത്രവിഭജനം.
സംഘ്പരിവാരത്തിന്റെയും യോഗി ആദിത്യനാഥിന്റെയും തലതൊട്ടപ്പനായ വിനായക ദാമോദര സവര്‍ക്കറാണ് ഇന്ത്യയിലാദ്യമായി ദ്വിരാഷ്ട്രവാദത്തിന്റെ വിത്ത് വിതച്ചത്. 1923ല്‍ എഴുതിയ ‘ഹിന്ദുത്വം’ എന്ന പ്രബന്ധത്തിലൂടെ ആദ്യം. 1937 ഡിസംബര്‍ 30ലെ ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ ചെയ്ത അധ്യക്ഷ പ്രസംഗത്തില്‍ ഒന്നുകൂടി മിനുക്കി: ‘ഇന്ത്യ ഒരു രാഷ്ട്രമായിരിക്കുമെന്ന് സങ്കല്‍പിക്കുകവയ്യ. മറിച്ച് മുഖ്യമായും അത് രണ്ടു രാഷ്ട്രങ്ങളാണ്. ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും.’ 1938ല്‍ പിന്നെയും മൂര്‍ച്ച വരുത്തി: ‘ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്.’ ആര്‍.എസ്.എസ്സുണ്ടാക്കിയ 1925 മുതല്‍ 1947 വരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഒരു പാതയോരത്തും വന്നിട്ടില്ല ഈ സംഘ്പരിവാരം. പൂര്‍ണസ്വരാജിലോ ദണ്ഡിയാത്രയിലോ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലോ നിസഹകരണ സമരത്തിലോ ആസാദ് ഹിന്ദ് ഫൗജിലോ ആദിത്യനാഥിന്റെ മുന്‍ഗാമികളെ കണ്ടിട്ടില്ല. രാജ്യസ്വാതന്ത്ര്യത്തിനു പൊരുതിയതിന് ഒരു സംഘ് ഭടനും ബ്രിട്ടന്റെ കൊലക്കയറില്‍ തൂങ്ങേണ്ടിവന്നിട്ടില്ല.
സംഘ്പരിവാരത്തിന്റെ പ്രാഗ് രൂപങ്ങളെ നയിച്ച സവര്‍ക്കറും ഗോള്‍വാള്‍ക്കറും ബല്‍രാജ് മാധോക്കും ശ്യാമപ്രസാദ് മുഖര്‍ജിയുമൊന്നും സ്വാതന്ത്ര്യസമരത്തില്‍ മാത്രമല്ല, ആധുനിക ഇന്ത്യയെ നിര്‍മിക്കുന്നതിനുള്ള ഒരു പ്രയത്‌നത്തിലും പങ്കാളിയായിട്ടില്ല. 1947 ആഗസ്ത് 14 അര്‍ധരാത്രി രാജ്യം മൂവര്‍ണക്കൊടിയുമായി സ്വാതന്ത്ര്യത്തിലേക്കു ചുവടുവെച്ച് ആഹ്ലാദാരവങ്ങളില്‍ മുങ്ങുമ്പോള്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ നാസി ഭീകരതയുടെ സ്വസ്തിക ചിഹ്നമുള്ള കാവിക്കൊടിയുയര്‍ത്തി പ്രതിഷേധം കനപ്പിക്കുകയായിരുന്നു പരിവാര്‍. 1948 ജനു. 30ന് ഗാന്ധിജിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോദ്‌സെ, വധത്തിന്റെ ന്യായീകരണമായി പറഞ്ഞ ഏഴു കുറ്റങ്ങളിലൊന്ന് മഹാത്മജി മതമൈത്രിയെ പ്രോത്സാഹിപ്പിച്ചുവെന്നായിരുന്നു. ആ കൊടുംകുറ്റവാളിയായ ഗോദ്‌സെക്ക് ക്ഷേത്രം പണിയുന്നവരാണ് രാജ്യ സേവനത്തിന്റെ നൂറുനൂറു കഥകള്‍ പറയാനുള്ള മുസ്‌ലിംലീഗിനെ ‘വൈറസ’് എന്നു വിളിക്കുന്നത്.
സ്വതന്ത്ര ഇന്ത്യയില്‍ പിറന്നുവീണ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ ചരിത്രം സംഘ്പരിവാറിനെപോലെ കറുപ്പുവീണതല്ല; വിഭജനത്തിന്റെ വിഹിതവും വാങ്ങി മറുപുറം പോയവരോട് ‘ഇനിമുതല്‍ നിങ്ങള്‍ മറ്റൊരു രാജ്യക്കാര്‍. അന്യദേശക്കാര്‍. ഞങ്ങള്‍ ഇന്ത്യയെന്ന മഹത്തായ ജന്മഭൂമിയില്‍ അഭിമാനം കൊള്ളുന്നവര്‍, ഈ മണ്ണില്‍ വിലയം പ്രാപിക്കാന്‍ നിശ്ചയിച്ചുറപ്പിച്ചവര്‍, ഞങ്ങളുടെ കാര്യങ്ങളന്വേഷിക്കാനോ ഇടപെടാനോ വരരുതെന്ന’് ഖണ്ഡിതമായി പറഞ്ഞ് തിരിഞ്ഞുനടന്ന്, സ്വന്തമായി പ്രസ്ഥാനവും വഴിയും വെളിച്ചവും കണ്ടെത്തിയവരാണ് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അനുയായികള്‍. രാഷ്ട്രപിതാവിനെപോലും കൊന്നുതള്ളിയ കാപാലിക രാഷ്ട്രീയത്തിന്റെ കുരുതിപ്പറമ്പില്‍, വേട്ടക്കാരുടെ വാളിനുമുന്നില്‍ പുത്രകളത്രാദികളുടെ കഴുത്ത് താഴ്ത്തിക്കൊടുക്കാന്‍ മനസുവരാതെ, പലായനത്തിന്റെ ഭാണ്ഡം മുറുക്കി അതിര്‍ത്തിക്കപ്പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്ന ജനകോടികളെ പിറന്നമണ്ണില്‍ ചുവടുറപ്പിച്ച് നിര്‍ത്താനുള്ള പരിശ്രമത്തില്‍, ഉച്ചത്തില്‍ നിലവിളി കേള്‍ക്കാനെങ്കിലും കൂട്ടംചേര്‍ന്നു നില്‍ക്കണമെന്ന ചിന്തയില്‍നിന്നാണ് മുസ്‌ലിംലീഗ് വരുന്നത്. മഹാത്മജി എന്ന തണല്‍മരവും നഷ്ടമായപ്പോള്‍, സ്വതന്ത്ര ഇന്ത്യക്ക് ഏഴു മാസമാകുമ്പോള്‍ കാലഘട്ടം നിര്‍ബന്ധമാക്കിയ സംഘടനാരൂപീകരണം. അവിടന്നിങ്ങോട്ടുള്ള എഴുപത്തൊന്നു വര്‍ഷത്തിലൊരു നിമിഷംപോലും രാജ്യതാല്‍പര്യത്തെ ഗൗരവത്തിലെടുക്കാത്ത ചിന്തയോ പ്രവൃത്തിയോ, മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ തമ്മിലകറ്റി സംഘര്‍ഷം വിതക്കാനുള്ള ശ്രമമോ മുസ്‌ലിംലീഗ് നടത്തിയതായി ഒരാള്‍ക്കും തെളിയിക്കാനാവില്ല.
ഒരു സംഘടനയുടെ നയവും നിലപാടുമറിയാന്‍ അതിന്റെ നേതാക്കളുടെ കര്‍മവും ചിന്തയും തൂക്കിനോക്കിയാല്‍മതി. തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളിലും വേദികളിലും അണ്ണാദുരൈക്കും കാമരാജനാടാര്‍ക്കും തന്തൈപെരിയോര്‍ക്കുമൊപ്പം ഖാഇദേമില്ലത്തിന്റെയും ചിത്രം വെക്കാറുള്ള തമിഴ്‌നാട്ടിലെ ബി.ജെ.പിക്കാര്‍ക്കു പറയാനാകുമോ മുസ്‌ലിംലീഗ് വൈറസ് ആണെന്ന്. മുസ്‌ലിംലീഗിന്റെ ശക്തിചൈതന്യമായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനെ ‘എന്തെല്ലാം രാഷ്ട്രീയ വിയോജിപ്പുകളുണ്ടെങ്കിലും അദ്ദേഹം മതമൈത്രിയുടെ പ്രതീകമാണെന്ന്’ വിശേഷിപ്പിച്ചു കേരളത്തിലെ ബി.ജെ.പി സ്ഥാപക നേതാക്കളില്‍ പ്രമുഖനായ കെ.ജി മാരാര്‍. സി.എച്ച്.എം കോയയിലെ സി=ക്രിസ്ത്യന്‍, എച്ച്=ഹിന്ദു, എം=മുസ്‌ലിം ആണെന്നായിരുന്നു മാരാരുടെ നിരീക്ഷണം.
യോഗി ആദിത്യനാഥിന്റെ ദേശീയ നേതാക്കളില്‍ പ്രമുഖനായ മുന്‍ കേന്ദ്ര സഹമന്ത്രിയും ഇപ്പോള്‍ എം.എല്‍.എയുമായ ഒ. രാജഗോപാല്‍ മുസ്‌ലിംലീഗ് കേരള സംസ്ഥാന പ്രസിഡണ്ടായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ച് എഴുതിയത് കൂടി ഇതിനോട് ചേര്‍ത്തുവെക്കാം. ‘രാഷ്ട്രീയവും മതവും വേറിട്ട് നിര്‍ത്താതെ തന്നെ എല്ലാ മതക്കാരുടെയും അംഗീകാരം പിടിച്ചുപറ്റുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നദ്ദേഹം (ശിഹാബ് തങ്ങള്‍) തെളിയിച്ചിട്ടുണ്ട്. മതവികാരങ്ങളെ രാഷ്ട്രീയലാഭത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്ന ചില രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്. അത്തരത്തിലുള്ള നേതാവായിരുന്നില്ല ശിഹാബ് തങ്ങള്‍. 1992 ഡിസംബര്‍ ആറിലെ സംഭവത്തെ തുടര്‍ന്ന് വളരെ സ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷം കേരളത്തില്‍ സൃഷ്ടിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമായിരുന്നു. പക്ഷേ ആ മാര്‍ഗം സ്വീകരിക്കുന്നതിനുപകരം മതസൗഹാര്‍ദ്ദം തുടര്‍ന്നും നിലനിറുത്താന്‍ സഹായകരമായ സമീപനമാണ് ശിഹാബ് തങ്ങള്‍ സ്വീകരിച്ചത്. ഇക്കാര്യത്തില്‍ അദ്ദേഹം പിന്തുടര്‍ന്ന നയം അദ്ദേഹത്തിന്റെ മുന്‍ഗാമിയായിരുന്ന പിതാവ് പൂക്കോയ തങ്ങള്‍ സ്വീകരിച്ച അതേ സമീപനം തന്നെയായിരുന്നു… 1960 കാലഘട്ടങ്ങളില്‍ മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് തളിക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു വിവാദം നടന്നു. അന്ന് പൂക്കോയ തങ്ങളുടെ നിലപാട് ഹിന്ദു സമൂഹം അവിടെ ഒരു ക്ഷേത്രം എന്നു പറഞ്ഞ് നിര്‍മിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കുന്നത് എന്തിന് എന്നായിരുന്നു. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്ന ഒരു സമീപനമാണ് പൂക്കോയ തങ്ങള്‍ അന്നവിടെ സ്വീകരിച്ചത്. മലപ്പുറം ജില്ലയില്‍ അങ്ങാടിപ്പുറത്ത് അവിടത്തെ പ്രബല ശക്തിയായ മുസ്‌ലിംലീഗ് അങ്ങനെയൊരു സമീപനം സ്വീകരിച്ചതുകൊണ്ട് അവിടെ ക്ഷേത്രം നിര്‍മിക്കപ്പെട്ടു. സമാധാനാന്തരീക്ഷം നിലനിന്നു. വൈരത്തിന്റെയും ഏറ്റുമുട്ടലിന്റെയും സംഘര്‍ഷത്തിന്റെയും നിലപാടുകള്‍ക്കു പകരം പരസ്പരം വികാരങ്ങള്‍ അറിഞ്ഞു സഹകരിച്ചു മുന്നോട്ടുപോകുന്ന സമീപനമാണ് പൂക്കോയ തങ്ങള്‍ സ്വീകരിച്ചത്. പിന്നീട് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുമുമ്പ് ആ ക്ഷേത്രത്തിന്റെ ഗോപുരവാതില്‍ ചില ദുഷ്ടശക്തികള്‍ തീ വെക്കുകയുണ്ടായി. ആ സമയത്ത് ശിഹാബ് തങ്ങളാണ് അവിടെ ആദ്യം എത്തിയ നേതാവ്. വ്യത്യസ്ത മതവിഭാഗക്കാര്‍ ഒന്നിച്ചു ജീവിക്കുന്ന ഒരു സംസ്ഥാന ത്ത് ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് പരസ്പര ധാരണയുടെയും വിശ്വാസത്തിന്റെയും സഹകരണത്തിന്റെയും സമീപനമാണ്. സ്ഥായിയായ സമുദായ സൗഹാര്‍ദം ഊട്ടിയുറപ്പിക്കാനുള്ള ഏറ്റവും നല്ല വഴിയാണത്.’ (ശിഹാബ് തങ്ങള്‍ സ്മരണിക 2010).
തളിക്ഷേത്ര പ്രശ്‌നത്തിലെന്നപോലെ ചാവക്കാട് മണത്തല പ്രശ്‌നത്തിലും നടുവട്ടത്തും പയ്യോളിയിലും തലശേരിയിലുമെല്ലാം സമാധാന ശ്രമങ്ങള്‍ക്കും മാധ്യസ്ഥതക്കും ജീവന്‍ പണയംവെച്ചും നേതൃത്വം നല്‍കിയ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ ധീരമായ നടപടികളും ഈ വിധം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് മുസ്‌ലിംലീഗ് എന്ന് തിരിച്ചറിയാഞ്ഞിട്ടല്ല; കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്‌നം കാണുന്ന ബി.ജെ.പിക്ക് ആശയക്കുഴപ്പത്തിന്റെ കറുത്ത പുകപടലങ്ങള്‍ക്കുള്ളിലൂടെയല്ലാതെ ജനങ്ങളെ സമീപിക്കാനാവില്ല എന്നതുകൊണ്ട് ആദിത്യനാഥന്മാര്‍ ഈ ആക്രോശം തുടര്‍ന്നുകൊണ്ടിരിക്കും. മുഖ്യമന്ത്രിയാവാന്‍ ചരിത്രവും സാഹിത്യവുമൊക്കെ പഠിക്കണമെന്ന് എവിടെയും എഴുതിവെച്ചിട്ടില്ല. സത്യമേ പറയാവൂ എന്ന് വാശിയും കാണില്ല. എന്നാലും വിഷം പരത്തുന്നത് 20 കോടി ജനസംഖ്യയുള്ള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകുമ്പോള്‍ അതിന് ഒരു ഔദ്യോഗിക പ്രസ്താവനയുടെ സ്വഭാവം കൈവരും.
പ്രസിദ്ധ പത്രപ്രവര്‍ത്തകനും പ്രമുഖ സാഹിത്യകാരനുമായിരുന്ന എം.പി നാരായണപിള്ള (1939- 1998) മരിക്കുന്നതിനു ഏതാനും വര്‍ഷം മുമ്പ് എഴുതിയ ഒരു നിരീക്ഷണമുണ്ട്. ‘അഖിലേന്ത്യാ തലത്തില്‍ മുസ്‌ലിം രാഷ്ട്രീയം ഇപ്പോഴും ന്യൂനപക്ഷരോദനമായി തുടരുകയാണ്. കേരളത്തിലെ ലീഗിന്റെ നിലവാരത്തിലേക്ക് അഖിലേന്ത്യാ തലത്തിലെ മുസ്‌ലിം രാഷ്ട്രീയത്തിന് ഉയരാന്‍ പറ്റിയാല്‍ ഇന്ത്യയില്‍ ഇന്നു കാണുന്ന പല വര്‍ഗീയ പ്രശ്‌നങ്ങളും ഇല്ലാതാകും. അധികാരത്തില്‍ തുല്യപങ്കാളികളാണ് തങ്ങളെന്ന ആത്മവിശ്വാസം ഓരോ സംസ്ഥാനത്തെയും ന്യൂനപക്ഷങ്ങള്‍ക്കുണ്ടാക്കുകയാണ് യഥാര്‍ഥ പരിഹാരം. കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധതയുടെ വലിയ നേട്ടമായിരുന്നു മുസ്‌ലിം രാഷ്ട്രീയത്തെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സാധിച്ചത്’ (1993).
എവിടെ മുസ്‌ലിംലീഗിന്റെ പച്ചക്കൊടി പറക്കുന്നുവോ അവിടെ മതമൈത്രി പൂവിട്ടുനില്‍ക്കുന്നുവെന്നും എവിടെ മുസ്‌ലിംലീഗിന്റെ സാന്നിധ്യമുണ്ടോ അവിടെ അശരണര്‍ക്കഭയമായി ജീവകാരുണ്യത്തിന്റെ തണല്‍മരം തളിര്‍ത്തുനില്‍ക്കുന്നുവെന്നും തിരിച്ചറിയാന്‍, കൊല്ലുകയും കൊല്ലിക്കുകയും ചെയ്തു മാത്രം ശീലിച്ച ശിലാഹൃദയര്‍ക്കു സാധിക്കില്ല.
മുസ്‌ലിംലീഗിനെതിരെ ‘വൈറസ്’ പ്രയോഗിക്കാന്‍ യോഗി ആദിത്യന്‍ കണ്ടെത്തിയ സ്ഥലംമതി ആരാണ് മാരകവിഷമെന്ന് ഒരു വ്യാഖ്യാനവും കൂടാതെ മനസ്സിലാക്കാന്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് ട്വിറ്ററില്‍ കുറിക്കുംമുമ്പ് ആദിത്യനാഥ് വിഷംവമിക്കുന്ന പ്രസ്താവന ആദ്യം ചെയ്തത്. 15 ലക്ഷത്തോളംപേര്‍ പങ്കെടുത്ത തബ്‌ലീഗ് ജമാഅത്ത് സമ്മേളന നഗറിനടുത്ത ഗ്രാമത്തില്‍ ഗോവധം ആരോപിച്ച് ആള്‍ക്കൂട്ടക്കൊല അരങ്ങേറിയ സ്ഥലമാണ് ബുലന്ദ്ഷഹര്‍. സമ്മേളനം കഴിഞ്ഞ് പ്രതിനിധികള്‍ പിരിഞ്ഞുപോകുന്ന ദിവസത്തിലാണ് അയല്‍ഗ്രാമങ്ങളായ ചിംഗ്രാവതി, മഹാവ് എന്നിവിടങ്ങളില്‍ സംഭവം അരങ്ങേറിയത്. കലാപം ആസൂത്രണം ചെയ്ത് പശുക്കളെ കൊന്നിടുകയായിരുന്നു. അന്വേഷിക്കാനെത്തിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ്കുമാര്‍ സിംഗിനെയും സുമിത്കുമാര്‍ എന്ന യുവാവിനെയും തല്‍ക്ഷണം വെടിവെച്ചുകൊന്നു. ദാദ്രിയില്‍ ബീഫിന്റെ പേര് പറഞ്ഞ് മുഹമ്മദ് അഖ്‌ലാഖിനെ കുടുംബത്തിനു മുന്നില്‍വെച്ച് നിഷ്ഠൂരമായി തല്ലിക്കൊന്ന കേസ് ആദ്യമന്വേഷിച്ച സത്യസന്ധനായ പൊലീസ് ഓഫീസറായിരുന്നു സുബോധ്കുമാര്‍ സിംഗ്. പ്രതികളെ മുഴുവന്‍ വലയില്‍ വീഴ്ത്താന്‍ തന്ത്രപൂര്‍വം കെണിയൊരുക്കിയ ആ ഉദ്യോഗസ്ഥനെ മുംബൈയില്‍ ഹേമന്ദ്കര്‍ക്കരെയെ കൊന്ന തരത്തില്‍ ഉന്മൂലനം ചെയ്യാന്‍കൂടി ആസൂത്രണം ചെയ്തായിരുന്നു ബുലന്ദ്ഷഹര്‍ കലാപം. എന്നിട്ടും സംഘ്പരിവാര ആക്രമണങ്ങളിലെ നരേന്ദ്രമോദിയുടെ പ്രതികരണരീതിപോലെ സംഭവം നടന്ന് നാലു ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി ആദിത്യനാഥ് ഒന്നു വാ തുറന്നത്.
പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊല്ലുകയും കലാപമഴിച്ചുവിടുകയും ചെയ്യുമ്പോള്‍ ലൈറ്റ് ആന്റ് ഷോ ആസ്വദിക്കുകയായിരുന്ന യോഗി നാലാം നാള്‍ പറഞ്ഞത് ‘ആ മരണം വെറും ആകസ്മിക സംഭവം’ എന്നായിരുന്നു. വി.എച്ച്.പിയും ബജ്‌റംഗ്ദളും നടപ്പാക്കുന്ന പദ്ധതികളെല്ലാം വെറും ‘യാദൃച്ഛികമോ’ ‘ആകസ്മിക’-മോ ആണ് ഈ യോഗിയായ മുഖ്യമന്ത്രിക്ക്. വിശപ്പടക്കാന്‍ വേണ്ടി ഒരു കഷ്ണം ഇറച്ചിതിന്നാല്‍ വധിക്കപ്പെടുന്ന, ബീഫ് കഴിക്കുന്നവരെ പിടികൂടാന്‍ വാനരസേന പ്രവര്‍ത്തിക്കുന്ന നാട്ടില്‍, ഇതേ ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍നിന്നാണ് മാസങ്ങള്‍ക്കുമുമ്പ് 7000 ടണ്‍ പശുമാംസം സാക്ഷാല്‍ പാക്കിസ്താനിലേക്ക് കയറ്റി അയച്ചത്. ഉത്തര്‍പ്രദേശിലെ 11000 ഗോക്കളെ കൊലക്കത്തിക്കിരയാക്കി നടത്തിയ ഇറച്ചിക്കച്ചവടം. ഗോ മാംസം കഴിക്കേണ്ടവര്‍ പാക്കിസ്താനിലേക്കു പോവുക എന്നു സംഘ്പരിവാരം പറയുമ്പോള്‍ ആരും ഇത്രയ്ക്കു പ്രതീക്ഷിച്ചുകാണില്ല. സാധനം അങ്ങോട്ട് കയറ്റി അയക്കുകയാണ്. അവിടെ പോയി കാശ് മുടക്കി തിന്ന് തങ്ങളുടെ കച്ചവടം മെച്ചപ്പെടുത്തൂ എന്ന്.
വിഖ്യാത ചലച്ചിത്ര പ്രതിഭകളായ നസ്‌റുദ്ദീന്‍ ഷായും അമീര്‍ഖാനും രാജ്യദ്രോഹികളാണെന്നും അവര്‍ പാക്കിസ്താനില്‍ പോകട്ടേ എന്നും ഇക്കഴിഞ്ഞ ജനുവരിയില്‍ അലിഗഡിലെ പൊതുപരിപാടിയില്‍ പ്രസംഗിച്ച ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ്‌കുമാറിന്റെ ആത്മമിത്രമായ ആദിത്യയോഗിയുടെ നാട്ടിലാണ് ഈ പാകിസ്താന്‍ പശുവിറച്ചിക്കച്ചവടം എന്നോര്‍ക്കുക.
സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പതിനായിരക്കണക്കിന് വര്‍ഗീയകലാപങ്ങള്‍ നടത്തി ലക്ഷക്കണക്കിനു ജീവഹാനിക്കും കോടിക്കണക്കിന് പേരുടെ ജീവിതദുരിതങ്ങള്‍ക്കും വഴിയൊരുക്കിയതിന്റെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ ചികഞ്ഞാല്‍ അവിടെയെങ്ങും ഒരൊറ്റ മുസ്‌ലിംലീഗുകാരനെയും കാണില്ല. പകരം പ്രതിസ്ഥാനത്തുണ്ടാകും സംഘ്പരിവാരത്തിന്റെ ഏതെങ്കിലുമൊരു ശാഖ.
ഗോരഖ്പൂരിലെ ആസ്പത്രിയില്‍നിന്ന് പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ച നവജാതശിശുക്കളിലൊന്നിന്റെ മൃതദേഹവും മാറില്‍ചേര്‍ത്ത് മോട്ടോര്‍സൈക്കിളിന്റെ പിറകില്‍ വീട്ടിലേക്കുകൊണ്ടുപോകുന്ന അമ്മയുടെ ചിത്രം ആരും മറന്നുകാണില്ല. ഗോരഖ്പൂരിലെ രാഘവ്ദാസ് മെമ്മോറിയല്‍ ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ലഭിക്കാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചൊടുങ്ങുന്നത് കണ്ട് സഹിക്കാനാവാതെ, സ്വന്തം കീശയില്‍നിന്ന് പണമെടുത്ത് ഓക്‌സിജന്‍ വാങ്ങി എത്തിച്ച കുറ്റത്തിനാണ് ഡോ. ഖഫീല്‍ഖാനെ അറസ്റ്റ് ചെയ്തത്. 415 കുട്ടികള്‍ വരെ ഒരു മാസം ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ മരണപ്പെടുന്ന ദുരവസ്ഥ ഒഴിവാക്കാന്‍ ശ്രമിച്ചതായിരുന്നു ഖഫീല്‍ഖാന്റെ തെറ്റ്. ഉന്നതങ്ങളിലെ വീഴ്ചക്ക് ഖഫീല്‍ഖാനെ പ്രതിയാക്കി ജയിലിലടച്ചത് മുഖ്യമന്ത്രി ആദിത്യനാഥ് ആസ്പത്രി സന്ദര്‍ശിച്ചുപോയതിന്റെ തൊട്ടടുത്ത മണിക്കൂറിലാണ്. ഉത്തര്‍പ്രദേശ് നിയമസഭയിലേക്കു പ്രധാന ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഒരൊറ്റ സ്ഥാനാര്‍ഥിയുമില്ലാതെ 325 സീറ്റ് വാങ്ങി ബി.ജെ.പി ജയിച്ചപ്പോള്‍ ആദിത്യനാഥിനു ലഭിച്ച ചങ്കുറപ്പില്‍നിന്നാണ് ഈ തരം ‘വൈറസ്’ ബാധകള്‍ വരുന്നത്. ഒരു പ്രത്യേക സമുദായത്തിന്റെ ജനസംഖ്യ വര്‍ധിച്ചതാണ് പടിഞ്ഞാറന്‍ യു.പിയിലെ വര്‍ഗീയ കലാപങ്ങള്‍ക്കു കാരണമെന്നും തെക്കന്‍ യു.പിയില്‍ കലാപങ്ങളില്ലാത്തതിന്റെ കാരണം നിങ്ങള്‍ക്കു മനസ്സിലാവുമെന്നും പറഞ്ഞത് ഇതേ യോഗിയാണ്. ന്യൂനപക്ഷങ്ങള്‍ 10 മുതല്‍ 20 ശതമാനം വരെയുള്ള സ്ഥലങ്ങളില്‍ വളരെ കുറച്ചെ കലാപമുള്ളൂവെന്നും 35 ശതമാനത്തിനു മുകളിലുള്ളിടത്ത് മുസ്‌ലിംകളല്ലാത്തവര്‍ക്കു ജീവിക്കാനേ കഴിയില്ലെന്നും പറഞ്ഞതിലപ്പുറം മറ്റെന്ത് വൈറസുണ്ട്.
മദര്‍ തെരേസയും ഷാരൂഖ്ഖാനും നവജ്യോത് സിങ് സിദ്ദുവുമൊന്നും ഈ ‘വൈറസ്’ ബാധയില്‍നിന്ന് രക്ഷപ്പെട്ടിട്ടില്ല. മതസൗഹാര്‍ദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യം ചിത്രീകരിച്ച സോപ്പ് പൊടി ബഹിഷ്‌കരിക്കണമെന്ന് പറയുന്ന അനുയായികളുള്ള നേതാവില്‍ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാന്‍?
ലോകം ഇന്ത്യയെ ഉറ്റുനോക്കുന്ന സങ്കീര്‍ണ സന്ദര്‍ഭങ്ങളില്‍ ഐക്യരാഷ്ട്രസഭയില്‍ രാജ്യത്തിന്റെ ശബ്ദമുയര്‍ത്താന്‍ മുസ്‌ലിംലീഗിലെ ഇ. അഹമ്മദിനാണ് പ്രാപ്തി എന്ന് തിരിച്ചറിഞ്ഞാദ്യം അയച്ചത് ആദിത്യനാഥിന്റെ ആദ്യ പ്രധാനമന്ത്രിയായ എ.ബി വാജ്‌പേയ് ആയിരുന്നു. ലബനാനില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ ബന്ധികളാക്കപ്പെട്ടപ്പോള്‍ നയതന്ത്ര പരാജയത്തിന്റെ പടുകുഴിയിലേക്ക് രാജ്യം വീണുപോകുമോ എന്നു ശങ്കിച്ച സന്ദര്‍ഭത്തില്‍ ഇപ്പോഴത്തെ വിദേശകാര്യമന്ത്രി സുഷമാസ്വരാജും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ അധ്യക്ഷനായ ഇ. അഹമ്മദിനോട് സഹായമഭ്യര്‍ഥിച്ചത് നാലു വര്‍ഷം മുമ്പാണ്. കൊടും തണുപ്പില്‍ അനാരോഗ്യം വകവെക്കാതെ കശ്മീരിലെ ഉറിയിലെത്തി സമാധാനശ്രമങ്ങള്‍ക്ക് മുന്‍കൈ എടുത്ത ഇ. അഹമ്മദിനെക്കുറിച്ച് അന്ന് സംഘത്തെ നയിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങിനോട് ചോദിച്ചാല്‍ മതി. ലോക രാഷ്ട്രങ്ങളുമായി ഇന്ത്യന്‍ നയതന്ത്രബന്ധം ഊട്ടിയുറപ്പിച്ച, പാകിസ്താന്‍ കരുനീക്കങ്ങളെ ഐക്യരാഷ്ട്രസഭാ വേദികളില്‍ തകര്‍ത്തെറിയാറുള്ള, മുസ്‌ലിംലീഗിന്റെ പച്ചപ്പതാകയേന്തി പാര്‍ലമെന്റിലെത്തിയ അതേ ഇ. അഹമ്മദിനെ. ലോകോത്തര നിയമ സംഹിതയായ ഇന്ത്യന്‍ ഭരണഘടനയെ ചിട്ടപ്പെടുത്തുന്നതില്‍ പങ്ക് വഹിച്ച നിയമവിശാരദന്മാരായ ഖാഇദെമില്ലത്ത്, ബി. പോക്കര്‍ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം സാഹിബ് തുടങ്ങിയവര്‍ ഭരണഘടനാ നിര്‍മാണസഭയിലിരിക്കെ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സാരഥ്യം വഹിക്കുകയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ അധ്യക്ഷതയില്‍ പൂര്‍ണസ്വരാജ് പ്രഖ്യാപിച്ച 1929ലെ ലാഹോര്‍ എ.ഐ.സി.സിയില്‍ കേരളത്തെ പ്രതിനിധീകരിച്ച മൂവരില്‍ ഒരാളായ, മഹാത്മാഗാന്ധിയുടെ പ്രസംഗ പരിഭാഷകനായ കെ.എം സീതി സാഹിബാണ് ഖാഇദെമില്ലത്തിനൊപ്പം ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് സ്ഥാപിച്ചത്.
ഭരണഘടനാശില്പി ബി.ആര്‍ അംബേദ്കറെ ആദിത്യനാഥിന്റെ പൂര്‍വികര്‍ തലപൊക്കാനനുവദിക്കാതെ തോല്‍പ്പിച്ചുവിട്ടപ്പോള്‍ ബംഗാളില്‍ മുസ്‌ലിംലീഗിന്റെ സീറ്റില്‍ നിര്‍ത്തി ജയിപ്പിച്ചാണ് ആ മഹാപ്രതിഭയെ ഇന്ത്യന്‍ ഭരണഘടനാനിര്‍മാണ സഭയിലെത്തിച്ചതെന്നത് ചരിത്രമൊന്ന് പരതിയാല്‍ കിട്ടും.
രാജ്യത്തെ പ്രഥമ ദലിത് രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ദേശീയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും ഊക്കോടെ തള്ളി തോല്‍പിക്കാനൊരുമ്പെട്ടപ്പോള്‍ കോണ്‍ഗ്രസിനോട് കൈകോര്‍ത്ത്‌നിന്ന് മുസ്‌ലിംലീഗാണ് കരുത്ത് പകര്‍ന്നത്. ഇവ്വിധം ചരിത്രത്തിലെവിടെയെങ്കിലും ഇന്ത്യന്‍ ജനതയുടെ പ്രതിസന്ധികളില്‍ പിന്‍ബലമേകാന്‍ ആദിത്യനാഥിന്റെ പാര്‍ട്ടിക്കാര്‍ വന്നിട്ടുണ്ടോ? ബീഫിന്റെയും ലൗജിഹാദിന്റെയും പേരുപറഞ്ഞ് നിരപരാധികളായ ദലിത്-ന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഹിന്ദുത്വ യുവവാഹിനി എന്ന സായുധ സംഘം നിര്‍മിച്ച് രാജ്യത്തിന്റെ സ്വസ്ഥത തകര്‍ക്കുന്ന മാരക വൈറസായി പ്രവര്‍ത്തിക്കുന്നതല്ലാതെ മടിയില്‍ ഒരു കുരങ്ങുമായി മുഖ്യമന്ത്രി കസേരയിലിരിക്കുന്ന യോഗി ആദിത്യനാഥ് എന്ത് നന്മയാണ് ഇന്ത്യക്കു നല്‍കിയത്. ഏതായാലും കേരളത്തിലെ ഫാസിസ്റ്റ് കൊടിയേറ്റത്തിന് വഴിമുടക്കുന്ന മുസ്‌ലിം ലീഗ് എന്ന ആന്റി വൈറസ് ദേശീയ രാഷ്ട്രീയത്തിലും ഫലിച്ചുതുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തം. അതിന്റെ ലക്ഷണമാണ് മാരക വൈറസുകള്‍ ഓരോന്നായി പുറത്തുചാടുന്നത്.
Film
ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ
മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള റിലീസായി എത്താൻ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ, ഗാനങ്ങൾ എന്നിവയെല്ലാം സമൂഹ മാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും റിലീസ് ചെയ്യുന്ന ചിത്രം ഗംഭീര പാൻ ഇന്ത്യൻ റിലീസാണ് ലക്ഷ്യമിടുന്നത്. തമിഴിൽ എ ജി എസ് എൻ്റർടൈൻമെൻ്റ് വിതരണം ചെയ്യുന്ന ചിത്രം തെലുങ്കിൽ വിതരണം ചെയ്യുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ഹിന്ദിയിൽ വൈഡ് ആംഗിൾ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചിത്രം പ്രദർശനത്തിന് എത്തിക്കുമ്പോൾ, കന്നഡയിൽ എത്തിക്കുന്നത് ബാംഗ്ലൂർ കുമാർ ഫിലിംസ് ആണ്. ഐക്കൺ സിനിമാസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസ്സൻ, യു .എ .ഇ യിലെ ബിൽഡിങ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ഫാർസ് ഫിലിംസ് ഗൾഫിൽ വിതരണം ചെയ്യുന്ന ചിത്രത്തിൻ്റെ, റെസ്റ്റ് ഓഫ് ദ് വേൾഡ് വിതരണം ബർക്ക്ഷെയർ ആണ്.
വളരെ പ്രസക്തമായ ഒരു വിഷയമാണ് ചിത്രം ചർച്ച ചെയ്യുന്നത് എന്നും ടോവിനോ തോമസിൻ്റെ ഗംഭീരമായ പ്രകടനമാണ് ചിത്രത്തിൽ ഉള്ളതെന്നുമാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ഏറെ ആകാംഷയും ആവേശവും നിറക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്ലർ കാണിച്ചു തരുന്നത്. കേരള ചരിത്രത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ പറയുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുക്കിയ നരിവേട്ടയിലൂടെ പ്രശസ്ത തമിഴ് നടനായ ചേരൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നു. ടോവിനോ തോമസ്, ചേരൻ എന്നിവർ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ, എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്. തന്റെ വ്യത്യസ്തമായ സിനിമാ തിരഞ്ഞെടുപ്പുകളിലൂടെയും വേഷപ്പകർച്ചകളിലൂടെയും ഒരു നടനെന്ന നിലയിലും, വമ്പൻ ബോക്സ് ഓഫീസ് ഹിറ്റുകളിലൂടെ ഒരു താരമെന്ന നിലയിലും ഇന്ന് മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന ടോവിനോ തോമസിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി നരിവേട്ട മാറുമെന്ന പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് അണിയറ പ്രവർത്തകർ. എൻ എം ബാദുഷയാണ് നരിവേട്ടയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
ഛായാഗ്രഹണം – വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട് – ബാവ, കോസ്റ്യൂം ഡിസൈൻ – അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ -ഷെമി ബഷീർ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
news
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന.

ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. നഗരത്തിലെ കോവിഡ്19 നിരക്ക് ഇപ്പോള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹോങ്കോങ്ങിലെ സെന്റര്‍ ഫോര്‍ ഹെല്‍ക്ക് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിള്‍ ഡിസീസ് ബ്രാഞ്ചിന്റെ തലവനായ ആല്‍ബര്‍ട്ട് ഓ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
മേയ് മൂന്ന് വരെ 31 ഗുരുതര കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ രണ്ട് വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ നിരക്ക് അത്ര കൂടുതലല്ലെങ്കിലും വൈറസ് പടരുന്നു എന്ന് തന്നെയാണ് കണക്കുകള്‍ പറയുന്നത്. കോവിഡ് ലക്ഷണങ്ങളുമായി ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. മേയ് മൂന്നിന് അവസാനിച്ച ആഴ്ചയില്‍ കോവിഡ് കേസുകള്‍ മുന്‍ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വര്‍ധിച്ചു. ിതോടെ രോഗികളുടെ എണ്ണം 14,200 ആയി. ജനങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞതാവാം വൈറസ് പടരാന്‍ കാരണമെന്നാണ് സിംഗപ്പൂര്‍ ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വര്‍ധിച്ചുവരികയാണ്. ചൈനയിലും പുതിയ കോവിഡ് തരംഗം രൂപപ്പെട്ടതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
-
kerala3 days ago
ഗഫൂറിനെ കടുവ കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോയി, നിലവിളിക്കാന്‍പോലുമായില്ല’ ദൃക്സാക്ഷിയായ സമദ്
-
news2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്
-
india3 days ago
പാകിസ്താന്‍ പതാകയും മറ്റു അനുബന്ധ വസ്തുക്കളും വില്‍ക്കരുത്; ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് നോട്ടീസ്
-
india3 days ago
യുപിയില്‍ മുസ്‌ലിം മതസ്ഥാപനങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍ രാജ്; മദ്രസകളും, പള്ളികളുമടക്കം 280 സ്ഥാപനങ്ങള്‍ തകര്‍ത്തു
-
india3 days ago
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ജോണ്‍ ബര്‍ള തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്
-
kerala3 days ago
വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ചു; സിപിഎം എംഎല്‍എക്കെതിരെ പരാതി
-
kerala2 days ago
സംസ്ഥാനത്ത് വീണ്ടും കോളറ മരണം; ആലപ്പുഴയില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു