ടിക്‌ടോക്ക് നിരോധനത്തിന്റെ ആഘാതത്തില്‍ നിന്ന് ക്രിയേറ്റര്‍മാരും ആരാധകരും ഇനിയും മോചിതരായിട്ടില്ല. ടിക്ടോക് ബദല്‍ എന്ന പേരില്‍ ഒട്ടേറെ ആപ്പുകള്‍ ഇതിനോടകം രംഗത്തിറങ്ങിയെങ്കിലും ടിക്‌ടോക് വിഡിയോകളുടെ പുനസംപ്രേഷണം അല്ലാതെ പുതുതായി ഉള്ളടക്കവും പുതിയൊരു ശൈലിയും സൃഷ്ടിക്കുന്നതില്‍ മിക്കവയും പരാജയപ്പെട്ടു.

ഇപ്പോള്‍ ടിക്‌ടോക്കിന്റെ സ്ഥാനം ഏറ്റെടുക്കാന്‍ പുതിയൊരു ശ്രമവുമായി എത്തിയിരിക്കുന്നത് യുട്യൂബ് ആണ്. യുട്യൂബ് ഷോട്‌സ് എന്ന പുതിയ മാര്‍ഗമാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇന്‍സ്റ്റഗ്രാം റീല്‍സ് പോലെ തന്നെ യുട്യൂബ് ആപ്പിനുള്ളില്‍ തന്നെയാണ് യുട്യൂബ് ഷോട്‌സും അവതരിപ്പിക്കുക. ക്രിയേറ്റര്‍മാര്‍ക്കായി പുതിയ ടൂളുകള്‍ വേറെയും അവതരിപ്പിക്കുന്നുണ്ട്. നിലവില്‍ യുട്യൂബ് ആപ്പിന്റെ ഹോം പേജില്‍ രണ്ടാമത്തെ വരിയില്‍ ഷോട്‌സ് എന്ന തലക്കെട്ടില്‍ അവതരിപ്പിച്ചിരിക്കുന്ന ചെറുവിഡിയോകളുടെ വിപുലമായ അവതരണമായിരിക്കും യുട്യൂബ് ഷോട്‌സ്. ടിക്‌ടോക് നിരോധനം നിലവിലുള്ള, ഏറ്റവുമധികം ടിക്‌ടോക് ആരാധകരുള്ള ഇന്ത്യയിലായിരിക്കും യുട്യൂബ് ഷോട്‌സ് ആദ്യമെത്തുക എന്നും യു ട്യൂബ് ബ്ലോഗ്‌പോസ്റ്റില്‍ പറയുന്നു.

15 സെക്കന്‍ഡോ അതില്‍ താഴെയോ ദൈര്‍ഘ്യം വരുന്ന ഹ്രസ്വ വിഡിയോകള്‍ നിര്‍മിക്കാന്‍ സൗകര്യം. ക്രിയേറ്റര്‍മാര്‍ക്കായി പുതിയ ഇന്റര്‍ഫെയ്‌സ്, വിഡിയോ ചിത്രീകരിക്കാനുള്ള ടൂളുകള്‍.ഒന്നിലേറെ വിഡിയോ ക്ലിപ്പുകള്‍ ഒന്നിച്ചു ചേര്‍ത്തു വിഡിയോ നിര്‍മിക്കാന്‍ മള്‍ട്ടി സെഗ്മെന്റ് ക്യാമറ.ടിക്‌ടോക്കിലെപ്പോലെ തന്നെ സംഗീതത്തോടൊപ്പം വിഡിയോ ചിത്രീകരിക്കാന്‍ റെക്കോര്‍ഡ് വിത്ത് മ്യൂസിക് ഓപ്ഷന്‍.വിഡിയോയുടെ വേഗം നിര്‍ണയിക്കാനും നിയന്ത്രിക്കാനും സ്പീഡ് കണ്‍ട്രോള്‍ സംവിധാനം.ഫോണ്‍ കയ്യില്‍ പിടിക്കാതെ വിഡിയോ ചിത്രീകരിക്കാന്‍ സൗകര്യത്തിന് ടൈമര്‍, കൗണ്ട്ഡൗണ്‍ സംവിധാനങ്ങള്‍.എന്നിവയാണ് യുട്യൂബ് ഷോട്‌സിന്റെ സവിശേഷതകള്‍

വീഡിയോകള്‍ക്കൊപ്പം ചേര്‍ക്കാന്‍ ഒരു ലക്ഷത്തിലേറെ മ്യൂസിക് ട്രാക്കുകളാണ് യുട്യൂബ് ഷോട്‌സില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഫോട്ടോ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിന് റീല്‍സ് വഴി നേടാനാകാത്തത് വിഡിയോ പ്ലാറ്റ്‌ഫോമായ യുട്യൂബിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് യുട്യൂബ് ഷോട്‌സ് അവതരിപ്പിക്കുന്നത്.