റിയാദ്: മതപണ്ഡിതനും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനുമായ ഡോ.സാകിര്‍ നായികിന് സഊദി അറേബ്യന്‍ ഭരണകൂടം പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഇന്റര്‍പോള്‍ അറസ്റ്റ് ഒഴിവാക്കുന്നതിനാണ് സഊദി പൗരത്വം നല്‍കിയതെന്നാണ് വിവരം. സാകിര്‍ നായികിന് പൗരത്വം നല്‍കുന്നതിന് സഊദി രാജകുടുംബം തന്നെ മുന്‍കൈയെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
സാകിര്‍ നായികിനെതിരെ ഇന്ത്യന്‍ കോടതി രണ്ടാമതും അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചതിനു പിന്നാലെയാണ് പൗരത്വം സംബന്ധിച്ച വാര്‍ത്ത പുറത്തുവന്നത്.
സാകിര്‍ നായിക് ഇപ്പോള്‍ സഊദിയിലുണ്ടെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാര്‍ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിരോധിക്കുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം വിദേശത്തു തന്നെ തങ്ങുന്നത്.
സാകിര്‍ നായികിന് മലേഷ്യന്‍ പൗരത്വം ലഭിച്ചുവെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അക്കാര്യം മലേഷ്യ നിഷേധിച്ചിരുന്നു.
യു.എപി.എ നിയമപ്രകാരമാണ് സാകിര്‍ നായികിന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ചാനലായ പീസ് ടിവിയുമായി ഇസ്‌ലാമിക് ഫൗണ്ടേഷന് ബന്ധമുണ്ടെന്ന കാരണം പറഞ്ഞാണ് കേന്ദ്രം നിരോധനമേര്‍പ്പെടുത്തിയത്. പീസ് ടിവി തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തി സാകിര്‍ നായിക് യുവാക്കളെ വഴിതെറ്റിക്കുന്നുവെന്നുമുള്ള ആരോപണങ്ങളാണ് സാകിര്‍ നായികിനും സംഘടനക്കുമെതിരെയുള്ള പ്രധാന ആരോപണം. ധാക്ക ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സാകിര്‍ നായികിന്റെ പ്രബോധനം സ്വാധീനിച്ചതായി ഫേസ്ബുക്കില്‍ കുറിച്ചതിനു പിന്നാലെയാണ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെതിരെ അന്വേഷണം വന്നത്.