ക്വലാലംപൂര്‍: സാകിര്‍ നായികിനെ ഇന്ത്യക്കു വിട്ടുതരാതിരിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാദിര്‍ മുഹമ്മദ്. മലേഷ്യയില്‍ കഴിയുന്ന സാകിര്‍ നായികിനെ നാട്ടിലെത്തിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. കേസില്‍ ശരിയായ വിചാരണ നടക്കുമെന്ന് തനിക്ക് പ്രതീക്ഷയില്ലെന്ന്് സാകിര്‍ നായിക് നേരത്തെ പറഞ്ഞിരുന്നു.

സാകിര്‍ നായികുമായി ബന്ധപ്പെട്ട കേസില്‍ ശരിയായ രീതിയിലുള്ള വിചാരണ ഇന്ത്യയില്‍ നടക്കില്ലെന്നാണ് പൊതുവിലുള്ള അഭിപ്രായം-മഹാദിര്‍ പറയുന്നു.

മതസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും ശത്രുതയും വളര്‍ത്തുന്ന രീതിയില്‍ നിയമത്തിനെതിരായി പ്രവര്‍ത്തിച്ചുവെന്ന കുറ്റമാരോപിച്ച് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത യു.എ.പി.എ കേസിലാണ് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെ നടപടി. സാകിര്‍ നായികിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. ഇതുവരെ സാകിര്‍ നായികിന്റെ 50 കോടിയോളം വരുന്ന ആസ്തി കണ്ടുകെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം മാത്രം കോടിക്കണക്കിനു രൂപയാണ് സാകിര്‍ നായികിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ ട്രസ്റ്റിലേക്കും വന്നതെന്ന് അന്വേഷണ സംഘം പറയുന്നു.

2016ലാണ് സാകിര്‍ നായിക് ഇന്ത്യ വിട്ടു മലേഷ്യയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് മലേഷ്യയില്‍ സ്ഥിരമാക്കുകയായിരുന്നു.