Connect with us

Video Stories

അതിവേഗം ചുട്ടെടുത്ത നിയമങ്ങള്‍

Published

on


എ. റഹീംകുട്ടി

പുതിയ നിയമനിര്‍മ്മാണങ്ങള്‍ ഒന്നൊന്നായി ദോശ ചുട്ടെടുക്കുന്ന വേഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ദിനംപ്രതി നിയമമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ വര്‍ത്തമാനത്തെയും ഭാവിയെയും വരെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന നിയമങ്ങള്‍ ഇക്കൂട്ടത്തില്‍ കാണാന്‍ കഴിയും. ഇന്ത്യയില്‍ നിയമനിര്‍മ്മാണങ്ങള്‍ക്ക് ബാധ്യതപ്പെട്ട ജനാധിപത്യത്തിന്റെ ഈറ്റില്ലമാണ് പാര്‍ലമെന്റും നിയമസഭകളും. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റില്‍പോലും വേണ്ടത്ര ചര്‍ച്ചക്ക് വിഷയീഭവിപ്പിക്കാതെയും അതിനു വേണ്ട സമയവും അവസരവും അനുവദിക്കാതെയും ഏകപക്ഷീയമായാണ് നിരവധി നിയമങ്ങള്‍ ഭരണനേതൃത്വം അംഗീകരിപ്പിച്ചെടുത്തുകൊണ്ടിരിക്കുന്നുതെന്ന വസ്തുത ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ല. ഈ പ്രവണത ജനാധിപത്യ പ്രക്രിയയെ അസ്ഥിരപ്പെടുത്തുന്നതിനും അപ്രസക്തമാക്കുന്നതിനും കാരണമായി ഭവിക്കും. നീണ്ടുനിന്ന സഹനസമരങ്ങളിലൂടെ സ്വാതന്ത്ര്യം നേടിയിട്ട് 71 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇന്ത്യ റിപ്പബ്ലിക്കായിട്ട് 69 സംവത്സരങ്ങള്‍ തികച്ചു കഴിഞ്ഞു. ലോകത്ത് ഏറ്റവും കൂടുതല്‍ വൈവിധ്യം നിറഞ്ഞ രാജ്യത്തിന് അനുസൃതമായ മനോഹരവും മഹത്തായതുമായ ഭരണഘടനക്ക് രൂപം നല്‍കാന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യക്ക് കഴിഞ്ഞുവെന്ന വസ്തുത ശുഭോദാര്‍ഹം തന്നെയാണ്. ജനാധിപത്യം-മതേതരത്വം- ബഹുസ്വരത എന്നിവയോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശമായി അംഗീകരിച്ചതിലൂടെ രാജ്യത്തോടൊപ്പം ഓരോ ഭാരതീയനും അഭിമാനകരവും ശ്രേയസ്‌കരവുമായ അവസ്ഥയാണ് ഭരണഘടന പ്രദാനം ചെയ്തിട്ടുള്ളത്. ഇതിനനുസൃതമായാണ് അടുത്തിടെ സുപ്രീംകോടതിയില്‍നിന്ന് രണ്ടു സുപ്രധാന വിധികള്‍ വന്നത്. സ്വവര്‍ഗരതിപോലും നിയമാനുസൃതമാക്കി പ്രോത്സാഹിപ്പിക്കുന്നതും അതോടൊപ്പം വിവാഹിതനായാലും അല്ലെങ്കിലും ഏതൊരു ഇന്ത്യന്‍ പൗരനും പരസ്പരം ഇഷ്ടവും താല്‍പര്യവും പ്രകാരം എതിര്‍ലിംഗത്തില്‍പെട്ട വ്യക്തിയോടൊപ്പം എവിടെയും ഒരുമിച്ചു കഴിയാമെന്ന വിധിയും. ഈ വിധികളിലൂടെ പാരതന്ത്രം ഇല്ലാത്ത വ്യക്തി സ്വാതന്ത്ര്യമാണ് ഓരോ ഭാരത പൗരനും രാജ്യത്ത് അനുഭവവേദ്യമായിരിക്കുന്നതെന്ന് വ്യക്തം. സ്വകാര്യത ഓരോ പൗരന്റെയും മൗലികാവകാശമായി ഒന്നുകൂടി അരക്കിട്ടുറപ്പിക്കാന്‍ പോന്നതായിരുന്നു പ്രസ്തുത വിധികള്‍. ഇത് ഒരു വശമാണെങ്കില്‍ ഇതിനെല്ലാം കടകവിരുദ്ധമായ നിയമവ്യവസ്ഥകളുമായാണ് മറുഭാഗത്തും ജനാധിപത്യ ഭരണസാരഥികള്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നതാണ് വിചിത്രമായ വസ്തുത. ഇത്തരം പൗരാവകാശ ധ്വംസനം നിറഞ്ഞ നിയമങ്ങള്‍ സ്വന്തം പൗരന്മാരില്‍ അടിച്ചേല്‍പ്പിക്കുന്ന പ്രവണത ഇന്ത്യയില്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തിന്റെ എണ്ണം കൂടുന്തോറും അതിനനുസൃതമായി സ്വാതന്ത്ര്യത്തിന്റെ മൂല്യങ്ങളില്‍നിന്ന് അകലുകയും വ്യക്തി സ്വാതന്ത്ര്യത്തിന് ഭരണകൂട കൂച്ചുവിലങ്ങ് ഏര്‍പ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. അതാണ് മുത്തലാഖ് നിരോധനനിയമത്തില്‍ കണ്ടത്. രാജ്യത്ത് സിവില്‍ വ്യവഹാരമായ വിവാഹ സംബന്ധമായ വിഷയത്തില്‍ രണ്ടു നീതി നടപ്പാക്കുന്നതാണ് ഈ നിയമവ്യവസ്ഥയില്‍നിന്ന് ഒരു വിഭാഗത്തിന് നേരിടേണ്ടിവരുന്നത്. ഇത് വിവേചനപരവും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതുമാണ്.
തുടര്‍ന്ന് നിയമമാക്കിയ പൗരത്വം ഭേദഗതിബില്ലിലും ഇതേ വിവേചന സ്വഭാവവും വ്യവസ്ഥകളുമാണ് നിയമം കൊണ്ടുവന്ന കേന്ദ്ര സര്‍ക്കാര്‍ പ്രകടമാക്കിയിട്ടുള്ളതെന്ന് പരക്കെ അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയിലൂടെ, പൗരന് സ്വാതന്ത്ര്യം നല്‍കിയിരുന്ന അറിയാനുള്ള അവകാശമായ വിവരാവകാശ നിയമത്തിന്റെയും ചിറക് അരിഞ്ഞു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒന്നാം എന്‍.ഡി.എ സര്‍ക്കാരിന്റെ കാലത്ത് പശു മാംസത്തിന്റെയും വര്‍ഗീയ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെയും പേരില്‍ തുടര്‍ന്നുവന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാരിലും അനുസ്യൂതം തുടര്‍ന്നുവരികയാണ്. ജാതിവിവേചനത്തിന്റെയും അസ്പൃഷ്യതയുടെയും പേരില്‍ ദലിത് വിഭാഗങ്ങള്‍ക്കെതിരെയുള്ള കൊലപാതകങ്ങളും പീഢനങ്ങളും രാജ്യത്ത് വര്‍ധിച്ചുകൊണ്ടേയിരിക്കുന്നു. ഡല്‍ഹി, കത്‌വ, ഉന്നാവ് തുടങ്ങിയ പൈശാചിക പീഢന സംഭവപരമ്പരകള്‍ തൊല്ലൊന്നുമല്ല രാജ്യത്തിന്റെ യശസ്സിന് അന്താരാഷ്ട്രതലത്തില്‍ കളങ്കം ചാര്‍ത്തിയിട്ടുള്ളത്. ഉന്നാവ് സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയെയും കുടുംബത്തെയും നിഷ്ഠൂരമായി കൊലപ്പെടുത്താന്‍ പ്രതിയാക്കപ്പെട്ട ജനപ്രതിനിധി തന്നെ മുന്നോട്ടുവന്ന സംഭവം ഇന്ത്യയെക്കുറിച്ച് ലോകത്തിനുമുന്നില്‍ അവമതിപ്പിന് ഇടയാക്കുംവിധം മാനങ്ങള്‍ സൃഷ്ടിച്ചുകഴിഞ്ഞിരിക്കുകയാണ്. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെ സുപ്രീംകോടതി കര്‍ശന നിയമം കൊണ്ടുവരണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ച് കാലമേറയായിട്ടും അതിനു തയ്യാറാകാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ തുടരാന്‍ അവസരം സൃഷ്ടിക്കുന്ന കാഴ്ചക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരാന്‍ മടികാട്ടുന്ന കേന്ദ്ര സര്‍ക്കാരാണ് ഇപ്പോള്‍ യു.എ.പി.എ നിയമഭേദഗതിബില്ലും എന്‍.ഐ.എ നിയമഭേദഗതിബില്ലും കൊണ്ടുവന്നതെന്നതാണ് അതിശയിപ്പിക്കുന്ന വസ്തുത. നിലവില്‍ തന്നെ ഇന്‍വെസ്റ്റിഗേഷന്‍ പൂര്‍ത്തിയാക്കാതെയും കുറ്റപത്രം സമര്‍പ്പിക്കാതെയും വിചാരണ നടപ്പിലാക്കാതെയും യു.എ.പി.എ നിയമപ്രകാരം ആയിരക്കണക്കിനു പേരാണ് വിവിധ ജയിലുകള്‍ക്കുള്ളില്‍ കിടന്ന് അനേക വര്‍ഷങ്ങളായി നീതിക്കു വേണ്ടി കേഴുന്നത്. ഈ നിയമം എത്രമാത്രം ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്?. സംശയത്തിന്റെ പേരിലോ, രാഷ്ട്രീയ-മത വൈരാഗ്യത്താലോ നിരപരാധികളായ എത്ര പേര്‍ യു.എ.പി.എ നിയമപ്രകാരം ജാമ്യം കിട്ടാത്തവിധം ജയിലുകളില്‍ അകപ്പെട്ടിട്ടുണ്ട്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന നിയമവ്യവസ്ഥയുടെ അന്തസത്ത എത്രമാത്രം ഇത്തരം നിയമവ്യവസ്ഥകളിലൂടെ ഇതിനകം അപ്രസക്തമായിതീര്‍ന്നിരിക്കുന്നു. ഇതിനെക്കുറിച്ച് എന്തെങ്കിലുമൊരു പരിശോധന ഇതുവരെ നടത്തിയിട്ടുണ്ടോ? ഒട്ടേറെ വിവാദം ഉയര്‍ന്ന ഘട്ടത്തിലെങ്കിലും ഒട്ടനേകം നിരപരാധികള്‍ ക്രൂശിക്കപ്പെട്ടുവെന്ന് വിവിധ കോണുകളില്‍നിന്ന് മുറവിളി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലെങ്കിലും ഇത് പരിശോധിക്കേണ്ടത് അനിവാര്യമായിരുന്നില്ലേ. ജുഡീഷ്യല്‍ കമ്മിഷനെ കൊണ്ട് പരിശോധിക്കേണ്ടതും പഠനം നടത്തേണ്ടതും വിലയിരുത്തേണ്ടതുമായ ഉത്തരവാദിത്വം സ്വതന്ത്രജനാധിപത്യ രാജ്യത്തിന് അനുപേക്ഷണീയമല്ലേ? സഞ്ജയ്ഭട്ട് വരെ രാഷ്ട്രീയ ഇരകളാക്കപ്പെട്ടവരാണെന്ന രോദനം ബധിരകര്‍ണ്ണപുടങ്ങളില്‍ അകപ്പെട്ട് പ്രതിധ്വനിക്കാതെ പോയിട്ട് കാലമെത്രയായി. അറിയപ്പെടാത്ത ആയിരങ്ങള്‍ വേറെയും! ഈ അവസ്ഥയിലാണ് പുതിയ എന്‍.ഐ.എ ക്ക് കൂടുതല്‍ അധികാരവും സ്വാതന്ത്ര്യവും അനുവദിക്കുന്നതിനും നിലവിലുള്ള യു.എ.പി.എ നിയമത്തിന് ഭേദഗതി കൊണ്ടുവന്ന് കൂടുതല്‍ മൂര്‍ച്ഛയുള്ള കൂര്‍ത്ത കൊമ്പും, പല്ലും, നഖവും പിടിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സംഘടനകളെ മാത്രമല്ല വ്യക്തികളെപോലും യഥേഷ്ടം ഭീകരരായി പ്രഖ്യാപിച്ച് ജാമ്യം കിട്ടാത്തവിധം ജയിലുകളിലടക്കാനുള്ള നിയമഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. ഇതിലൂടെ അധികാരികള്‍ക്ക് അനഭിമതനാകുന്ന ഏതൊരു വ്യക്തിയെയും ഏതവസ്ഥയിലും എത്രകാലം വേണമെങ്കിലും ജയിലഴികള്‍ക്കുള്ളിലിടാന്‍ അധികാരം നല്‍കുന്ന നിയമഭേദഗതിയാണ് കൊണ്ടുവന്ന് അംഗീകരിച്ചിരിക്കുന്നത്. ഇതിലൂടെ തുറുങ്കിലടയ്ക്കപ്പെടുന്ന വ്യക്തിയുടെ ജന്മം തന്നെ ഒരുപക്ഷേ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. ഭരണകൂട തിന്മകളെ ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന ആര്‍ക്കും ഈ ദു:സ്ഥിതി വന്നുചേരാം. ജനാധിപത്യ സ്വാതന്ത്ര്യം വിനിയോഗിച്ച് നിര്‍ഭയമായി അഭിപ്രായം പറയാനും വിമര്‍ശിക്കാനുമുള്ള പൗരന്മാരുടെ അവകാശവും സ്വാതന്ത്ര്യവും ഹനിച്ച് അവരെ ഭയചകിതരാക്കി നിര്‍വീര്യരാക്കാനുള്ള ഗൂഢതന്ത്രമാണ് ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം കിരാതമായ ഭരണകൂട ഭീകരതയില്‍ അകപ്പെടാതിരിക്കാനാണല്ലോ അങ്ങ് ഹോംകോങ്ങില്‍ അവിടുത്തെ ദശലക്ഷക്കണക്കിനു ജനത രണ്ടു മാസക്കാലത്തിലേറെയായി തെരുവോരങ്ങളില്‍ അചഞ്ചലാരായി പ്രതിഷേധവും ഉയര്‍ത്തിക്കൊണ്ടു നിശ്ചയദാര്‍ഡ്യത്തോടെ മാതൃകാപരവും അസാധാരണവും അനിര്‍വചനീയവുമായ പ്രതികരണശേഷി പ്രകടമാക്കിക്കൊണ്ടിരിക്കുന്നത്. മുമ്പ് മഞ്ഞകുട സമരത്തിലൂടെയും മറ്റും രണ്ടു പ്രാവശ്യം ഇത്തരം പൗരാവകാശധ്വംസനത്തിനെതിരെയും അത്യുജ്വല പോരാട്ടം നടത്തി വിജയം വരിച്ചവരാണ് ഹോംകോങ്ങ് ജനത. ഇപ്രകാരം ഹോംകോങ്ങ് ജനത പ്രകടമാക്കിയതുപോലുള്ള സമാധാന- ജനാധിപത്യ മാര്‍ഗം അവലംബിച്ച് പ്രതികരിക്കാന്‍ ശേഷികാട്ടാതെ നിസ്സംഗരായി നിലകൊള്ളുന്നവരായി ഇന്ത്യന്‍ ജനത മാറിയോ എന്ന് ജനാധിപത്യ വിശ്വാസികള്‍ ആശങ്കപ്പെടേണ്ട അവസ്ഥയിലാണ് രാജ്യം എത്തിയിരിക്കുന്നത്. അധികാര ലഹരിയില്‍ ഭരണകൂടം നടത്തുന്ന ദുഷ് ചെയ്തികളെയും തെറ്റായ പ്രവണതകളെയും പല്ലും നഖവും ഉപയോഗിച്ച് ജനാധിപത്യ മാര്‍ഗത്തിലൂടെ ചെറുത്തുതോല്‍പ്പിക്കാന്‍ ബാധ്യതപ്പെട്ടവരാണ് പ്രതിപക്ഷ നിരയില്‍പ്പെട്ടവര്‍. സ്വാതന്ത്ര്യദിന ആഘോഷത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന വേളയിലാണ് പൗരാവകാശം കവര്‍ന്നെടുത്ത് കൂടുതല്‍ അധികാര പ്രമത്തതയ്ക്ക് ഭരണകൂടത്തിന് അവസരം ഒരുക്കിക്കൊണ്ടിരിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ സ്വാതന്ത്ര്യത്തിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് ഇന്ത്യയില്‍ സംജാതമായിരിക്കുന്നത്.

Video Stories

കാന്‍സര്‍ രോഗിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട് അമേരിക്കന്‍ വിമാന കമ്പനി

ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

Published

on

കാന്‍സര്‍ രോഗിയായ യുവതിയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകേണ്ട അമേരിക്കന്‍ കമ്പനിയുടെ വിമാനത്തില്‍ നിന്നാണ് മീനാക്ഷി സെന്‍ ഗുപ്ത എന്ന യുവതിയെ വിമാന അധികൃതര്‍ ഇറക്കിവിട്ടത്.

വിമാനത്തിലേക്ക് കയറിയപ്പോള്‍ കയ്യിലുള്ള ബാഗ് മുകളിലേക്ക് എടുത്തുവെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുറച്ചുനാളുകള്‍ക്കു മുമ്പ് ശാസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഒറ്റയ്ക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്നും ബാഗ് മുകളില്‍ വയ്ക്കാന്‍ സഹായിക്കണമെന്ന് യുവതി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത് തന്റെ ജോലി അല്ലെന്നായിരുന്നു വിമാനം അധികൃതരുടെ മറുപടി. ശേഷം യുവതിയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.

സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജി അരുണ്‍കുമാര്‍ വ്യക്തമാക്കി.

Continue Reading

News

വിന്‍ഡോ സീറ്റിന്റെ പേരില്‍ വിമാനത്തില്‍ കൂട്ടത്തല്ല്; 2 മണിക്കൂര്‍ വൈകി

15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Published

on

വിമാനത്തിലെ വിന്‍ഡോ സീറ്റിന് വേണ്ടി യാത്രക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്. ഇതേതുടര്‍ന്ന് പുറപ്പെടാന്‍ രണ്ട് മണിക്കൂര്‍ വൈകി. ബ്രസീലിലാണ് സംഭവം. സാല്‍വദോറില്‍നിന്ന് സാവേ പോളോയിലേക്ക് പോകാനിരുന്ന വിമാനത്തിലാണ്‌സംഭവം. ഭിന്നശേഷിക്കാരനായ കുട്ടിയുമൊത്ത് വന്ന യാത്രക്കാരി അരികിലെ സീറ്റ് ആവശ്യപ്പെട്ടെങ്കിലും സഹയാത്രക്കാരി അത് നല്‍കാന്‍ തയ്യാറായില്ല. തുടര്‍ന്ന് വാഗ്വാദത്തിനിടയിലാണ് ഇരുവരും തല്ല് തുടങ്ങിയത്. യാത്രക്കാരും ഇടപെട്ടതോടെ കൂട്ടത്തല്ലായി. കാബിന്‍ ക്രൂവ് എത്തി ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും മണിക്കൂറോളം തല്ല് തുടര്‍ന്നു. 15 ഓളം പേര്‍ക്കെതിരെകേസെടുത്തു. ഇവരെ യാത്രയില്‍നിന്ന് ഒഴിവാക്കിയശേഷമാണ് യാത്ര ആരംഭിച്ചത്.

video

Continue Reading

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

Trending