വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധിക്ക് വിരാമമിടാന്‍ യു.എസ് സെനറ്റ് ശ്രമം തുടരവെ, അമേരിക്കയില്‍ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച ജോലിക്ക് ഹാജരാകാന്‍ സാധിച്ചില്ല. അവധി കഴിഞ്ഞ് പ്രവൃത്തി ദിനം പുനരാരംഭിച്ച ഇന്നലെയാണ് പ്രതിസന്ധിയുടെ രൂക്ഷത ജനങ്ങളെ ബാധിച്ചു തുടങ്ങിയത്. പ്രശ്‌നം പരിഹരിക്കുന്നതുവരെ ഭൂരിഭാഗം പേര്‍ക്കും ശമ്പളമുണ്ടാവില്ല.
ഞായറാഴ്ച പ്രതിസന്ധി തീര്‍ക്കുന്നതിന് ചേര്‍ന്ന സെനറ്റിന്റെ പ്രത്യേക സമ്മേളനത്തിലും ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒത്തുതീര്‍പ്പിലെത്താനായില്ല. കുടിയേറ്റ വിഷയത്തിലെ അഭിപ്രായ ഭിന്നതയാണ് പ്രധാന തടസമായി നിന്നത്. അവശ്യ സര്‍വീസുകള്‍ മാത്രമേ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ.
പല പ്രധാന കേന്ദ്രങ്ങളെയും പ്രതിസന്ധി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, ദേശീയ പാര്‍ക്കുകള്‍, മ്യൂസിയം തുടങ്ങിയവ അടഞ്ഞുകിടക്കുകയാണ്. അടിയന്തരാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാന്‍ അനുമതി നല്‍കുന്ന ബില്‍ സെനറ്റ് നിരാകരിച്ചതാണ് യു.എസ് ഭരണകൂടത്തിന്റെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം. കുടിയേറ്റ വിഷയം ചൂണ്ടിക്കാട്ടി ഫെബ്രുവരി 16 വരെയുള്ള ചെലവിന് പണം അനുവദിക്കുന്ന ബില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി തടയുകയായിരുന്നു. കുടിയേറ്റ വിഷയത്തില്‍ തങ്ങള്‍ക്കുള്ള ആശങ്ക തീര്‍ക്കാതെ താല്‍ക്കാലിക ഒത്തുതീര്‍പ്പിന് ഇല്ലെന്ന നിലപാടില്‍ ഡെമോക്രാറ്റുകള്‍ ഉറച്ചുനില്‍ക്കുകയാണ്. 100 അംഗ സെനറ്റില്‍ ബില്‍ പാസാകണമെങ്കില്‍ 60 വോട്ടുകള്‍ കിട്ടണം. നിലവില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 51 അംഗങ്ങള്‍ മാത്രമേ ഉള്ളൂ. ബജറ്റ് പാസാക്കണമെങ്കില്‍ ഡെമോക്രാറ്റിക് പിന്തുണ കൂടി കിട്ടണം. പ്രവൃത്തിദിനം പുനരാരംഭിക്കുന്ന തിങ്കളാഴ്ചക്കു മുമ്പായി പ്രതിസന്ധി പരിഹരിക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടിരുന്നില്ല.
ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടക്കുകയാണ്. വൈറ്റ്ഹൗസിലെ 1700 ജീവനക്കാരില്‍ ആയിരത്തിലേറെ പേര്‍ക്ക് നിര്‍ബന്ധിത അവധി നല്‍കി. 13 സൈനികരും പതിവുപോലെ ജോലിയില്‍ തുടരുന്നുണ്ട്. പക്ഷെ, ശമ്പളമില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടിയേറ്റ വിഷയത്തില്‍ പുനരാലോചനക്ക് തയാറാകണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടു. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതുള്‍പ്പെടെയുള്ള കുടിയേറ്റ വിരുദ്ധ നടപടികള്‍ക്കും നിയമ പരിഷ്‌കരണങ്ങള്‍ക്കും വര്‍ധിപ്പിച്ച സൈനിക ചെലവിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പണം വേണം. അമേരിക്കയില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ സാമ്പത്തിക സ്തംഭനമാണിത്.
ബറാക് ഒബാമയുടെ കാലത്ത് 2013 ഒക്ടബോര്‍ 16നുണ്ടായ പ്രതിസന്ധി 16 ദിവസത്തോളം നീണ്ടുനിന്നു. ഒബാമയുടെ ആരോഗ്യപരിരക്ഷാ പദ്ധതിയുടെ പേരിലായിരുന്നു അന്ന് പ്രതിസന്ധി ഉടലെടുത്തത്. അന്ന് എട്ടര ലക്ഷത്തോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്.