സി.പി.എമ്മിന്റെ ധര്‍മ്മസങ്കടങ്ങള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയെ ആകമാനം ഫാഷിസ്റ്റ് ശക്തികള്‍ കാല്‍ക്കീഴിലാക്കിക്കൊണ്ടിരിക്കുമ്പോഴും കോണ്‍ഗ്രസുമായി സഹകരിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ കഴിയാതെ കഷ്ടപ്പെടുകയാണ് സി.പി.എം.
പ്രായോഗികവും കാലാനുസൃതവുമായ നിലപാട് സ്വീകരിക്കുന്നതില്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ആദ്യകാലം മുതലേ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ദലിതുകളെയും ന്യൂനപക്ഷങ്ങളെയും എഴുത്തുകാരെയും ബുദ്ധിജീവികളെയും കമ്മ്യൂണിസ്റ്റുകാരെയും ഒക്കെ തേടി ഫാഷിസ്റ്റുകള്‍ ആയുധങ്ങളുമായി പാഞ്ഞടുക്കുമ്പോഴും ആരെയൊക്കെ കൂടെ നിര്‍ത്തണം എന്ന കാര്യത്തില്‍ സി.പി.എമ്മിന് ഒരു നിലപാടിലുമെത്താന്‍ കഴിയുന്നില്ല. കോണ്‍ഗ്രസുമായി സഹകരിക്കണമെന്ന നിലപാടുള്ള സീതാറാം യച്ചൂരിയും കോണ്‍ഗ്രസുമായി ഒരു തരത്തിലുള്ള ബന്ധവും പാടില്ലെന്ന് അതിശക്തമായി വാദിക്കുന്ന പ്രകാശ് കാരാട്ടും ഇരു ഭാഗത്തുമായി നിലകൊണ്ടിരിക്കുകയാണ്. ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല, കടുത്ത വലതുപക്ഷ നിലപാടുള്ള സ്വേച്ഛാധിപത്യ സ്വഭാവമുള്ള ഒരു കക്ഷി മാത്രമാണ് എന്നാണ് പ്രകാശ് കാരാട്ടിന്റെ നിലപാട്.
ഇന്ത്യയിലെയും ലോകത്തിലെ മറ്റ് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഇങ്ങനെ വൈരുധ്യാത്മക നിലപാടുകള്‍ സ്വീകരിച്ച് സ്വയം നശിച്ചുപോയ നിരവധി രേഖകള്‍ കാണാം. ‘തത്വചിന്തകര്‍ ലോകത്തെ പല തരത്തില്‍ വ്യാഖാനിക്കുക മാത്രമെ ചെയ്തിട്ടുള്ളൂ. എന്നാല്‍ അതിനെ മാറ്റുകയെന്നതാണ് കാര്യം’ എന്നു പ്രഖ്യാപിച്ചയാളാണ് കാറല്‍മാര്‍ക്‌സ്. പക്ഷേ ലോകത്തെ മാറ്റാനുള്ള വലിയ പരിശ്രമങ്ങള്‍ക്കിടയില്‍ സ്വയം മാറ്റത്തിന് വിധേയമാകാന്‍ കഴിയാതെ പോയതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ദുരന്തം.
1952ലാണ് ഇന്ത്യയുടെ പാര്‍ലമെന്റിലേക്ക് ആദ്യത്തെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ തിളങ്ങി നിന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ആകെയുള്ള 489 ലോക്‌സഭാ സീറ്റുകളില്‍ 364 എണ്ണത്തിലും വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. നെഹ്‌റുവിന്റെയും കോണ്‍ഗ്രസിന്റെയും പടയോട്ടത്തിനിടയിലും അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 അംഗങ്ങളെ ലോക്‌സഭയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഈ 16 അംഗങ്ങളുടെ നേതാവായ എ.കെ.ജിയെയാണ് പ്രഥമ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി പരിഗണിക്കുന്നത്. 1957ല്‍ നടന്ന രണ്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 27 അംഗങ്ങളെ വിജയിപ്പിച്ച് എം.പിമാരാക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം ആദ്യ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ലോകത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ ഒരു കമ്മ്യൂണിസറ്റ് മന്ത്രിസഭ ഇ.എം.എസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ അധികാരത്തില്‍ വരുന്നത്. ആദ്യത്തെ രണ്ട് ലോക്‌സഭകളിലും പ്രതിപക്ഷത്ത് ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
ഇപ്പോഴത്തെ ലോക്‌സഭയില്‍ സി.പി.എമ്മിന് ഒന്‍പത് എം.പിമാരും സി.പി.ഐക്ക് ഒരു എം.പിയുമാണുള്ളത്. ബി.ജെ.പിക്ക് 280 എം.പിമാരുണ്ട്. കോണ്‍ഗ്രസിന് 45ഉം. എന്‍.ഡി.എയിലെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി ആകെ 336 എം.പിമാരുമുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എക്ക് ആകെ 59 എം.പിമാരാണുള്ളത്. ബാക്കിയുള്ള 145 സീറ്റില്‍ സി.പി.എമ്മിനും സി.പി.ഐക്കും കൂടി ആകെയുള്ളത് 10 എം.പിമാര്‍.
ആകെ ഒന്‍പത് എം.പിമാരുള്ള സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോയാണ് ഈയിടെ യോഗം ചേര്‍ന്ന് ബി.ജെ.പി സര്‍ക്കാറിനെ താഴെയിറക്കലാണ് തങ്ങളുടെ പ്രഥമ ദൗത്യം എന്നു പ്രഖ്യാപിച്ചത്. ഇതിന് അവര്‍ കോണ്‍ഗ്രസിനെ കൂടെ കൂട്ടാന്‍ തയ്യാറുമല്ല. വളരെ രസകരമായ ഒരു കാഴ്ചപ്പാടാണിത്.
കുറച്ചു മുമ്പ് ഒരു ഇംഗ്ലീഷ് ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ബി.ജെ.പി ഒരു ഫാഷിസ്റ്റ് പാര്‍ട്ടിയല്ല എന്ന തന്റെ പുതിയ സിദ്ധാന്തം പ്രകാശ് കാരാട്ട് അവതരിപ്പിക്കുന്നത്. ജനാധിപത്യ സംവിധാനങ്ങളെ നിരാകരിക്കുന്നു എന്നതോ, മതേതരത്വത്തെ വെല്ലുവിളിക്കുന്നു എന്നതോ ഫാഷിസമാകില്ല എന്നാണ് കാരാട്ട് പറഞ്ഞത്. ആര്‍. എസ്.എസിന്റെ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ ഒരു ഫാഷിസ്റ്റ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും, അതിനെ ചെറുക്കണമെങ്കില്‍ കോണ്‍ഗ്രസിന്റെ കൂടി സഹായം ആവശ്യമാണെന്നുമുള്ള നിലപാടിലാണ് സീതാറാം യെച്ചൂരി.
ഇതെല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ ബി.ജെ.പിയുടെ ഭരണം തുടരണം എന്നാണോ സി.പി.എം ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്നത്. ബി.ജെ.പിയുടെ പൂര്‍വ രൂപമായ ജനസംഘം എന്ന പാര്‍ട്ടി കൂടി ലയിച്ച് ചേര്‍ന്ന് 1977ല്‍ കേന്ദ്രം ഭരിച്ച മൊറാര്‍ജി ദേശായ് മന്ത്രിസഭയെയും ബി.ജെ.പിയുടെ കൂടി പിന്തുണയോടെ ഭരിച്ച വി.പി സിങ് മന്ത്രിസഭയെയും പിന്തുണച്ച ചരിത്രമുണ്ട് സി.പി.എമ്മിന്. ഇതേ സി.പി.എം തന്നെയാണ് ഡോ. മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യു.പി.എ മന്ത്രിസഭക്ക് പിന്തുണ നല്‍കിയതും. ക്വിറ്റ് ഇന്ത്യാ സമരത്തിലും സ്വാതന്ത്ര്യസമര കാലത്തും ഇന്ത്യ, ചൈന യുദ്ധവേളയിലുമൊക്കെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇങ്ങനെയുള്ള വൈരുധ്യാഷ്ഠിത നിലപാടുകള്‍ പലതും സ്വീകരിച്ചിട്ടുണ്ട്.
കാലത്തിനു ചേരാത്തതും ഏറ്റവും യാഥാസ്ഥിതികവുമായ നിലപാടുകളാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചു പോന്നിട്ടുള്ളത്. അവര്‍ അധികാരത്തിലെത്തുമ്പോള്‍, നേരത്തെ പറഞ്ഞ ആദര്‍ശങ്ങളൊക്കെ വഴിയില്‍ ഉപേക്ഷിച്ച് ഏറ്റവും വൃത്തികെട്ട സ്വേച്ഛാധിപതികളായി മാറുന്നു. വടക്കന്‍ കൊറിയയിലെ കമ്മ്യൂണിസറ്റ് ഭരണകൂടത്തിന്റെ തലപ്പത്തുള്ളത് കിം ജോങ് ഉന്നിനെ പോലെയുള്ള അതിക്രൂരന്മാരായ ഭരണാധികാരികളാണ്. സ്റ്റാലിന്റെ കാലത്ത് സോവിയറ്റ് റഷ്യയിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. കമ്മ്യൂണിസത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യങ്ങളില്‍ ഒന്നാണിത്.
ഈയിടെ, പശ്ചിമബംഗാളില്‍ ഒരു സന്ദര്‍ശനം നടത്തുന്നതിന് അവസരമുണ്ടായി. കൊല്‍ക്കത്തയിലെ തെരുവുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്; 1977 മുതല്‍ 2011 വരെ തുടര്‍ച്ചയായി 34 കൊല്ലം സി.പി.എം ഭരണം നടത്തിയ ഒരു സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍, സി.പി.എമ്മിന്റെ അടയാളങ്ങള്‍ ഒന്നും അവശേഷിക്കുന്നില്ല എന്നതാണത്. സി.പി.എമ്മിന്റെ കൊടിയോ, ബോര്‍ഡോ പോലും എവിടെയും കാണില്ല. എല്ലായിടുത്തും കാണാനായത് മമതാ ബാനര്‍ജിയുടെ വലിയ ചിത്രങ്ങളും തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിതോരണങ്ങളുമാണ്. മുതലാളിത്ത വിരോധവും കുത്തകവിരുദ്ധതയും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അതിന് തികച്ചും വിരുദ്ധമായ നിലപാടുമായി മുന്നോട്ടു പോയപ്പോഴാണ് ബംഗാളില്‍ കമ്മ്യൂണിസത്തെ കയ്യൊഴിയാന്‍ തീരുമാനിച്ചത്. സിംഗൂരിലെയും നന്ദിഗ്രാമിലെയും പതിനായിരക്കണക്കിന് ഏക്കര്‍ വയലുകളില്‍ നിന്ന് സാധാരണ കര്‍ഷകരെ കുടിയിറക്കാന്‍ സി.പി.എം നടത്തിയ ശ്രമങ്ങളാണ് അവിടെ സി.പി.എം ഭരണത്തിന് അന്ത്യം കുറിച്ചത്. 2011ലും 2016ലും മമതാ ബാനര്‍ജി വന്‍ ഭൂരിപക്ഷത്തോടെ അവിടെ അധികാരത്തില്‍ വന്നു. 295 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ 211 എം.എല്‍.എമാരുണ്ട്. 34 കൊല്ലം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി.പി.എമ്മിന് ഇപ്പോള്‍ ആകെയുള്ളത് 26 എം.എല്‍.എമാര്‍. 42 എം.എല്‍.എമാരുള്ള കോണ്‍ഗ്രസ് പിന്തുണക്കാന്‍ തയ്യാറായിട്ടും സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ സി.പി.എം തയ്യാറാകാതിരുന്നത് സമീപകാല ചരിത്രം. ഇവിടെ യെച്ചൂരിയും കാരാട്ടും കോണ്‍ഗ്രസുമൊന്നുമല്ല വിഷയം; ബഹുസ്വരതയെ അംഗീകരിക്കുന്ന ഒരു മതേതര ജനാധിപത്യ ഇന്ത്യ നിലനില്‍ക്കുമോ എന്നതാണ് എന്ന തിരിച്ചറിവ് ഇവര്‍ക്കൊക്കെ എന്നാണാവോ ഉണ്ടാവുക? കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാതെ വേറെ ഏതു വഴിയാണാവോ ഇടതുപക്ഷത്തിന്റെ മുന്നിലുള്ളത്?