സംസ്ഥാനത്തെ ഇടതു സര്‍ക്കാരും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനദ്രോഹത്തില്‍ ഒന്നിനൊന്ന് മത്സരിച്ചാണ് മുന്നേറുന്നത്. ഭരണത്തിലേറി ഒന്നര വര്‍ഷം കൊണ്ട് തന്നെ പൂര്‍ണ്ണ പരാജയമാണെന്ന് തെളിയിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞു. ഒരൊറ്റ നേട്ടമേ സര്‍ക്കാരിന് അവകാശപ്പെടാനുള്ളൂ. കേരളത്തെ സമ്പൂര്‍ണ്ണ മദ്യാലയമാക്കിമാറ്റാന്‍ കഴിഞ്ഞു എന്നതാണത്. കേരളത്തിന്റെ മുക്കിനും മൂലയിലും മദ്യമൊഴുക്കാന്‍ കഴിഞ്ഞ സര്‍ക്കാരിന് പക്ഷേ പാവപ്പെട്ടവരുടെ റേഷനരി വിതരണം ചെയ്യാന്‍ കഴിയുന്നില്ല. വില കുതിച്ചു കയറി ജനങ്ങളെ ഞെക്കിക്കൊല്ലുന്നു. രാഷ്ട്രീയ കൊലപാതകികളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സംഘടിത അക്രമങ്ങളും തേര്‍വാഴ്ചയും കാരണം ജനജീവിതം ദുസ്സഹമാകുന്നു.
കേന്ദ്രത്തിലാകട്ടെ സാധാരണക്കാരെയും പാവപ്പെട്ടവരെയും പിടിച്ചുപറിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സര്‍ക്കാരാണുള്ളത്. തലതിരിഞ്ഞ നയങ്ങളിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിയിട്ടു എന്നതാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടം. മതത്തിന്റെയും ജാതിയുടെയും പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയും മഹാമേരി പോലെ അസഹിഷ്ണുത പടര്‍ത്തുകയും ചെയ്യുന്നു. സ്വതന്ത്രമായി ചിന്തിക്കുന്ന പത്രപ്രവര്‍ത്തകരും എഴുത്തുകാരും കൊലചെയ്യപ്പെടുന്നു എന്ന് മാത്രമല്ല പത്രങ്ങളുടെ വായ് മൂടിക്കെട്ടാന്‍ പല വഴിക്കുള്ള ശ്രമങ്ങളും നടക്കുന്നു. ലോകം അത്ഭുതാദരങ്ങളോടെ നോക്കിനില്‍ക്കുന്ന രാജ്യത്തിന്റെ അഭിമാന സ്വത്തായ താജ്മഹലില്‍പോലും മതവിദ്വേഷത്തിന്റെ വിഷം പുരട്ടുന്നു. ഭയത്തിന്റെ അന്തരീക്ഷമാണ് രാജ്യത്തെങ്ങും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
അത്യന്തം അപകടകരമായ അവസ്ഥയിലൂടെയാണ് രാജ്യവും സംസ്ഥാനവും കടന്നുപോകുന്നത്. ഇത് അനുവദിച്ചുകൊടുക്കാന്‍ ഒരു ജനാധിപത്യ വിശ്വാസിക്കും കഴിയില്ല. ഈ സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ ചെറുത്ത്‌നില്‍പ്പും തീഷ്ണമായ പോരാട്ടവും നടത്തേണ്ടത് രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും നിലനില്‍പ്പിന് ആവശ്യമാണ്. ആ ദൗത്യം യു.ഡി.എഫ് ഏറ്റെടുക്കുകയാണ്. അതിനുള്ള പടയൊരുക്കമാണ് നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ ഒന്നുവരെ നടത്തുന്ന യു.ഡി.എഫിന്റെ കേരള പര്യടനം. ഇത് യുദ്ധകാഹളമാണ്. വരാന്‍ പോകുന്ന തീഷ്ണമായ സമരങ്ങളുടെ മുന്നൊരുക്കം.
ഭരണത്തില്‍ പരാജയമായി മാറി എന്നതിന് പുറമെ രാഷ്ട്രീയ ജീര്‍ണ്ണതയിലേക്ക് സംസ്ഥാന സര്‍ക്കാരും ഭരണ മുന്നണിയും കൂപ്പുകുത്തി എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കായല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും നടത്തി എന്ന് ജില്ലാ കലക്ടര്‍ തന്നെ വിധിയെഴുതിയിട്ടും ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണ നല്‍കുന്നത് ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയായേ കാണാനാവൂ. ഭരണഘടന പിടിച്ച് സത്യം ചെയ്ത് അധികാരമേല്‍ക്കുന്ന മന്ത്രി രാജ്യത്തിന്റെ നിയമത്തിന്റെയും സ്വത്തിന്റെയും കാവല്‍ക്കാരനാവണം. എന്നാല്‍ ഇവിടെ മന്ത്രി നിയമം ലംഘിക്കുകയും സ്വത്ത് കൊള്ളയടിക്കുകയും ചെയ്തു എന്ന് മാത്രമല്ല, അത് അന്വേഷിക്കുന്ന കലക്ടറെ ഭീഷണിപ്പെടുത്താന്‍ പോലും തയ്യാറായി. മന്ത്രിക്കെതിരായ ഭൂമി കയ്യേറ്റ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിന് വേണ്ടി ഏത് അഭിഭാഷകന്‍ ഹാജരാകണമെന്നത് സംബന്ധിച്ച് നടന്ന തര്‍ക്കം ഈ കേസിലെ സര്‍ക്കാരിന്റെ കള്ളക്കളി തുറന്ന് കാട്ടി.
മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു പോലെ തന്നെയാണ് നിലമ്പൂര്‍ എം.എല്‍.എ പി. വി അന്‍വറിന്റെ നിയമലംഘനത്തിനും സര്‍ക്കാര്‍ കുടപിടിക്കുന്നത്. കോഴിക്കോട് ജില്ലയിലെ കാക്കടാംപൊയിലില്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് അന്‍വര്‍ വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കിയതെന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും പേരിന് പോലും ഒരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഭൂപരിധി നിയമം ലംഘിച്ചു എന്ന മറ്റൊരു ഗുരുതരമായ ആരോപണവും അന്‍വറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുകയാണ്. അധികാരത്തിന്റെ ഹുങ്കില്‍ എന്തുമാവാം എന്ന ഭരണപക്ഷത്തിന്റെ മനോഭാവമാണ് ഈ രണ്ട് കാര്യങ്ങളിലും വ്യക്തമാവുന്നത്.
ഉറ്റബന്ധുക്കള്‍ക്ക് ഉന്നത ജോലികള്‍ പതിച്ചു നല്‍കി മന്ത്രി സ്ഥാനത്ത്‌നിന്ന് രാജിവെക്കേണ്ടി വന്ന ഇ.പി ജയരാജനെ വിജിലന്‍സിനെ ഉപയോഗിച്ച് വെള്ളപൂശിയത് നഗ്‌നമായ രാഷ്ട്രീയ അഴിമതിയാണ്. സ്വന്തം പാര്‍ട്ടി കമ്മിറ്റിയില്‍ തെറ്റ് ഏറ്റുപറയുകയും പാര്‍ട്ടി ശിക്ഷിക്കുകയും ചെയ്തയാളെ കുറ്റക്കാരനല്ലെന്ന് വിജിലന്‍സ് കണ്ടെത്തുന്ന മഹാത്ഭുതവും ഇവിടെ സംഭവിച്ചു.
അധികാരത്തിലേറിയതോടെ സി.പി.എം അതിന്റെ തനിനിറം പുറത്ത് കാണിച്ചുതുടങ്ങിയിരിക്കുകയാണ്. മൂന്നാറില്‍ ഭൂമി കയ്യേറ്റം തടഞ്ഞ സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഇടുക്കിയില്‍ നിന്ന് പറപറത്തിയ സര്‍ക്കാര്‍ തോമസ്ചാണ്ടിയെയും പി.വി അന്‍വറിനെയും സംരക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയതിലൂടെ സര്‍ക്കാര്‍ കയ്യേറ്റക്കാര്‍ക്കൊപ്പമുണ്ട് എന്ന സന്ദേശമാണ് നല്‍കുന്നത്. മുതലാളിമാരും കള്ളക്കടത്തുകാരും കയ്യേറ്റക്കാരുമാണ് ഈ സര്‍ക്കാരിന്റെ ചങ്ങാതിമാര്‍ എന്ന് തെളിഞ്ഞിരിക്കുന്നു. കൊടുവള്ളില്‍ കള്ളക്കടത്തു കേസിലെ പ്രതിയുടെ കാറില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജനജാഗ്രതാ യാത്ര നടത്തിയത് യാദൃച്ഛികമായി സംഭവിച്ചു പോയ കയ്യബദ്ധമല്ല. സി.പി.എമ്മിന്റെ ഇപ്പോഴത്തെ കൂട്ടുകെട്ടുകളുടെ തെളിവാണത്.
നിഷ്‌ക്രിയത്വവും കെടുകാര്യസ്ഥതയും ധാര്‍ഷ്ട്യവും മണ്ടത്തരവും മാത്രമാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്രകള്‍. വിലക്കയറ്റം മാനംമുട്ടെ ഉയര്‍ന്നിട്ടും മാര്‍ക്കറ്റിലിടപെട്ട് വിലക്കയറ്റം നിയന്ത്രിച്ച്‌നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യു.ഡി.എഫ് ഭരണ കാലത്ത് കിലോക്ക് 30 – 35 രൂപ വിലയുണ്ടായിരിന്ന അരിക്ക് ഇപ്പോള്‍ 55 – 60 രൂപ കൊടുക്കണം. പച്ചക്കറിക്കും പലവ്യജ്ഞനങ്ങള്‍ക്കും പൊള്ളുന്ന വിലയായി. കേരള ചരിത്രത്തിലാദ്യമായി റേഷന്‍ വിതരണം താറുമാറായി. ഒന്നര വര്‍ഷത്തോളം കയ്യില്‍ വെച്ച് താമസിപ്പിച്ച ശേഷം ഇറക്കിയ റേഷന്‍ കാര്‍ഡില്‍ അപ്പടി തെറ്റുകള്‍. കാട്ടു തീപോലെ പകര്‍ച്ചപ്പനി പടര്‍ന്ന് പിടിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചു വീണപ്പോഴും കാഴ്ചക്കാരന്റെ റോളിലായിരുന്നു സര്‍ക്കാര്‍. മാനേജ്‌മെന്റുകളുമായി ഒത്തുകളിച്ചും മണ്ടത്തരം കാണിച്ചും സ്വാശ്രയ മെഡിക്കല്‍ പ്രവേശനം അലങ്കോലമാക്കിയ സര്‍ക്കാര്‍ മിടുക്കരായ നൂറുകണക്കിന് കുട്ടികളേയും രക്ഷാകര്‍ത്താക്കളെയും കണ്ണീര് കുടിപ്പിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്‍പത് ശതമാനം കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഫീസിലും കുറഞ്ഞ ഫീസിലും പഠിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ പാവപ്പെട്ടവരും സാധാരണക്കാരുമായ കുട്ടികളെ മുഴുവന്‍ സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ നിന്ന് പുറത്താക്കി എന്നതാണ് ഇടതു ഭരണത്തിന്റെ നേട്ടം. 1,85000 രൂപയില്‍ നിന്ന് 11 ലക്ഷത്തിലേക്കാണ് ഫീസ് ഇടതു പക്ഷത്തിന്റെ ഭരണത്തില്‍ കുതിച്ചുയര്‍ന്നത്.
ഇടതു മുന്നണി അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തിരമാല കണക്കെ തിരിച്ചുവന്നു. ദേശീയ തലത്തില്‍ കേരളത്തെ നാണം കെടുത്തി ബി.ജെ.പിക്ക് മുതലെടുപ്പിന് അതവസരം നല്‍കി. സംസ്ഥാനത്ത് ഭരണം പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലാണിപ്പോള്‍. യു.ഡി.എഫ് തുടങ്ങിവെച്ച വികസന പദ്ധതികളെല്ലാം ഒച്ചിഴയുന്ന വേഗത്തിലായി. കേരളത്തിന്റെ ചിരകാല സ്വപ്‌നമായ വിഴിഞ്ഞം പദ്ധതി പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ കാണിച്ച അമാന്തം കാരണം പദ്ധതി തന്നെ മുടങ്ങുന്ന അവസ്ഥയിലെത്തി.
വീണ്ടു വിചാരമില്ലാത്ത ഭ്രാന്തന്‍ നയങ്ങളിലൂടെ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ക്കുകയും സാധാരണക്കാരെ ശ്വാസംമുട്ടിക്കുകയും ചെയ്യുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും ജനങ്ങള്‍ക്ക് ഭാരമായി മാറിയിരിക്കുന്നു. ഒരു വര്‍ഷം മുമ്പ് പ്രധാന മന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് പരിഷ്‌കരണം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. ഉത്്പാദന മേഖല തകര്‍ന്നടിഞ്ഞു. നോട്ട് മാറാനുള്ള തിരക്കില്‍പെട്ട് മരിച്ചവര്‍ മാത്രം 120 പേരാണ്. കള്ളപ്പണം പിടികൂടുമെന്നാണ് വീമ്പു പറഞ്ഞതെങ്കിലും ഒരു പൈസ പിടികൂടാനായില്ല. പുതിയ നോട്ട് അച്ചടിക്കാന്‍ 8000 കോടി രൂപ ചിലവായത് മിച്ചം.
നോട്ട് പരിഷ്‌കാരത്തിന് പിന്നാലെ അശാസ്ത്രീയമായി നടപ്പാക്കിയ ജി.എസ്.ടി കൂടിയായതോടെ രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തി. 2009 – 10 കാലഘട്ടത്തില്‍ ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നിട്ടും തല ഉയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞ ഇന്ത്യയെയാണ് മോദി മൂന്ന് വര്‍ഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കിയത്. ജി.എസ്.ടി വരുന്നതോടെ സാധന വില കുറയുമെന്ന് പറഞ്ഞതിനെല്ലാം വില കുതിച്ചു കയറി. ജി.എസ്.ടിയുടെ മറവിലെ കൊള്ളയടി തടയാന്‍ കഴിയാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പകച്ചുനിന്നു. ഇതിനിടയില്‍ കടം കയറി കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യുന്ന പരിതാപകരമായ അവസ്ഥ മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായി. കേരളത്തിലും സംഭവിച്ചു കര്‍ഷക ആത്മഹത്യകള്‍. ഇതിനെത്തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും പടര്‍ന്നുപിടിച്ച കര്‍ഷക പ്രക്ഷോഭത്തെ സര്‍ക്കാര്‍ ക്രൂരമായി അടിച്ചമര്‍ത്തി.
പെട്രോളിലും ഡീസലിലുമാകട്ടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പകല്‍കൊള്ള നടത്തുന്നത്. കേന്ദ്രത്തിലെ ബി.ജെ. പി സര്‍ക്കാരും സംസ്ഥാനത്തെ ഇടതുസര്‍ക്കാരും പെട്രോളിന്റെ പേരില്‍ ജനത്തെ കൊള്ളയടിക്കുന്നതില്‍ ഒറ്റക്കെട്ടാണ്. ലിറ്ററന് 20 രൂപ വിലയുള്ള ക്രൂഡ് ഓയില്‍ ശുദ്ധീകരിച്ച് ലാഭവുമെടുത്ത് 30 രൂപക്ക് വില്‍ക്കാമെന്നിരിക്കെയാണ് 75 രൂപക്ക് വിറ്റ് കൊള്ള നടത്തുന്നത്. കേന്ദ്രം രണ്ടര ലക്ഷം കോടി രൂപ ജനങ്ങളില്‍ നിന്ന് ഇത് വഴി കൈക്കലാക്കുമ്പോള്‍ സംസ്ഥാനം 6200 കോടിയിലധികം രൂപ പിഴിയുന്നു.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി രാജ്യത്തെ തകര്‍ത്തു എന്ന് മാത്രമല്ല വര്‍ഗീയത കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും രാജ്യത്തിന്റെ അടിസ്ഥാന ശിലയായ മതേതരത്വത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. ബീഫിന്റെയും പശുവിന്റെയും പേരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് 35 പേര്‍ അരുംകൊല ചെയ്യപ്പെട്ടു. കൊലയാളികള്‍ക്ക് സര്‍ക്കാര്‍ ജോലിയും സര്‍ക്കാര്‍ വക പാരിതാഷികങ്ങളും നല്‍കാന്‍ പോലും ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് മടിയില്ല. കപട ദേശീയതയും മത ഫാസിസവും അരങ്ങ്തകര്‍ക്കുന്നു. ദലിതരും ന്യൂനപക്ഷങ്ങളും നിര്‍ദാക്ഷിണ്യം വേട്ടയാടപ്പെടുന്നു.
അഴിമതികളില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ് കേന്ദ്രത്തില്‍ ഭരണം കയ്യാളുന്ന ബി.ജെ.പിയും അവരുടെ സര്‍ക്കാരുകളും. മധ്യപ്രദേശിലെ വ്യാപം അഴിമതിക്കും ഛത്തീസ്ഘട്ടിലെ 36000 കോടിയുടെ റേഷന്‍ കുഭകോണത്തിനും പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ്ഷാക്കെതിരെയും ആരോപണമുയര്‍ന്നു. ഇരുന്നെണീല്‍ക്കുന്നത് പോലെ ഒറ്റവര്‍ഷം കൊണ്ട് 16000 ഇരിട്ടിയിലേക്ക് ജെയ്ഷായുടെ വ്യവസായം വളര്‍ന്നുവെന്നാണ് ആരോപണം. കേന്ദ്രത്തിന്റെ ചുവട്പിടിച്ചാണ് കേരളത്തിലും ബി.ജെ.പിക്കാര്‍ അഴിമതി വ്യവസായം വളര്‍ത്തിയെടുക്കുന്നത്. അധികാരമില്ലെങ്കിലും കോടികള്‍ കൊയ്യാമെന്ന് മെഡിക്കല്‍ കോളജ് അഴിമതിയിലൂടെ അവര്‍ തെളിയിച്ചു. കള്ള നോട്ടടി, തട്ടിക്കൊണ്ടു പോകല്‍, കോഴ തുടങ്ങി നിരവധി ആരോപണങ്ങളുടെ ചെളിക്കുണ്ടിലാണ്ടു കിടക്കുകയാണ് ബി.ജെ.പി. വിദേശ രാജ്യങ്ങളിലേക്കുള്ള സര്‍ക്കീട്ടും വാചകക്കസര്‍ത്തും കഴിച്ചാല്‍ വികസന രംഗത്ത് വട്ടപൂജ്യമാണ് നരേന്ദ്രമോദി. യു.പി.എ സര്‍ക്കാരിന്റെ 23 ഓളം പദ്ധതികളുടെ പേരു മാറ്റിയെന്നല്ലാതെ പുതുതായി ഒരൊറ്റ ക്ഷേമ പദ്ധതിയും തുടങ്ങാന്‍ മോദിക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രത്തിലെ ഈ ജനവിരുദ്ധ സര്‍ക്കാരിനെ അടിച്ചു പുറത്താക്കി രാജ്യത്തെ ശുദ്ധീകരിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. കേന്ദ്രത്തിലെയും കേരളത്തിലെയും ജനവിരുദ്ധ സര്‍ക്കാരുകള്‍ക്കെതിരായ സന്ധിയില്ലാത്ത സമരം നടത്തേണ്ടത് കാലം യു.ഡി.എഫിനെ ഏല്‍പിച്ച കടമയാണ്. അതിന്റെ പടയൊരുക്കത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണവും പിന്തുണയും ആവശ്യമാണ്.