ബെയ്ജിങ്: രണ്ടു പതിറ്റാണ്ട് പിന്നിട്ട കരിയറിനു ശേഷം ബാഡ്മിന്റണ്‍ ഇതിഹാസം ചൈനയുടെ ലിന്‍ ഡാന്‍ കളംവിട്ടു. ഒളിമ്പിക്സില്‍ രണ്ടു തവണ സ്വര്‍ണ മെഡല്‍ നേടിയ അദ്ദേഹം അഞ്ചു തവണ ലോക ചാമ്പ്യനുമായിട്ടുണ്ട്. ബാഡ്മിന്റണിലെ മേജര്‍ കിരീടങ്ങളെല്ലാം സ്വന്തമാക്കിയ താരമാണ്. 2008-ലെ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ലെ ലണ്ടന്‍ ഒളിമ്പിക്സിലുമാണ് അദ്ദേഹം സ്വര്‍ണ മെഡല്‍ നേടിയത്. കോവിഡിനെ തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്സ് അനിശ്ചിതത്വത്തിലായതോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

”ജീവിതത്തിലെ ഉയര്‍ച്ച താഴ്ച്ചകളില്‍ എന്റെ കുടുംബവും പരിശീലകരും ടീം അംഗങ്ങളും ആരാധകരും എന്നോടൊപ്പമുണ്ടായിരുന്നു. ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ഈ കളിക്കായി എന്റെ എല്ലാം ഞാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. എനിക്കിപ്പോള്‍ 37 വയസായി. എന്റെ ശാരീരിക ക്ഷമതയും വേദനകളും ടീം അംഗങ്ങള്‍ക്കൊപ്പം പോരാടാന്‍ എന്നെ അനുവദിക്കുന്നില്ല.” – ലിന്‍ ഡാന്‍ പറഞ്ഞു.

ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ലിന്‍ ഡാനിന്റെ ഏറ്റവും വലിയ എതിരാളിയും പുറത്ത് അടുത്ത സുഹൃത്തുമായിരുന്ന മലേഷ്യയുടെ ലീ ചോങ് വെയ് വിരമിച്ച് അധികം വൈകാതെയാണ് ഡാനും കളമൊഴിയുന്നത്. ഇരുവരും മുഖാമുഖം വരുന്ന പോരാട്ടം ബാഡ്മിന്റണിലെ ക്ലാസിക്ക് മത്സരങ്ങളെന്നാണ് വിശേഷിപ്പിച്ചിരുന്നത്.

ഏറെ വേദനയോടെയാണ് താന്‍ ഈ തീരുമാനമെടുക്കുന്നതെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വേളയില്‍ അദ്ദേഹം പറഞ്ഞു. ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ആറു സ്വര്‍ണ നേട്ടവും സ്വന്തമായുള്ള അദ്ദേഹം 28 വയസ്സിനിടെ ലോകത്തെ ഒമ്പത് പ്രധാന ടൂര്‍ണമെന്റുകളും ജയിച്ച് സൂപ്പര്‍ ഗ്രാന്റ്സ്ലാം സ്വന്തമാക്കിയ താരം കൂടിയാണ്.