Connect with us

Football

സെവന്‍സ് ഫുട്‌ബോളിനെ രക്ഷിക്കണം

അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്.

Published

on

ഷഹബാസ് വെളളില

ദേശീയ കുപ്പായത്തില്‍വരെ എത്തിയ ഒട്ടനവധി ഫുട്‌ബോള്‍ താരങ്ങള്‍ പിച്ചവെച്ച സെവന്‍സ് ഫുട്‌ബോള്‍ മൈതാനങ്ങളില്‍ നിന്ന് ഇന്ന് നല്ല വാര്‍ത്തകളല്ല പുറത്തുവരുന്നത്. അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ‘ഫൗള്‍ പ്ലേകള്‍’ കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍ സെവന്‍സ് എന്ന ആവേശത്തിന് അധികനാള്‍ ആയുസ്സുണ്ടാവില്ല. മത്സരം നിയന്ത്രിക്കുന്ന റഫറിയെ കയ്യേറ്റം ചെയ്യുന്നു. കാണികള്‍ താരങ്ങളെ മര്‍ദിക്കുന്നു. കളിക്കളത്തില്‍ താരങ്ങള്‍ പരസ്പരം മാരകമായ ഫൗളുകളും തുടര്‍ന്ന് കയ്യാങ്കളിയും പതിവാകുന്നു.

നിയന്ത്രിക്കാന്‍ കഴിയാതെ സംഘാടകരും പൊലീസും വിയര്‍ക്കുന്നു. അച്ചടക്ക ലംഘനം നിരന്തരം നടത്തുന്ന താരങ്ങള്‍ക്ക്‌വരെ സംരക്ഷണം ലഭിക്കുന്നു. ഇതാണിപ്പോള്‍ സെവന്‍സ്. വലിയ ലക്ഷ്യങ്ങളോടെ ആരംഭിക്കുന്ന ഓരോ ടൂര്‍ണമെന്റുകളും കളങ്കപ്പെട്ടാണ് ഫ്‌ളഡ്‌ലൈറ്റ് അഴിക്കുന്നത്. കേസും പ്രശ്‌നങ്ങളുമായി സംഘാടകരും വട്ടംകറങ്ങുന്നു. ഓരോ മൈതാനങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തിന്റെ ഭൂരിഭാഗവും ചെന്നെത്തുന്നത് പാവങ്ങളുടെ കുടിലിലേക്കോ ആശുപത്രി കട്ടിലുകളിലേക്കോ ആണ്. ഓരോ സെവന്‍സ് ടൂര്‍ണമെന്റുകളും വലിയ ജീവകാരുണ്യ പ്രവര്‍ത്തനം കൂടിയാണ്. അതിന്റെ വലിയൊരു വിഭാഗം ഗുണഭോക്താക്കള്‍ പാവപ്പെട്ടവരും രോഗികളും മറ്റുമാണ്. സെവന്‍സും ആരവങ്ങളും അതിന്റെ പവിത്രതയോടെ നിലനില്‍ക്കണം. അതില്‍ സംഘാടകര്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും നിയമപാലകര്‍ക്കുമെല്ലാം ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

റഫറിയെ മര്‍ദിച്ച താരത്തിന് വിലക്ക് വന്നേക്കും

കാദറലി ആള്‍ ഇന്ത്യ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫൈനല്‍ മത്സരത്തിനിടെ റഫറിയെ മര്‍ദിച്ച എഫ്.സി കുപ്പൂത്തിന്റെ റിന്‍ഷാദിനെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്‌തെങ്കിലും കൂടുതല്‍ വലിയ ശിക്ഷാ നടപടികള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. 27ന് നടക്കുന്ന യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം. അതേസമയം അസോസിയേഷന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കരുത്താകുന്നതെന്ന വാദവും ഉയരുന്നുണ്ട്. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ പ്രത്യകിച്ചും അഖിലേന്ത്യാ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ ഇടക്കിടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അസോസിയേഷനും തലവേദനയായിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാണിച്ച് അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് വിലക്ക്‌വരെ വന്നേക്കാവുന്ന സാഹചര്യവും തള്ളിക്കളയാനാകില്ല.

വില്ലന്‍ ദുര്‍ബലമായ നിയമങ്ങളോ

സെവന്‍സില്‍ ചുവപ്പ് കാര്‍ഡ് കിട്ടുന്ന താരത്തിന് പകരം ടീമിന് മറ്റൊരാളെ ഇറക്കാം. അതുകൊണ്ടു തന്നെ ഒരാള്‍ പോയാല്‍ മറ്റൊരാള്‍ വരും. ചുവപ്പ് കാര്‍ഡ് ടീമിനെ ബാധിക്കില്ലെന്ന് സാരം. ചുവപ്പ് കാര്‍ഡിന് പുറമെ മറ്റ് നടപടികളൊന്നും തന്നെ താരത്തിനെതിരെ ഉണ്ടാകുന്നില്ലെന്നതും സൗകര്യമാണ്. റഫറിയെ മര്‍ദിച്ചാല്‍ കൂടുതല്‍ മത്സരങ്ങളില്‍ നിന്നും താരത്തെ വിലക്കുമെന്ന നിയമങ്ങളിലും വെള്ളം ചേര്‍ത്തു. ടീമിന്റെയും മാനേജര്‍മാരുടെയും സമ്മര്‍ദവും ഇതിന് കാരണമായിട്ടുണ്ട്. മാരകമായി ഫൗള്‍ ചെയ്യുന്ന കളിക്കാരെയും റഫറിയോടും കാണികളോടും മോശമായി പെരുമാറുന്ന താരങ്ങളെ സീസണ്‍ മുഴുവന്‍ വിലക്കുന്ന ശക്തമായ നിയമങ്ങളാണ് വേണ്ടത്. അനാവശ്യമായി ഗ്രൗണ്ടിലേക്കിറങ്ങുന്ന കാണികളെ നിയന്ത്രിക്കാന്‍ സംഘാടകര്‍ക്കും കൂടെ പൊലീസിനും കഴിയണം. ഇത്തരക്കാര്‍ക്കെതിരെ പലപ്പോഴും പരാതികള്‍ ഇല്ലാത്തത് കാരണം പൊലീസും നടപടി സ്വീകരിക്കാറില്ല. അനാവശ്യമായി ഗ്രൗണ്ടിലിറങ്ങുന്ന കാണികള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി വേണം.

പകിട്ടേറിയ അഖിലേന്ത്യാ ഫെയിം എന്ന മേല്‍വിലാസം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിച്ച താരങ്ങള്‍ക്ക് കിട്ടാത്ത ഫാന്‍സ് സപ്പോര്‍ട്ടും പിന്തുണയും പല സെവന്‍സ് താരങ്ങള്‍ക്കും കിട്ടുന്നു. സാമ്പത്തികമായും മികച്ച നേട്ടം. ബെഞ്ചില്‍ ഇരിക്കുന്ന താരങ്ങള്‍ക്ക് വരെ 3000 കുറയാതെ പ്രതിഫലം ലഭിക്കുന്നു. ഒരു മത്സരത്തിന് മാത്രം പത്തായിരം വാങ്ങുന്ന താരവുമുണ്ട്്. അഖിലേന്ത്യാ ഫെയിം ആയി കഴിഞ്ഞാല്‍ ലോക്കല്‍ സെവന്‍സുകളില്‍ മികച്ച മാര്‍ക്കറ്റാണ്. വലിയ പ്രതിഫലവും ശ്രദ്ധയും ലഭിക്കും. സെവന്‍സിലെ മികച്ച താരങ്ങളുടെ പലരുടെയും ഇന്‍സ്റ്റഗ്രാം ഫോളോവേഴ്്‌സിന്റെ എണ്ണം ദേശീയ താരങ്ങളേക്കാള്‍ ഏറെ ഉയരത്തിലാണ്. നിറഞ്ഞ ഗ്യാലറിക്ക് മുന്നില്‍ പന്തുതട്ടാനും താരങ്ങള്‍ക്ക് പറ്റുന്നു. കേരളത്തില്‍ നിന്ന് ദേശീയ തലത്തിലേക്ക് വളര്‍ന്ന താരങ്ങളില്‍ ഏറെയും സെവന്‍സ് മൈതാനങ്ങളിലൂടെ കളിച്ചു വളര്‍ന്നവരാണ്. നിയമങ്ങള്‍ കര്‍ശനമായി എല്ലാവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന തരത്തില്‍ സെവന്‍സ് പഴയ ആരവങ്ങളോടെ തന്നെ നിലനില്‍ക്കണം എന്നതാണ് ഏവരുടെയും ആഗ്രഹം.

Football

ദേശീയ ഗെയിംസ് ഫുട്ബാള്‍; 27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കേരളത്തിന് സ്വര്‍ണം

ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്.

Published

on

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ഗെയിംസ് ഫുട്ബാളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പിച്ചാണ് കേരളം സ്വര്‍ണ്ണം നേടിയത്. 53ാം മിനിറ്റില്‍ എസ്. ഗോകുലാണ് വിജയ ഗോള്‍ നേടിയത്.

1997ലാണ് കേരളം ദേശീയ ഗെയിംസില്‍ അവസാനമായി സ്വര്‍ണം നേടുന്നത്. 2022ല്‍ ഗുജറാത്ത് ഗെയിംസില്‍ ഫൈനലിലെത്തിയെങ്കിലും ബംഗാളിനോട് തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണ ഗോവയില്‍ വെങ്കലവും നേടി.
75ാം മിനിറ്റില്‍ സഫ്വാന്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായ ശേഷം പത്ത് പേരായി ചുരുങ്ങിയിട്ടും കേരളത്തിന്റെ വലയില്‍ പന്തെത്തിക്കാന്‍ ഉത്തരാഖണ്ഡിനായില്ല.

ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.

മത്സരത്തിന്റെ അവസാന സമയത്ത് ലഭിച്ച കോര്‍ണര്‍ കിക്കുകളും ഉത്തരാഖണ്ഡിന് ലക്ഷ്യത്തിലെത്തിക്കാനായില്ല.

കേരള സ്‌ക്വാഡ്

പി. ആദില്‍, കെ. മഹേഷ്, സഫ്വാന്‍ മേമന,യു. ജ്യോതിഷ്, ബിബിന്‍ ബോബന്‍, സി. സച്ചിന്‍ സുനില്‍, കെ. അഭിനവ്, ബബ്ലി സിവരി ഗിരീഷ്, സി. ജേക്കബ്, എസ്. ഗിരീഷ്, കെ. ജിദ്ദു, സി. സല്‍മാന്‍ ഫാരിസ്, എസ്. സന്ദീപ്, എസ്. സെബാസ്റ്റ്യന്‍, എസ്. ഷിനു, യാഷിന്‍ മാലിക്, പി.പി. മുഹമ്മദ് ഷാദില്‍, അജയ് അലക്‌സ്, ടി.വി. അല്‍കേഷ് രാജ്, ബിജേഷ് ടി. ബാലന്‍, ടി.എന്‍. അഫ്‌നാസ്, സി. മുഹമ്മദ് ഇഖ്ബാല്‍.

പരിശീലകന്‍: ഷഫീഖ് ഹസന്‍, സഹപരിശീലകന്‍: കെ. ഷസിന്‍ ചന്ദ്രന്‍, ഗോള്‍ കീപ്പിങ് കോച്ച്: എല്‍ദോ പോള്‍, മാനേജര്‍: ബി.എച്ച്. രാജീവ്, ഫിസിയോ: യു. മുഹമ്മദ് അദീ

 

Continue Reading

Football

വലന്‍സിയയെ തകര്‍ത്ത് ബാഴ്സലോണ കോപ്പ ഡെല്‍ റേ സെമിഫൈനലില്‍

ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

Published

on

കോപ്പ ഡെല്‍ റെയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണക്ക് മിന്നും ജയം. വലന്‍സിയയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ബാഴ്‌സലോണ തകര്‍ത്തത്. ബാഴ്‌സക്കായി ഫെറാന്‍ ടോറസ് ഹാട്രിക്ക് നേടി മിന്നി.

മത്സരം തുടങ്ങി ആദ്യ മുപ്പത് മിനിറ്റില്‍ തന്നെ മുന്നേറ്റക്കാരന്‍ ഹാട്രിക്ക് തികച്ചു. മൂന്നാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ടോറസ് 14 മിനിറ്റുകള്‍ക്ക് ശേഷം രണ്ടാം ഗോളും സ്വന്തമാക്കി. 30ാം മിനിറ്റിലായിരുന്നു താരത്തിന്റെ മുന്‍ ക്ലബ്ലിനെതിരായ ഹാട്രിക്ക്. 23ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപസും 59ാം മിനിറ്റില്‍ യുവതാരം ലാമിന്‍ യമാലും ബാഴ്‌സക്കായി ഗോള്‍ വല ചലിപ്പിച്ചു.

ജനുവരി 27 ന് നടന്ന ‘ലാ-ലീഗ’ യിലെ 21ാമത്തെ മത്സരത്തിലും വലന്‍സിയക്കെതിരെ ബാഴ്‌സലോണ തകര്‍പ്പന്‍ ജയം നേടിയിരുന്നു. മുന്‍ ജര്‍മന്‍ കോച്ചും ബയേണ്‍ മ്യൂണിക്കിന് അവസാനമായി ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഹാന്‍സി ഫ്‌ലിക്ക് ആണ് ബാഴ്‌സയുടെ നിലവിലെ കോച്ച്. മുന്‍ സീസണുകളിലെ ടീമിന്റെ മോശം പ്രകടനം ഹാന്‍സി ഫ്‌ലിക്കലൂടെ തിരിച്ചു പിടിച്ച ബാഴ്‌സ വീണ്ടും പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിലാണ്.

 

Continue Reading

Football

റോണോള്‍ഡോക്കും നെയ്മറിനും ഇന്ന് പിറന്നാള്‍ മധുരം

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു.

Published

on

ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍സ്റ്റാറുകളുടെ പിറന്നാള്‍ ദിനമാണ് ഇന്ന്… പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രസീലിയന്‍ മിന്നുംതാരം നെയ്മര്‍ ജൂനിയറും. വിശ്വ കിരീടം നേടാനായില്ലെങ്കിലും ഫുട്‌ബോളില്‍ പകരം വെയ്ക്കാനില്ലാത്ത പ്രതിഭകളാണ് റോണോയും നെയ്മറും. ലോക ഫുട്‌ബോളില്‍ ഏറ്റവും അധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ക്ക് ഇന്ന് പിറന്നാള്‍ മധുരം.

പ്രായത്തെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് 40ാം വയസിലേക്കും, നെയ്മര്‍ ജൂനിയര്‍ എന്ന കാല്‍പന്തു കളിയുടെ ബ്രസീലിയന്‍ രാജകുമാരന്‍ ഇന്ന് 33ലേക്കും കടന്നു. ഫുട്‌ബോള്‍ മൈതാനത്ത് മാന്ത്രിക കാലുകള്‍ കൊണ്ട് ഇവര്‍ തീര്‍ത്ത അഴകിന് വാക്കുകളില്ല. ഫുട്‌ബോളില്‍ പകരംവയ്ക്കാനില്ലാത്ത അതുല്യ പ്രതിഭകള്‍ക്ക് പിറന്നാള്‍ ആശംസകള്‍.

അരങ്ങേറ്റം കുറിച്ച് രണ്ട് ദശാബ്ദം പിന്നിട്ടിട്ടും ഇന്നും സഊദി നഗരികളെ ഫുട്‌ബോള്‍ ആവേശത്തിലാഴ്ത്തുകയാണ് സിആര്‍7. അല്‍ നസറിനായി പന്തു തട്ടുന്ന റോണോ പ്രായം തളര്‍ത്താത്ത പോരാളിയായി ഗോള്‍വേട്ട തുടരുന്നു. 2003ല്‍ സ്‌പോര്‍ടിങ് ലിസ്ബണിനായി പന്തു തട്ടിയായിരുന്നു താരത്തിന്റെ തുടക്കം. പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി. യുണൈറ്റഡിന്റെ ചുവന്ന ജേഴ്‌സിയില്‍ മിന്നിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേര് ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായി.

2009ല്‍ ഫുട്‌ബോള്‍ ട്രാന്‍സ്ഫര്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തു കൊണ്ട് റൊണാള്‍ഡോ മാഡ്രിഡിലേക്ക് ചേക്കേറി. മാഡ്രിഡ് കാലത്ത് ഒന്നിലധികം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങളും റൊണാള്‍ഡോ കൈപിടിയിലാക്കി. ലാലിഗ കിരീടം, ചാംപ്യന്‍സ് ലീഗ് കിരീടം എന്നിങ്ങനെ ഒട്ടനവധി നേട്ടങ്ങളുമായാണ് റയലിലെ സുവര്‍ണകാലത്തോട് ക്രിസ്റ്റ്യാനോ വിട പറഞ്ഞത്. പിന്നാലെ യുവന്റസിലേക്കും അല്‍ നസറിലേക്കും ക്രിസ്റ്റ്യാനോ ചേക്കേറി. പന്ത് തട്ടിയ ഭൂഖണ്ഡങ്ങളിലെല്ലാം റോണോ ഗോളടി തുടര്‍ന്നുകൊണ്ടേയിരുന്നു.

2016 യൂറോ കപ്പിലും 2018 നേഷന്‍സ് ലീഗ് കപ്പിലും പോര്‍ച്ചുഗലിനെ കിരീടത്തില്‍ എത്തിച്ച നായകനാണ് റൊണാള്‍ഡോ. അഞ്ച് ബാലന്‍ഡിയോര്‍, അഞ്ച് ചാംപ്യന്‍സ് ലീഗ്, ഫിഫ പ്ലെയര്‍ ഓഫ് ദി ഇയര്‍, പുസ്‌കാസ് അവാര്‍ഡ്.. റൊണാള്‍ഡോ വാരികൂട്ടിയ നേട്ടങ്ങള്‍ നിരവധിയാണ്.

നൈസര്‍ഗിക കാല്‍പന്ത് മികവുമായി എത്തി ഫുട്‌ബോളില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച മായജാലക്കാരന്‍. ബ്രസീലിയന്‍ തെരുവുകളില്‍ നിന്ന് ലോക ഫുട്‌ബോളിലേക്ക് ഓടിക്കയറിയ മാന്ത്രികന്‍. ജോഗോ ബൊണിറ്റയുടെ സുന്ദരതാളങ്ങളുമായി ഫുട്‌ബോളില്‍ കാല്‍പ്പനികത രചിച്ച നെയ്മര്‍ ഡാ സില്‍വ സാന്റോസ് ജൂനിയര്‍. 2009ല്‍ ബ്രസീലിയന്‍ ക്ലബ് സാന്റോസിലൂടെ അരങ്ങേറ്റം. അധികം വൈകാതെ ബ്രസീലിലെ അത്ഭുത ബാലന്റെ വരവ് ലോക ഫുട്‌ബോളില്‍ ആളിപ്പടര്‍ന്നു. കാത്തിരിപ്പിന് ഒടുവില്‍ 2013ല്‍ നെയ്മര്‍ ക്യാംപ് നൗവിലെത്തി.

മെസ്സിക്കും സുവാരസിനും ഒപ്പം ലാലിഗയില്‍ പന്ത് തട്ടിയ നെയ്മര്‍ തന്റെ മനോഹരമായ പാദചലനങ്ങള്‍ കൊണ്ട് മായാജാലം തീര്‍ത്തു. പിന്നീട് പാരിസിലേക്കും, ശേഷം സഊദിയിലേക്കും നെയ്മര്‍ ചേക്കേറി. തുടര്‍ച്ചയായ പരിക്കുകള്‍ നെയ്മറിനെ അലട്ടിക്കൊണ്ടിരുന്നു. പരിക്ക് കാരണം ദിവസങ്ങളും മാസങ്ങളും താരത്തിന് കളത്തിന് പുറത്തിരിക്കേണ്ടി വന്നു. സൗദി ക്ലബ് അല്‍ ഹിലാലിനായി വിരലില്‍ എണ്ണാവുന്ന മത്സരങ്ങളില്‍ മാത്രമാണ് നെയ്മര്‍ ബൂട്ട് കെട്ടിയത്. ഒടുവില്‍ കഴിഞ്ഞ വാരം പന്താട്ടം ആരംഭിച്ച ബാല്യകാല ക്ലബ്ബായ സാന്റോസിലേക്ക് തന്നെ നെയ്മര്‍ മടങ്ങിയെത്തിയിരിക്കുകയാണ്.

Continue Reading

Trending