ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പിസിസി അധ്യക്ഷന്‍ ഡി.കെ ശിവകുമാറിന്റെ മിന്നല്‍ നീക്കം. ഡികെ നടത്തിയ നിര്‍ണായ നീക്കത്തിലൂടെ രാജരാജേശ്വരി നഗറിലെ 240 ജെഡിഎസ് നേതാക്കളാണ് കോണ്‍ഗ്രസിലെത്തിയത്. ഉപതെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കുന്ന നിര്‍ണായക സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുന്നതാണ് പുതിയ സംഭവം.

സഖ്യസര്‍ക്കാരിനെ താഴെയിറക്കി കര്‍ണാടകയില്‍ ബിജെപി ഭരണം നേടിയതിന് പിന്നാലെ കോണ്‍ഗ്രസ്‌ജെഡിഎസ് ബന്ധവും തകര്‍ന്നിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കടുത്ത ശ്രമങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. യൂണിറ്റ് പ്രസിഡന്റ് ബേട്ടാസ്വാമി ഗൗഡ അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് പാളയത്തിലെത്തിച്ചത്.

നവംബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയാണ് കോണ്‍ഗ്രസ് നീക്കം. ഇതോടെ രാജേശ്വരി നഗറില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ ഏറുകയാണ്. ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ഡികെ ശിവകുമാറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ ജെഡിഎസ് ക്യാംപില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്. വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതും പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചുമാണ് ഡികെ മുന്നേറുന്നത്. ബിജെപിക്ക് ഉള്ളില്‍ തന്നെ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയ്‌ക്കെതിരെ ഉയരുന്ന വിമതസ്വരങ്ങളും അഴിമതി ആരോപണങ്ങളും ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍.