ന്യൂഡല്‍ഹി: പശുക്കള്‍ക്ക് ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. രാജ്യാന്തര- അന്തര്‍ സംസ്ഥാന പശുക്കടത്ത് നിയന്ത്രിക്കാനാണ് പശുക്കള്‍ക്കും ആധാര്‍ മോഡല്‍ തിരിച്ചറിയല്‍ രേഖ തയാറാക്കുന്നതെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.  സര്‍ക്കാര്‍ ഈ വിഷയത്തില്‍ തത്വത്തില്‍ ധാരണയിലെത്തിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച പ്രത്യേക കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. കേസ് വാദം കേള്‍ക്കാനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി.

നേപ്പാള്‍, ബംഗ്ലാദേശ് ബോര്‍ഡര്‍ വഴിയുള്ള അനധികൃത പശുക്കടത്ത് നിര്‍ത്തലാക്കാന്‍ സര്‍ക്കാറിനോട് പരമോന്നത നീതിപീഠം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം ജോയിന്‍ സെക്രറട്ടറിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ രൂപീകരിക്കുന്നത്. ‘പ്രായം, ഇനം, ലിംഗം, ഉയരം, ശരീരപ്രകൃതം, നിറം, കൊമ്പ്, വാല്‍ തുടങ്ങി വിശദവിവരങ്ങളടങ്ങിയ സവിശേഷ തിരിച്ചറിയല്‍ രേഖ ഓരോ മൃഗത്തിന് മേലും മുദ്രണം ചെയ്യണം’-റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാന തല ഡാറ്റാ ബാങ്കുകളാണ തയാറാക്കേണ്ടതെന്ന് പറയുന്ന റിപ്പോര്‍ട്ട് ദേശീയ ഓണ്‍ലൈന്‍ വിവരശേഖരവുമായി ഇതിനെ ബന്ധിപ്പിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കൃഷി വകുപ്പാണ് ഇത് സംബന്ധമായ രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കേണ്ടതും തുക വകയിരുത്തേണ്ടതെന്നും പറയുന്ന റിപ്പോര്‍ട്ട് ഒരു നോഡല്‍ ഓഫീസറെ ഇതിനായി നിയമിക്കാനും പറയുന്നു. മൃഗങ്ങള്‍ക്കെതിരായ അക്രമം തടയല്‍ ആക്ടിന് കീഴിലെ കന്നുകാലി രജിസ്‌ട്രേഷന്‍ നിയമം1978 പ്രകാരം ഓരോ സംസ്ഥാനത്തും പ്രത്യേക ഓഫീസറെ നിയമിക്കാനും റിപ്പോര്‍ട്ട് നിര്‍ദേശം നല്‍കുന്നു.
ഗോ സംരക്ഷണ സേവകരുടെ മര്‍ദനം മൂലം ജീവഹാനി വരെയുണ്ടായ അക്രമസംഭവങ്ങള്‍ ദേശീയ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുമ്പോഴാണ് തിരിച്ചറിയല്‍ രേഖകളില്ലാതെ പശുക്കളെ കടത്താന്‍ പാടില്ലെന്നും വെറ്റിനറി ഓഫീസറുടെ ഫിറ്റനസ് സര്‍ട്ടിഫിക്കറ്റില്ലാതെ മൃഗങ്ങളെ കടത്താനാവില്ലെന്നും നിര്‍ദേശിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിക്ക് മുന്നിലെത്തുന്നത്.