പട്‌ന/ഭോപ്പാല്‍: ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ബിഹാറിലും പശുഭീകരരുടെ അഴിഞ്ഞാട്ടം. ബീഫ് കടത്തിയെന്ന് ആരോപിച്ച് രണ്ടു സംസ്ഥാനങ്ങളിലും യുവാക്കളെ അക്രമികള്‍ ക്രൂരമായി തല്ലിച്ചതച്ചു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബിഹാറിലെ ഭോജ്പൂര്‍ ജില്ലയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. ദേശീയപാത 84 വഴി വരികയായിരുന്ന ട്രക്ക് ബക്‌സറില്‍ തടഞ്ഞു നിര്‍ത്തുകയും വാഹനത്തിലുണ്ടായിരുന്നവരെ കെട്ടിയിട്ട ശേഷം വടികൊണ്ട് തല്ലിച്ചതക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അക്രമകികളെ പിടികൂടുന്നതിനു പകരം മര്‍ദ്ദനമേറ്റവരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ബി.ജെ.പി-ജെ.ഡി.യു സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ബിഹാറില്‍ പശുഭീകരര്‍ അഴിഞ്ഞാട്ടം തുടങ്ങിയത്.

മധ്യപ്രദേശില്‍ ബെതുല്‍ ജില്ലയിലെ ദുലാരിയ ഗ്രാമത്തില്‍ നാലു യുവാക്കളും മര്‍ദ്ദനത്തിനിരയായി. ഇവിടെയും മര്‍ദ്ദനമേറ്റ യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ഇന്നലെയാണ് പുറത്തുവന്നത്. യുവാക്കളുടെ കൈകള്‍ പിന്നില്‍ കെട്ടിയ ശേഷം വടികൊണ്ടും കമ്പികൊണ്ടും തല്ലിച്ചതക്കുകയായിരുന്നു. ഈസമയം ഒരു പൊലീസുകാരന്‍ സ്ഥലത്തുണ്ടായിരുന്നെങ്കിലും അക്രമികളെ തടഞ്ഞില്ല. മര്‍ദ്ദനമേറ്റ യുവാക്കള്‍ സമീപ ജില്ലയായ രഹട്ഗാവില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഇവരിപ്പോള്‍ റിമാന്റിലാണ്. ആക്രമികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഇവര്‍ ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം.