റായ്പുര്‍: ബിജെപി നേതാവ് നടത്തുന്ന ഗോശാലയില്‍ ഭക്ഷണം കിട്ടാതെ 200 പശുക്കള്‍ ചത്തു. ഛത്തീസ്ഗഢിലെ റായ്പുരിലാണ് മൂന്നു ദിവസത്തിനിടയില്‍ പട്ടിണി കിടന്ന് പശുക്കളുടെ കൂട്ടമരണം.

ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഗോശാലയിലെ പശുക്കളാണ് ചത്തത്. അതേസമയം 27 പശുക്കള്‍ മാത്രമാണ് പട്ടിണി മൂലം ചത്തതെന്നാണ് ഔദ്യോഗികമായ കണക്ക്.
എന്നാല്‍ ബിജെപി നേതാവിനെതിരെ ആരോപണവുമായി സമീപവാസികള്‍ എത്തി. ഗോശാലായിലെ 200ല്‍ അധികം പശുക്കള്‍ ചത്തതായും ഭക്ഷണവും മരുന്നും ലഭിക്കാത്തതാണ് കൂട്ടമരണത്തിന് കാരണമെന്നും സമീപവാസികള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഗോശാലയ്ക്കു സമീപം മണ്ണുമാന്തി യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചതായും ഗ്രാമവാസികള്‍ മാധ്യമങ്ങളെ അറിയിച്ചു.