അഭിനയം നിര്‍ത്തുകയാണെന്ന് പ്രഖ്യാപിച്ച ബോളിവുഡ് നടി സൈറ വസീമിന് പിന്തുണയും ആശംസയും അര്‍പ്പിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. ഇത് നിങ്ങളുടെ ജീവിതമാണെന്നും നിങ്ങള്‍ക്ക് ആവശ്യമുള്ളത് ചെയ്യുകയാണ് വേണ്ടതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

‘ഇത് നിങ്ങളുടെ ജീവിതമാണ്. നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ളത് ചെയ്യുക. നിങ്ങള്‍ക്ക് നല്ല ഭാവിയുണ്ടാകട്ടെയെന്ന് ആശംസിക്കുന്നു. നമ്മുടെ തൊഴിലും കലയും നമ്മുടെ ജീവിതമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവിടെ നിന്ന് മതത്തെ മാറ്റി നിര്‍ത്താന്‍ നിങ്ങള്‍ ശ്രമിക്കണം. അതിന്റെ ആവശ്യം ഇവിടെയില്ല. നിങ്ങളുടെ മതം ഇടപെടുകയാണെങ്കില്‍ നിങ്ങളെ ഇവിടെ ആവശ്യമില്ല’-സിദ്ധാര്‍ത്ഥ് പറഞ്ഞു. സൈറ വസീമിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശം.

താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സൈറ വസീം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മതപരമായ കാരണങ്ങളാല്‍ തനിക്ക് അഭിനയിക്കേണ്ടെന്നും ഈമാനില്‍ നിന്ന് അകലുകയാണെന്നും സൈറ വസീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അഭിനയ രംഗത്തുനിന്ന് പിന്‍മാറുന്നതിനെ കുറിച്ച് താരം വ്യക്തമാക്കിയത്.

സിനിമാരംഗത്ത് കടന്നുവന്നതിന് ശേഷം ജീവിതമാകെ മാറിപ്പോയി. അജ്ഞത കൊണ്ട് ഈമാനില്‍ നിന്ന് അകലുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം തന്റെ വ്യക്തിത്വത്തിലും തൊഴില്‍ രീതിയില്‍ സന്തോഷവതിയായിരുന്നില്ല. ഈ രംഗത്തോട് ചേര്‍ന്ന് പോകാന്‍ കഴിയുമെങ്കിലും തന്റെ ഇടം ഇതല്ല. ഒരുപാട് സ്‌നേഹവും പിന്തുണയും സിനിമാലോകത്ത് നിന്ന് ലഭിച്ചെങ്കിലും നിശ്ശബ്ദമായും അറിയാതെയും താന്‍ ഈമാനില്‍ നിന്ന് അകലുകയായിരുന്നെന്ന് സൈറ വസീം പറഞ്ഞു. മതത്തിന്റെ മൗലികമായ സംഗതികളേക്കുറിച്ചുള്ള എന്റെ അജ്ഞതയും ഒരു മാറ്റമുണ്ടാക്കാന്‍ മുന്‍പ് ശ്രമിക്കാതിരുന്നതും ലൗകീക മോഹമങ്ങളോടുള്ള താല്‍പര്യം മൂലമായിരുന്നു. ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും താരം കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ ജനിച്ച സൈറ 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡ് രംഗപ്രവേശം നടത്തുന്നത്. ഗീതാ ഫോഗട്ട് ആയുള്ള പ്രകടനം സൈറയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തു. 2017ല്‍ റിലീസ് ചെയ്ത സീക്രട്ട് സൂപ്പര്‍സ്റ്റാറില്‍ മുഖ്യ വേഷമാണ് സൈറ ചെയ്തത്. ഇരു ചിത്രങ്ങളിലേയും പ്രകടനത്തിന്റെ ഫലമായി സൈറ രാഷ്ട്രപതിയുടെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയിരുന്നു. മൂന്നാമത് ചിത്രം ‘ദ സ്‌കൈ ഈസ് പിങ്ക്’ ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് സൈറ അഭിനയജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നത്.