കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണ്ണായകമായ വഴിത്തിരിവുണ്ടാകുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലിന് തയ്യാറാകുന്നുവെന്നാണ് പുതിയ വിവരം. ഇതു സംബന്ധിച്ച വാര്‍ത്ത മലയാള മനോരമയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

നടിയെ ആക്രമിച്ചകേസില്‍ പ്രതികളായ പള്‍സര്‍ സുനി, ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരാണ് കോടതിയില്‍ പുതിയ വെളിപ്പെടുത്തലിന് തയ്യാറാവുന്നത്. കേസില്‍ ഗൂഢാലോചന നടത്തിയവര്‍ പ്രതിസ്ഥാനത്തുവരാതെ ഇപ്പോഴും നിയമത്തിനുമുന്നില്‍ നില്‍ക്കുന്നുവെന്ന നിലപാടാണ് പ്രതികള്‍ കോടതി മുമ്പാകെ ഗൂഢാലോചന വെളിപ്പെടുത്താന്‍ കാരണം.

മാര്‍ട്ടിന്‍, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷ ഇന്നലെ പരിഗണിക്കാനിരുന്നതാണ്. ഹര്‍ജിയിലെ വാദത്തിനിടയില്‍ ഇവര്‍ കേസിന്റെ ഇതുവരെ പുറത്തുവരാത്ത ഗൂഢാലോചന വെളിപ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ കോടതി ഇന്നലെ വാദം കേട്ടില്ല. വാദം 17-ാം തിയ്യതിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പ്രതികളുടെ വിലപേശല്‍ തന്ത്രമായിരിക്കും ഇതെന്നാണ് പോലീസ് നിഗമനം.

കഴിഞ്ഞ ഫെബ്രുവരി 17-നാണ് തൃശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന നടി വാഹനത്തില്‍വെച്ച് ആക്രമിക്കപ്പെടുന്നത്. ആക്രമണത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് അന്നുമുതലേ ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇതു ശരിയെന്ന് വെക്കുന്നതാണ് കേസിലെ പുതിയ വഴിത്തിരിവ്.