തൃശൂര്‍: ഭാവനയുടെ വിവാഹത്തിന്റെ തിയ്യതി വെളിപ്പെടുത്തി സഹോദരന്‍ രാജേഷ്. വിവാഹം മാറ്റിവെച്ചെന്നും മുടങ്ങിയെന്നുമുള്ള പ്രചാരണങ്ങളെ തള്ളിയാണ് കുടുംബത്തിന്റെ വിവാഹതിയ്യതി പ്രഖ്യാപനം. കന്നട നിര്‍മ്മാതാവ് നവീനാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്.

ഇരുവരുടെയും വിവാഹം ജനുവരി 22 ന് തൃശൂരില്‍ നടക്കുമെന്ന് രാജേഷ് പറഞ്ഞു. തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കളെയും മാത്രമേ പങ്കെടുപ്പിക്കുകയുള്ളു. അന്ന് വൈകുന്നേരം തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി വിവാഹ സല്‍കാരം ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമായിരുന്നു വിവാഹനിശ്ചയം. വിവാദങ്ങള്‍ കത്തിനില്‍ക്കുന്നതിനിടെയുണ്ടായ ഭാവനയുടെ വിവാഹനിശ്ചയ ചടങ്ങില്‍ സിനിമാമേഖലയിലെ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തുടര്‍ന്ന് വിവാഹതിയ്യതി പല രീതിയിലും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് തള്ളി തിയ്യതി സ്ഥിരീകരിക്കുകയാണ് കുടുംബം.