കൊച്ചി: കാര്‍ യാത്രക്കിടെ യുവനടിയെ തട്ടികൊണ്ടുപോയി അപമാനിക്കാന്‍ ശ്രമിച്ചതായി പരാതി. ഷൂട്ടിങ് കഴിഞ്ഞ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ രാത്രി ഒമ്പതു മണിക്ക് അത്താണിയിലാണ് സംഭവം. മൂന്നു പേര്‍ നടിയുടെ കാറില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. തൊട്ടുപിന്നിലുണ്ടായ കാര്‍ നടിയുടെ കാറിനു പിന്നില്‍ ചെറുതായി ഇടിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മൂന്നു പേര്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറിലേക്ക് കയറുകയായിരുന്നു.

കാറില്‍ വെച്ച് നടിയെ ഉപദ്രവിച്ച ശേഷം അപമാനിക്കുകയും അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. പാലാരിവട്ടത്തെത്തിയപ്പോള്‍ മൂവര്‍ സംഘം മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു. പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി നടി
സഹായം അഭ്യര്‍ത്ഥിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് യുവനടിയുടെ കാര്‍ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനിയാണ് സംഭവത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് പൊലീസ് പറയുന്നത്. ഹണി ബി 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സംഘത്തിലുള്‍പ്പെട്ട ഡ്രൈവറാണ് സുനില്‍. ഇയാള്‍ മാല മോഷണം, കവര്‍ച്ച തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. സുനിലിന്റെ നിര്‍ദേശപ്രകാരമാണ് മാര്‍ട്ടിന്‍ യുവനടിയുടെ കാര്‍ ഓടിക്കാന്‍ കഴിഞ്ഞ ദിവസമെത്തിയത്. മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍കൂട്ടി തയാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. യുവനടിയെ ഇന്നലെ രാത്രി തന്നെ വൈദ്യപരിശോധനക്കു വിധേയയാക്കി.