സിനിമയില്‍ വിവാദമായ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് പ്രതികരണവുമായി നടി മീന. സിനിമയില്‍ മാത്രമല്ല, എല്ലാ തൊഴിലിടങ്ങളിലും സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് മീന പറഞ്ഞു.

സ്ത്രീകള്‍ സ്വന്തം കഴിവിലാണ് വിജയിക്കേണ്ടത്. കാസ്റ്റിങ് കൗച്ച് വിഷമകരമായ അവസ്ഥയാണ്. തനിക്കിതുവരേയും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല. എന്നാല്‍ താന്‍ സിനിമയില്‍ വരുന്ന കാലത്തും ഇത്തരം അക്രമങ്ങള്‍ സിനിമാരംഗത്ത് ഉണ്ടായിരുന്നുവെന്നും മീന പറഞ്ഞു.

പുരുഷന്‍മാര്‍ ഇപ്പോഴെങ്കിലും മാറി ചിന്തിക്കണം. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ സ്വന്തം ഭാര്യയേയും മകളേയും കുറിച്ച് ആലോചിക്കണമെന്നും വിജയം കൈവരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ സ്വന്തം കഴിവില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിനിമയില്‍ കാസ്റ്റിങ് കൗച്ചിനിരയായെന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയത് തെലുങ്ക് നടി ശ്രീ റെഡ്ഡിയായിരുന്നു. പിന്നീട് മലയാള സിനിമയിലടക്കം വിഷയം ചര്‍ച്ചയായിരുന്നു. പല നടിമാരും ഇതിനോട് പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.