കൊച്ചി: നടിയെ ആക്രമിച്ച് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി കൈമാറിയ മെമ്മറികാര്‍ഡിലുണ്ടെന്ന് സൂചന. സംഭവത്തിനുശേഷം പ്രതി അഭിഭാഷകനെ ഏല്‍പ്പിച്ച മെമ്മറികാര്‍ഡില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

പള്‍സര്‍ സുനി അഭിഭാഷകന് കൈമാറിയ ഫോണ്‍ മെമ്മറി കാര്‍ഡ് ഫോറന്‍സിക് പരിശോധനക്ക് ലഭിച്ചിരുന്നു. പള്‍സര്‍ സുനിയെ നുണപരിശോധനക്ക് വിധേയമാക്കുന്നതിന് ഇന്നലെ അന്വേഷണ സംഘം തീരുമാനത്തിയിരുന്നു. എന്നാല്‍ നുണപരിശോധനക്ക് വിധേയമാകുന്നതിനുള്ള ശാരീരിക -മാനസിക അവസ്ഥയില്ലെന്ന് സുനി അറിയിച്ചു. ഇതിനിടെയാണ് ഫോറന്‍സിക് പരിശോധന ഫലം അറിയുന്നത്. ഇത് കേസിന് വഴിത്തിരിവാകുമെന്നാണ് പോലീസ് കരുതുന്നത്. കേസിലെ പ്രതിയായ മണികണ്ഠനെ ദൃക്‌സാക്ഷിയാക്കാന്‍ പോലീസ് നീക്കം നടക്കുന്നുണ്ട്. മണികണ്ഠന്റെ രഹസ്യമൊഴിയും രേഖപ്പെടുത്തിയേക്കും.

അന്വേഷണം തന്നില്‍ അവസാനിക്കണമെന്ന ഗൂഢലക്ഷ്യത്തോടെയാണ് പള്‍സര്‍ സുനി പോലീസിനെ നേരിടുന്നത്. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആക്ഷേപമുണ്ടെങ്കിലും അതിന് വ്യക്തമായ തെളിവുകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം, ഇന്ന് കസ്റ്റഡി കാലാവധി തീരാനിരിക്കെ പള്‍സര്‍ സുനി, വിജീഷ് എന്നിവരുടെ പോലീസ് കസ്റ്റഡി നീട്ടാനുള്ള അപേക്ഷ മജിസ്‌ട്രേറ്റ് അനുവദിച്ചിട്ടുണ്ട്. ഈ മാസം 10വരെ രണ്ടു പ്രതികളേയും അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ സൂക്ഷിക്കാം.