തിരുവനന്തപുരം: ബോളിവുഡ് നടി കങ്കണ റാനൗട്ടിന് പിന്തുണയുമായി നടി അഹാന കൃഷ്ണ. കങ്കണയുടെ അനധികൃതമായി നിര്‍മ്മിച്ച ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്ന സംഭവത്തിലാണ് അഹാനയുടെ പിന്തുണ. കങ്കണയുടെ മുബൈയിലെ ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പൊളിച്ചു നീക്കാനുള്ള നടപടി മുംബൈ കോര്‍പറേഷന്‍ ആരംഭിച്ചത്.

കെട്ടിടം പൊളിച്ചുനീക്കുന്ന ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അഹാനയുടെ പ്രതികരണം. ദൗര്‍ഭാഗ്യകരമായ ഈ അവസ്ഥയുണ്ടാകുന്നത് നിങ്ങള്‍ക്കാണെങ്കിലോ എന്ന് ചിന്തിക്കൂ എന്ന് ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിക്കുന്നു.

‘മീഡിയ, ശാന്തരാവുക, കങ്കണയുടെ പൊളിച്ചുമാറ്റിയ കെട്ടിടത്തിനകത്ത് എന്താണെന്ന് നമ്മള്‍ കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്മാപ്പെടുമോ?’ അഹാന ചോദിക്കുന്നു.

കെട്ടിടം പൊളിച്ച് മാറ്റാനുള്ള നടപടിക്കെതിരെ കങ്കണ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് നടപടി കോടതി സ്‌റ്റേ ചെയ്തു. തല്‍ക്കാലം കെട്ടിടം പൊളിച്ച് മാറ്റുന്നത് നിര്‍ത്തിവെക്കാനാണ് കോടതി ഉത്തരിട്ടത്. മഹാരാഷ്ട്ര സര്‍ക്കാരുമായി വാക്‌പോര് തുടരുന്നതിനിടെ കഴിഞ്ഞ ദിവസം കങ്കണ മുംബൈയില്‍ എത്തിയിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നടക്ക് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.