തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ഏ.കെ ശശീന്ദ്രന്‍. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശശീന്ദ്രന്‍ വിവാദങ്ങളോട് പ്രതികരിച്ചത്.

ഫോണ്‍കെണി വിവാദത്തില്‍ യഥാര്‍ത്ഥ ഇര താനാണെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വീണ്ടും മന്ത്രിയായതില്‍ ധാര്‍മ്മികതയുടെ പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തോമസ്ചാണ്ടിയാണോ കേസിനു പിന്നിലെന്ന ചോദ്യത്തിനും മന്ത്രി പ്രതികരിച്ചു. കേസിനു പിന്നില്‍ തോമസ് ചാണ്ടിയാണോ എന്നതിന് തെളിവ് കിട്ടിയിട്ടില്ലെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വിവരങ്ങള്‍ ഉണ്ടെങ്കിലല്ലേ അങ്ങനെ പറയാന്‍ കഴിയൂ. ഉണ്ടെങ്കില്‍ പറയുമെന്നും, വിവാദസമയത്ത് കുടുംബം ഒപ്പം നിന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫോണ്‍കെണി വിവാദത്തെത്തുടര്‍ന്ന് രാജിവെച്ച ശശീന്ദ്രന്‍ പത്തു മാസത്തിനു ശേഷമാണ് വീണ്ടും മന്ത്രിയായി എത്തുന്നത്. പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയാറായതോടെയാണ് ശശീന്ദ്രന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത്. എന്‍.സി.പിയില്‍ നിന്ന് മന്ത്രിസ്ഥാനത്തെത്തിയ തോമസ് ചാണ്ടിക്ക് ഭൂമികയ്യേറ്റ വിവാദത്തില്‍ രാജിവെക്കേണ്ടി വന്നിരുന്നു. പിന്നീട് എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടന്ന സാഹചര്യത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഉടന്‍ ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള നീക്കങ്ങള്‍ എന്‍.സി.പി ശക്തമാക്കുകയായിരുന്നു.