ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധം വേണമെന്ന തന്റെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരിയുടെ പ്രസംഗം. ബി.ജെ.പിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് യെച്ചൂരി പറഞ്ഞു. ബി.ജെ.പിയെ തോല്‍പിക്കുകയാണ് പ്രധാന ലക്ഷ്യം. അതിന് എല്ലാ ജനാധിപത്യശക്തികളും ഒന്നിക്കണം. ഇതിനായി പാര്‍ട്ടി കോണ്‍ഗ്രസ് നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രസംഗത്തിന്റെ ആദ്യാവസാനം ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യെച്ചൂരി ഉന്നയിച്ചത്. കഠ്‌വ, ഉന്നാവ് സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടായി. ബി.ജെ.പി ബലാല്‍സംഗത്തെ പോലും വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു. പ്രസംഗത്തിലൊരിടത്തും യെച്ചൂരി കോണ്‍ഗ്രസിനെതിരെ ഒരു വിമര്‍ശനവും ഉന്നയിച്ചില്ലെന്നതും ശ്രദ്ധേയമായി.

വൈകീട്ട് പ്രകാശ് കാരാട്ട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. അതിന് ശേഷം കോണ്‍ഗ്രസ് ബന്ധം ആവശ്യപ്പെടുന്ന ബദല്‍രേഖ സീതാറാം യെച്ചൂരിയും അവതരിപ്പിക്കും. നേരത്തെ യെച്ചൂരിയുടെ ബദല്‍ രേഖ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞിരുന്നു. കേരള ഘടകം കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടിലാണ് ബംഗാള്‍ ഘടകം.