പോര്‍ട്ട് എലിസബത്ത്: ഒരപൂര്‍വ ‘നേട്ട’വുമായാണ് ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ പുറത്തായത്. ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ബിഡബ്ലിയുവിലൂടെ(ലെഗ് ബിഫോര്‍ വിക്കറ്റ്) പുറത്താകുന്ന 10,000മത്തെ കളിക്കാരനായി അംല. നുവാന്‍ പ്രതീപിനായിരുന്നു വിക്കറ്റ്. പുറത്താക്കിയ ക്രെഡിറ്റ് പ്രതീപിനും വെക്കാം. മത്സരത്തില്‍ 48 റണ്‍സാണ് അംല നേടിയത്. 53 പന്തില്‍ അഞ്ച് ബൗണ്ടറികളുടെ അകമ്പടിയേടെയായിരുന്നു അംലയുടെ ഇന്നിങ്‌സ്. ബാറ്റ്‌സ്മാന് ആഹ്ലാദിക്കാനുള്ള വകയൊന്നുമല്ല ഇൗ നേട്ടമെങ്കിലും ക്രിക്കറ്റ് റെക്കോര്‍ഡ് ബുക്കില്‍ കുറിക്കപ്പെടുന്നു എന്നതാണ് പ്രത്യേകത.

 
ടെസ്റ്റ് ക്രിക്കറ്റില്‍ എല്‍ഡി ഡബ്ലിയു നടപ്പിലാക്കിയത് മുതലുള്ള കണക്കാണിത്. ടെസ്റ്റില്‍ എല്‍ബി വിക്കറ്റിലൂടെ ഏറ്റവും തവണ ഔട്ടായത് ഇന്ത്യയുടെ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ്. 296 പുറത്താവലുകളില്‍ നിന്ന് സച്ചിന്‍ 63 തവണയാണ് എല്‍ബി വിക്കറ്റിലൂടെ പുറത്തായത്. വെസ്റ്റ്ഇന്‍ഡീസിന്റെ ശിവനാരായണ്‍ ചന്ദ്രപോളിനാണ് രണ്ടാം സ്ഥാനം. 231ല്‍ 55 തവണയാണ് എല്‍ബിഡബ്ലിയുവിലൂടെ പോള്‍ പുറത്തായത്. 50 ലെത്തിയ മറ്റൊരു താരം ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ചാണ്. ഇപ്പോള്‍ കളിക്കുന്നവരില്‍ ഇംഗ്ലണ്ടിന്റെ അലസ്റ്റയര്‍ കുക്ക്(47)യൂനിസ് ഖാന്‍(43) എന്നിവരും അമ്പതിലോട്ടടുക്കുന്നു.

എല്‍ബിയിലൂടെ പുറത്താക്കിയ ബൗളര്‍മാരില്‍ ക്രെഡിറ്റ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോഴത്തെ പരിശീലകനുമായ അനില്‍ കുംബ്ലയ്ക്കാണ്. കുംബ്ലെ വീഴ്ത്തിയ 619 വിക്കറ്റുകളില്‍ 156ഉം എല്‍ബി വിക്കറ്റിലൂടെയാണ്. 800വിക്കറ്റില്‍ 150മായി ശ്രീലങ്കയുടെ മുത്തയ്യമുരളീധരന്‍ 708 വിക്കറ്റുകളില്‍ 138മായി ഓസ്‌ട്രേലിയയുടെ ഷെയിന്‍ വാര്‍ണ്‍ എന്നിവരാണ് തൊട്ടടുത്തുള്ളവര്‍.
(കടപ്പാട് ഇസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ)