ലണ്ടന്‍: ഹാഷിം അംല ബാറ്റു കൊണ്ടും ഇംറാന്‍ താഹിര്‍ പന്തുകൊണ്ടും മിന്നിയപ്പോള്‍ ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ദക്ഷിണാഫ്രിക്കക്ക് 96 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ആഫ്രിക്കന്‍ ടീം, അംലയുടെ പ്രത്യേകതകള്‍ നിറഞ്ഞ 25-ാം സെഞ്ച്വറിയുടെ ബലത്തില്‍ വെച്ചുനീട്ടിയ 300 എന്ന വിജലക്ഷ്യത്തിനു മുന്നില്‍ ദ്വീപുകാരുടെ പോരാട്ടം 203 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 27 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തി ലങ്കക്കാരുടെ താളംതെറ്റിച്ച ഇംറാന്‍ താഹിര്‍ ആണ് കളിയിലെ കേമന്‍.

ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഹാഷിം അംലയുടെ (103) സെഞ്ച്വറി മികവിലാണ് 299 റണ്‍സ് അടിച്ചെടുത്തത്. ഫാഫ് ഡുപ്ലസ്സി (75) അര്‍ധ സെഞ്ച്വറി നേടി.

ഏറ്റവും വേഗത്തില്‍ 25 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡ് ഇതോടെ സ്വന്തം പേരിലാക്കി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്്‌ലിയുടെ കൈയിലിരുന്ന റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ താരം സ്വന്തം പേരിലാക്കിയത്. കോഹ്്‌ലി 162 ഇന്നിങ്‌സുകളില്‍ നിന്ന് സ്വന്തമാക്കിയ നേട്ടത്തിന് അംല 151 ഇന്നിങ്‌സേ എടുത്തുള്ളൂ. 25 സെഞ്ച്വറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കക്കാരനെന്ന തിരുത്താനാവാത്ത റെക്കോര്‍ഡും അംല സ്വന്തം പേരിലെഴുതി. ഏറ്റവുമധികം ഏകദിന സെഞ്ച്വറികള്‍ സ്വന്തമാക്കുന്നവരില്‍ സംഗക്കാരക്കൊപ്പം അഞ്ചാം സ്ഥാനത്താണിപ്പോള്‍ അംല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49), റിക്കി പോണ്ടിങ് (30), ജയസൂര്യ (28) വിരാട് കോഹ്്‌ലി (27) എന്നിവരാണ് മുന്നിലുള്ളത്.

ക്വിന്റണ്‍ ഡികോക്കി (23) നൊപ്പം ഓപണറായി ഇറങ്ങിയ അംല 112 പന്തില്‍ നിന്നാണ് ശതകത്തിലെത്തിയത്. അഞ്ച് ഫോറും രണ്ട് സിക്‌സറുമടക്കമാണ് താരം നാഴികക്കല്ല് താണ്ടിയത്. ഡികോക്ക് പുറത്തായതിനു ശേഷമെത്തിയ ഡുപ്ലസ്സിക്കൊപ്പം രണ്ടാം വിക്കറ്റില്‍ 145 റണ്‍സിന്റെ കൂട്ടുകെട്ടും അംല പടുത്തുയര്‍ത്തി. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും പുറത്തായതിനു ശേഷം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന് പ്രതീക്ഷിച്ച വേഗം കൈവരിക്കാന്‍ കഴിഞ്ഞില്ല. എങ്കിലും ജീന്‍ പോള്‍ ഡ്യൂമിനി (20 പന്തില്‍ 38) കാഴ്ചവച്ച മികച്ച പ്രകടനം നിര്‍ണായകമായി.

മറുപടി ബാറ്റിങില്‍ മികച്ച തുടക്കം കിട്ടിയെങ്കിലും മധ്യഓവറുകളില്‍ താഹിറിന്റെ പന്തുകള്‍ക്കു മുന്നില്‍ ശ്രീലങ്ക വട്ടം കറങ്ങുകയായിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ ഡിക്കവെല്ലയും ഉപുല്‍ തരംഗയും ലങ്കയെ 69-ല്‍ എത്തിച്ചപ്പോള്‍ പ്രതീക്ഷ വാനത്തോളമായിരുന്നെങ്കിലും രണ്ടിന് 94 എന്ന നിലയില്‍ നിന്ന് 6 ന് 155 എന്ന നിലയിലേക്ക് പിന്നീടവര്‍ കൂപ്പുകുത്തി. കുസാല്‍ പെരേര (44 നോട്ടൗട്ട്) ഒരറ്റത്ത് പൊരുതി നോക്കിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വീഴ്ത്തി 41.3 ഓവറില്‍ ദക്ഷിണാഫ്രിക്ക മത്സരം അവസാനിപ്പിച്ചു.