ബംഗളൂരു: ദക്ഷിണാഫ്രിക്കന്‍ ഓപ്പണിങ് ബാറ്റ്സ്മാന്‍ ഹാഷിം അംലയുടെ സത്യസന്ധതക്ക് മുന്നില്‍ അത്ഭുതപ്പെട്ട് വീണ്ടും ക്രിക്കറ്റ് ലോകം. ക്രിക്കറ്റില്‍ മാന്യതയുടെ ബ്രാന്‍ഡ് അംബാസിഡറായി അറിയപ്പെടുന്ന അംല, ക്രീസില്‍ യഥാര്‍ത്ഥ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ഐ.പി.എല്ലില്‍ മത്സരത്തിനിടെയാണ് അംല വീണ്ടും മാന്യതയുടെ പെരുമാറ്റത്തിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്നത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ ഔട്ടായതായി മനസിലാക്കിയ അംല, അമ്പയറുടെ തീരുമാനത്തിനും കളിക്കാരുടെ വിലയിരുത്തലിനും കാത്തു നില്‍ക്കാതെ ക്രീസ് വിടുകയായിരുന്നു.


അങ്കിത് ചൗധരിയുടെ പന്തില്‍ ശ്രമിച്ച ഷോട്ടില്‍ പിഴച്ചപ്പോള്‍ സ്വന്തം മന:സാക്ഷിയോട് നീതി പുലര്‍ത്തിയാണ് അംല മൈതാനം വിട്ടത്. ബാറ്റില്‍ ചെറുതായി ഉരസിയ പന്ത് വിക്കറ്റ് കീപ്പര്‍ കേദര്‍ ജാദവിന്റെ കൈകളിലെത്തിയപ്പോഴും ആരും അപ്പീല്‍ ചെയ്തിരുന്നില്ല. പന്ത് ബാറ്റില്‍ തട്ടിയോ എന്ന് ഉറപ്പില്ലാത്തതെ നില്‍ക്കെ ഏവരേയും ഞട്ടിച്ചു കൊണ്ട് അംല പുറത്തേക്കു നടക്കുകയായിരുന്നു. തുടര്‍ന്ന് അങ്കിതും ജാദവും ആഹ്ലാദ പങ്കിടുകയുമാണുണ്ടായത്.


അംലയുടെ സമീപനത്തെ പ്രകീര്‍ത്തിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.