ന്യൂഡല്‍ഹി: അന്ത്യോദയ എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് നിവേദനം നല്‍കി. അന്ത്യോദയ എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പില്ല. മലപ്പുറത്തെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍.

മലയാള ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ ജന്‍മനാടായ തിരൂര്‍ മലയാള സര്‍വകലാശാലയുടെ ആസ്ഥാനമാണ്. ജില്ലയുടെ മിക്കഭാഗങ്ങളില്‍ നിന്നുമുള്ള ദീര്‍ഘദൂര യാത്രക്കാര്‍ തിരൂര്‍ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ട് തിരൂരില്‍ നിര്‍ബന്ധമായും സ്റ്റോപ് അനുവദിക്കണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സ്റ്റോപ് അനുവദിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.