Connect with us

Views

അറബ് നയതന്ത്ര പ്രതിസന്ധി: ട്രംപിനെ വിമര്‍ശിച്ച് ജര്‍മനി

Published

on

 

ബെര്‍ലിന്‍: അറബ് നയതന്ത്ര പ്രതിസന്ധിയില്‍ തലയിട്ട് സംസാരിക്കുന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മനി. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് പുതിയ ആയുധ പന്തയത്തിന് തിരികൊളുത്തിയിരിക്കുകയാണ് ട്രംപ് എന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ കുറ്റപ്പെടുത്തി. ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ച അറബ് രാഷ്ട്രങ്ങളുടെ നടപടിയെ ട്രംപ് ന്യായീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിരുന്നു.
ട്രംപിന്റെ സഊദി സന്ദര്‍ശനത്തിനുശേഷമാണ് ഖത്തറിനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുന്ന നീക്കങ്ങളുണ്ടായത്. ഗള്‍ഫ് ഭരണകൂടങ്ങളുമായി ട്രംപ് അടുത്തിയുടെയുണ്ടാക്കിയ സൈനിക കരാറുകള്‍ ആയുധ കച്ചവടരംഗത്ത് പുതിയ ഭീഷണികള്‍ സൃഷ്ടിക്കുന്നതാണെന്ന് ഗബ്രിയേല്‍ പറഞ്ഞു. യു.എസ് നടപടികള്‍ പൂര്‍ണമായി തെറ്റാണെന്ന് പറയുന്നില്ല. പക്ഷെ, അത് ജര്‍മനിയുടെ നയമല്ല-അദ്ദേഹം വ്യക്തമാക്കി. അറബ് മേഖലയില്‍ വന്‍ പ്രത്യാഘതങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ സംഭവങ്ങള്‍ കാരണമാകും. പ്രതിസന്ധിയുടെ ട്രംപ് വല്‍ക്കരണം കാര്യങ്ങളെ കൂടുതല്‍ അപകടകരമാക്കുമെന്ന് ഉറപ്പാണ്-ഗബ്രിയേല്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യാന്‍ സഊദി വിദേശകാര്യ മന്ത്രിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

അട്ടിപ്പേറിന്റെ അവകാശികള്‍

Published

on

ഉബൈദ് കോട്ടുമല

പൗരത്വ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവര്‍ക്ക് സമന്‍സുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരാള്‍ ഒന്നിലധികം സമന്‍സുകളാണ് കൈപറ്റുന്നത്. കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ ഇനിയുമുണ്ടാകുമെന്ന് തോന്നുന്നില്ല. കോഴിക്കോട് വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്ത പതിനായിരങ്ങളുടെ പേരില്‍ സ്വമേധയാ കേസെടുത്ത സര്‍ക്കാരാണ് കേരളത്തിലുള്ളത്. തിരൂരങ്ങാടിയില്‍ വഖഫ് സംരക്ഷണ റാലിയില്‍ പ്രസംഗിച്ചതിന്റെ പേരിലാണ് എസ്.വൈ.എസ് നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ തിരൂരങ്ങാടി പൊലീസ് കേസെടുത്തത്. അതും സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസായിരുന്നു. എന്നാല്‍ ശശികലയുടെ വര്‍ഗീയ പ്രസംഗത്തിനെതിരെ ജില്ലാ മുസ്‌ലിം യൂത്ത് ലീഗും ലോയേഴ്‌സ് ഫോറവും പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. കേരളത്തിന്റെ സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ശശികലയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ ഇതിന് മുമ്പും കേരളം കേട്ടിട്ടുണ്ട്. പക്ഷെ, ഒരു പെറ്റി കേസ് പോലും ചാര്‍ജ്ജ് ചെയ്യാന്‍ കേരള പൊലീസ് മുന്നോട്ട് വന്നിട്ടില്ല. ആലപ്പുഴയില്‍ വല്‍സന്‍ തില്ലങ്കേരിക്ക് യഥേഷ്ടം വര്‍ഗീയത പ്രസംഗിക്കുന്നതിന് കേരളത്തില്‍ തടസങ്ങളൊന്നുമില്ല. കേസെടുക്കാന്‍ പൊലീസുമില്ല. ‘അഞ്ച് വഖ്ത് നമസ്‌കരിക്കാന്‍ പള്ളി നിങ്ങള്‍ കാണൂല, ബാങ്ക് നിങ്ങള്‍ കേള്‍ക്കൂല’, എന്ന മുദ്രവാക്യം വിളിച്ച് തലശ്ശേരി ടൗണിലൂടെ പ്രകടനം നടത്തിയ ആര്‍.എസ്.എസുകാരെ ജയിലിലടക്കാന്‍ കേരള പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേസെടുത്തെങ്കിലും ജാമ്യത്തിനായി പ്രോസിക്യൂഷന്‍ മനപൂര്‍വം ഹാജരാകാതെ സഹായിക്കുകയായിരുന്നു. ആരെയാണ് ഈ സര്‍ക്കാര്‍ ഭയക്കുന്നത് എന്ന ചോദ്യം ഇവിടെ പ്രസക്തമാവുകയാണ്.

കേരള പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയത് കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി തന്നെയാണ്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ എല്‍.ഡി.എഫും, എല്‍.ഡി.എഫ് ഭരണ കാലത്ത് യു.ഡി.എഫും പരസ്പരം ഉന്നയിക്കാത്ത ഗുരുതരമായ ആരോപണമാണ് സ്വന്തം ആഭ്യന്തര വകുപ്പിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി ഉയര്‍ത്തിയിട്ടുള്ളത്. സി.പി.എമ്മും ഇടതുപക്ഷവും ഈ പ്രസ്താവനയെ ഇന്നേവരെ തള്ളിപ്പറഞ്ഞിട്ടുമില്ല. സി.പി.ഐ നേതാവ് ആനിരാജ ഇതേ അഭിപ്രായം നേരത്തെ പ്രകടിപ്പിച്ചിട്ടുമുണ്ട്. 2016 മുതല്‍ കേരള പൊലീസില്‍ ആര്‍.എസ്.എസ് സ്വാധീനം ഉറപ്പിച്ചു എന്ന് തന്നെയാണ് ഈ പ്രസ്താവനകളൊക്കെ തുറന്ന് സമ്മതിക്കുന്നത്. കേരള പോലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷമോ അതോ സംഘ്പരിവാറോ എന്ന പൊതുജനത്തിന്റെ സംശയം ദൂരീകരിക്കുന്നതിന് ഈ പ്രസ്താവന ഏറെ സഹായിച്ചിട്ടുമുണ്ട്. മുവായിരം ആര്‍.എസ്.എസുകാര്‍ക്ക് കേരളത്തില്‍ പരിശീലനം നല്‍കി എന്ന് മാത്രമല്ല, ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആര്‍.എസ്.എസിന് നൂറിലധികം പുതിയ ശാഖകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടിട്ടുള്ളത്. വിദ്യാലയങ്ങള്‍ തോറും ആര്‍.എസ്.എസിന്റെ രഹസ്യ പരിശീലനങ്ങള്‍ സജീവമാകുന്നതായും വാര്‍ത്തകളുണ്ട്. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വോട്ട് ചോര്‍ച്ചയും തുടര്‍ ഭരണത്തിനായി ആര്‍.എസ്.എസ് ഉയര്‍ത്തിയ മുറവിളികളും എല്ലാം കൂട്ടി വായിച്ചാല്‍ ആരുടെ അട്ടിപ്പേറാണ് സി.പി.എമ്മിന് അവകാശപ്പെടാനാവുക എന്ന് അനുമാനിക്കാവുന്നതേയുള്ളൂ.

പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍, എന്നിവര്‍ക്കെതിരെ ബി.ജെ.പി പ്രയോഗിക്കുന്ന യു. എ.പി.എയുടെ പ്രചാരകരായി കേരളം മാറിയിരിക്കുകയാണ്. ആറ് വര്‍ഷത്തിനിടയില്‍ 150 ലധികം യു.എ.പി.എ കേസുകളാണ് കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമര്‍ശിച്ചാണ് യു.എ.പി.എ ചുമത്തി ഇടതുപക്ഷം അറസ്റ്റ് ചെയ്യപ്പെട്ട അലനും താഹക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇപ്പോള്‍ സി.പി.ഐ ജില്ലാ സമ്മേളന പോസ്റ്ററുകളില്‍ അലന്റെയും താഹയുടെയും പടങ്ങള്‍ ഇടംപിടിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ ധാര്‍ഷ്ട്യത്തിനു മുന്നില്‍ നിശബ്ദരായ സി.പി.ഐക്ക് ഇത്തരം പ്രതിഷേധ രീതികളില്‍ അഭയം തേടാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. ‘മുണ്ടുടുത്ത മോദി’യെന്ന വിശേഷണം മുഖ്യമന്ത്രിക്ക് നല്‍കാന്‍ കാനം രാജേന്ദ്രന് ഒരു കാലത്ത് കഴിഞ്ഞിട്ടുണ്ടായിരുന്നു. മാവോയിസ്റ്റ് നേതാവ് രൂപേഷിനുമേല്‍ ചുമത്തിയ യു.എ.പി.എ കേസ് ഹൈക്കോടതി റദ്ദാക്കിയപ്പോള്‍ അതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. പ്രതിഷേധം കാരണം സുപ്രീം കോടതിയില്‍ പിന്‍വലിക്കല്‍ ഹരജി നല്‍കിയിരിക്കുകയാണ് ഇടതു സര്‍ക്കാര്‍. രാജ്യത്താകമാനം 24134 യു.എ.പി.എ കേസുകളില്‍ 212 പേര്‍ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളത്. ബാക്കിയെല്ലാം അകാരണമായി അറസ്റ്റ് ചെയ്യപ്പെട്ടവരാണ്. സിദ്ധീഖ് കാപ്പനും അലനും താഹയും രൂപേഷുമെല്ലാം ഇതിന്റെ ഇരകളാണ്. കാപ്പന്റെ വിഷയത്തില്‍ സര്‍ക്കാരിനൊന്നും ചെയ്യാനില്ലെന്നാണ് കാപ്പന്റെ ഭാര്യക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി എന്നതും ശ്രദ്ധേയമാണ്.

ബുള്ളി ഭായി, സുള്ളി ഡീല്‍ ആപ്പുകളില്‍ പൗരത്വ പ്രക്ഷോഭസമര നായികമാരെ വില്‍പ്പന ചരക്കാക്കിയതിനെതിരെ കണ്ണൂര്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ കേസെടുത്തില്ലെന്ന് മാത്രമല്ല, കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് നടപടിയെ വിമര്‍ശിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്ത ചെറുപ്പക്കാരനെ റിമാന്റ് ചെയ്യാനാണ് കേരള പൊലീസ് തിടുക്കം കാണിച്ചത്. അതേ സമയം മുംബൈ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ലവ് ജിഹാദിന്റെ പ്രചാരകരായി ജോര്‍ജ് തോമസ് അടക്കമുള്ള സി.പി.എം നേതാക്കള്‍ ഇടക്കിടെ രംഗത്ത് വരുന്നതും ന്യൂനപക്ഷ വേട്ടയുടെ ഭാഗം തന്നെയാണ്. വിഴിഞ്ഞത്ത് തീവ്രവാദികളില്ലെന്നും ആവിക്കലിലുണ്ടെന്നുമുള്ള ഗോവിന്ദന്‍ മാസ്റ്ററുടെ കണ്ടുപിടുത്തം വിജയരാഘവന്റെ നിലപാടുകളുടെ തുടര്‍ച്ചയാണെന്നതില്‍ സംശയമില്ല. നാഷണല്‍ ഹൈവെ-ഗെയില്‍-കെറെയില്‍ എന്നിവയെല്ലാം തീവ്രവാദ സമരങ്ങളുടെപട്ടികയിലാണ് സി.പി.എം ഉള്‍പ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരില്‍ കണ്ണൂരില്‍ ഫര്‍സീന്‍ മജീദിനെതിരെ പൊലീസ് കാപ്പയും ചുമത്തി. എന്നിട്ടും ഭരണത്തിന്റെ പോരിശ പറയുകയാണ് ഇടതുപക്ഷം. ഭരണഘടനയെ ‘കുന്തവും കൊടച്ചക്രവു’മായി ചിത്രീകരിച്ച മുന്‍മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ആര്‍.എസ്.എസ് പുതിയ ഭരണഘടനയുമായി രംഗത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നെഹ്‌റുട്രോഫി വള്ളംകളി ഉദ്ഘാടനത്തിന് അമിത്ഷായെ തന്നെ ക്ഷണിക്കാന്‍ ഇടതുസര്‍ക്കാരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല. രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നത് ബി.ജെ.പിയും സി.പി.എമ്മും മാത്രമാണ്. രാഷ്ട്രീയത്തിന് പകരം ടീ ഷര്‍ട്ടും കണ്ടെയ്‌നറുമാണ് അവരുടെ വിഷയം. കന്യാകുമാരിയില്‍ യാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സ്റ്റാലിന്‍ പറഞ്ഞത് മതേതര ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുല്‍ എന്നാണ്. രാഹുലിനെ സ്വീകരിക്കാന്‍ കേരള അതിര്‍ത്തിയില്‍ മുഖ്യമന്ത്രി ഉണ്ടാകേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടത് ഭരണകൂട വേട്ടയുടെ ഇരയായ കഥാകൃത്തും സംവിധായകനുമായ അടൂര്‍ ഗോപാല കൃഷ്ണന്‍ തന്നെയാണ്.

നിതീഷും ലാലുവും സോണിയയെ കാണാനിരിക്കുകയാണ്. മതേതര സഖ്യത്തെ കോണ്‍ഗ്രസ് നയിക്കണമെന്ന് ശരത് പവാര്‍ നേരത്തെ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, ഓം പ്രകാശ് ചൗതാല, ചന്ദ്രശേഖര റാവു എന്നിവരുമായെല്ലാം നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഏകോപനത്തിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആരും കോണ്‍ഗ്രസിനെ അവഗണിക്കുന്നില്ല. സി.പി.എമ്മില്‍ നിന്ന് മാത്രമാണ് എതിര്‍ ശബ്ദമുയരുന്നത്. അവര്‍ക്കാകട്ടെ കേരളത്തിന് പുറത്ത് ഒന്നും ചെയ്യാനുമില്ല. ബി.ജെ.പിക്കെതിരെ വീറോടെ നിലകൊണ്ട നേതാവായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഇ.ഡി അന്വേഷണം വന്നതോടെ അവര്‍ മൗനിയാവുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ 55 മണിക്കൂറിലധികം തന്നെയും രോഗിയായ തന്റെ മാതാവിനെ മൂന്ന് ദിവസവും ഇ.ഡി തുടര്‍ച്ചയായി ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടും ഭാരതത്തിന്റെ തെരുവിലൂടെ ബി.ജെപി-ആര്‍.എസ്.എസ് അജണ്ടകള്‍ക്കെതിരെ നിര്‍ഭയം മുന്നേറുന്ന രാഹുല്‍ ഗാന്ധിയാണ് മതേതര ഇന്ത്യയുടെ പ്രതീക്ഷ. എത്ര നേതാക്കള്‍ പാര്‍ട്ടി വിട്ടാലും ബി.ജെപിക്കെതിരെ ഒറ്റയാള്‍ പട്ടാളമായി താനുണ്ടാകുമെന്ന രാഹുലിന്റെ പ്രഖ്യാപനം ഭാരതത്തിന്റെ വീണ്ടെടുപ്പിനുള്ള മുറവിളിയാണ്. ആ പ്രതീക്ഷക്ക് തുരങ്കമാകാന്‍ സി.പി.എം ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്.

Continue Reading

columns

പാഠ്യപദ്ധതി ചട്ടക്കൂടില്‍ ഒളിയജണ്ടകളേറെ

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് വൈകിയുദിച്ച ബോധോദയം ഒന്നിച്ചിരുന്നാല്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ വഴിയൊരുക്കി എന്നതാണ് വസ്തുത.

Published

on

ഉബൈദുല്ല താനാളൂര്‍

കേരള പാഠ്യപദ്ധതി ചട്ടക്കൂട് സമൂഹ ചര്‍ച്ചക്കായുള്ള കുറിപ്പ് എന്ന പേരില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SERT) തയ്യാറാക്കിയ കരട് രേഖയില്‍ വിവാദപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ വന്ന സാഹചര്യത്തില്‍ ചട്ടക്കൂടിലെ ‘കുട്ടികളെ വിദ്യാലയങ്ങളില്‍ ആണ്‍പെണ്‍ ഇടകലര്‍ത്തി ഇരുത്തണമെന്ന’ ഭാഗം നീക്കം ചെയ്തത് ആശ്വാസമാണെങ്കിലും ഒരു ഖണ്ഡിക മാത്രം നീക്കം ചെയ്തതോടെ എല്ലാ പ്രശ്‌നങ്ങളും അവസാനിച്ചുവെന്ന് തോന്നിപ്പിക്കുന്നവിധമാണ് ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ പ്രതികരണങ്ങള്‍. വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരുന്നാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രിക്ക് വൈകിയുദിച്ച ബോധോദയം ഒന്നിച്ചിരുന്നാല്‍ കുഴപ്പമുണ്ടെന്ന് മനസ്സിലാക്കാന്‍ വഴിയൊരുക്കി എന്നതാണ് വസ്തുത. യഥാര്‍ഥത്തില്‍ ആണ്‍ പെണ്‍ ഇടകലര്‍ന്നുള്ള ഇരുത്തവും വിദ്യാര്‍ഥികളുടെയൂണിഫോമിലെ ഏകീകരണവും മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിച്ചതെന്ന് ഇതുസംബന്ധമായ ചട്ടക്കൂടിലെ പരാമര്‍ശങ്ങള്‍ തെളിയിക്കുന്നു. ലിംഗ സമത്വമല്ല ലിംഗ നീതിയാണ് യഥാര്‍ഥത്തില്‍ ആവശ്യം. പാഠ്യപദ്ധതി കരട്‌രേഖയിലെ സ്ത്രീ വിരുദ്ധതയും അശാസ്ത്രീയതയും മതനിരാസ ചിന്താഗതിയുമാണ് പ്രധാനമായും പ്രതിഷേധാര്‍ഹമായിട്ടുള്ളത്. മൂല്യബോധം നശിപ്പിക്കാനും ധാര്‍മിക ചിന്ത അകറ്റിനിര്‍ത്താനുമുള്ള ബോധപൂര്‍വമായ നീക്കങ്ങളാണ് ചട്ടക്കൂടില്‍ ഒളിഞ്ഞ്കിടക്കുന്ന അജണ്ടകളില്‍ പലതും. പുതിയ സമൂഹത്തെ ദൈവനിഷേധത്തിലേക്ക് തള്ളിവിടുന്ന ചിന്തകളും പ്രവര്‍ത്തനരീതികളുമാണ് കാണുന്നത്. അധാര്‍മികതയും കുത്തഴിഞ്ഞതുമായ കാമ്പസ് ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്ന രൂപത്തിലുള്ള പരാമര്‍ശങ്ങളാണ് പൊതുവെ രേഖയില്‍ കാണുന്നത്. അറബി ഭാഷാ പഠനം വിദ്യാലയങ്ങളില്‍നിന്നും നീക്കം ചെയ്യുന്നതിന് ആസൂത്രിത ശ്രമവും ഒളിഞ്ഞ് കിടപ്പുണ്ട്. സ്‌കൂള്‍ സമയ മാറ്റവും ഇതിലെ മറ്റൊരജണ്ടയാണ്.

2007ല്‍ പുറത്ത്‌വന്ന വിദ്യാഭ്യാസ സമീപന രേഖയിലെ ഉള്ളടക്കങ്ങള്‍ക്ക് സമാനമായി വേണം ഈ പാഠ്യപദ്ധതി ചട്ടക്കൂടിനെയും കരുതാന്‍. സമീപന രേഖയിലെ മതമില്ലാത്ത ജീവന്‍ എന്ന പുസ്തകത്തിലെ പ്രതിപാദ്യ വിഷയം യഥാര്‍ഥത്തില്‍ വിദ്യാര്‍ഥികളില്‍ മതനിഷേധം വളര്‍ത്തിയെടുക്കാനുള്ള നീക്കങ്ങളില്‍പെട്ടതായിരുന്നു. സമീപന രേഖയില്‍ അറബി ഭാഷയോടുള്ള വിവേചനവും സ്‌കൂള്‍ സമയമാറ്റവും മതനിഷേധ ചിന്താഗതികളും ഉയര്‍ന്നതോടെ കെ.എ.ടി.എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനമൊട്ടുക്കും പ്രക്ഷോഭ പരിപാടികള്‍ നടന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പ്രതിഷേധ വാഹന ജാഥകളും ബോധവത്കരണ പരിപാടികളും അരങ്ങേറി. ഒടുവില്‍ കെ.എ. ടി.എഫിന്റെതന്നെ നേതൃത്വത്തില്‍ മുസ്‌ലിം സംഘടനകളുടെ ഐക്യവേദിക്ക് കളമൊരുക്കുകയും സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്താന്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ടായി പ്രഖ്യാപിക്കുകയും ചെയ്തതോടെ സര്‍ക്കാറിന് സമീപനരേഖ പിന്‍വലിക്കേണ്ടിവന്നു. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന അന്നത്തെ സര്‍ക്കാറിന് സമീപനരേഖയുമായി മുന്നോട്ട്‌പോകാനായില്ല.

പാഠ്യപദ്ധതി ചട്ടക്കൂടില്‍ പേജ് 52ല്‍ കാണുന്ന ചില പരാമര്‍ശങ്ങള്‍ ഇങ്ങനെ വായിക്കാം. ‘പരമ്പരാഗതമായ എല്ലാ അറിവും പ്രയോഗവും ശരിയായിരുന്നുവെന്ന് കരുതുക വയ്യ. വിമര്‍ശനാത്മകമായി വിലയിരുത്തുകയാണ് പഠിതാവ് ചെയ്യേണ്ടത്. മുമ്പത്തെ മനുഷ്യര്‍ക്ക് ഇപ്പോഴുള്ളവരേക്കാള്‍ പ്രകൃതി എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ സംബന്ധിച്ച അറിവ് കുറവായിരുന്നു. ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ വിടവ് വിശ്വാസമാണ് നികത്തിയിരുന്നത്. ആ അന്ധവിശ്വാസങ്ങള്‍ സയന്‍സിന്റെ വെളിച്ചത്തില്‍ അകന്ന് പോയ കഥകൂടി ചേര്‍ത്താവണം ഇന്ത്യന്‍ പാരമ്പര്യത്തെ മനസ്സിലാക്കേണ്ടത്’. വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങളായി മുദ്രകുത്തി അവയെ അവജ്ഞയോടെ തള്ളിക്കളയണമെന്ന ചിന്താഗതി വളര്‍ത്തുകയാണിവിടെ. ഇന്ത്യന്‍ പാരമ്പര്യത്തെ മനസ്സിലാക്കുമ്പോള്‍ നാം ഗ്രഹിച്ച പലതിനേയും തിരുത്തിയെഴുതേണ്ടി വരുമെന്നര്‍ഥം. വിദ്യാലയങ്ങളില്‍ വികലമായ ആശയങ്ങള്‍ കുത്തിവെച്ച് വിദ്യാര്‍ഥികളെ മതനിരാസാ ചിന്താഗതിക്കാരാക്കിമാറ്റാനുള്ള ആസൂത്രിതമായ നീക്കങ്ങളില്‍ ചിലതാണ് ഇവിടെ പ്രകടമായത്.

പാഠ്യപദ്ധതി ചട്ടക്കൂടിലെ ഒളിയജണ്ടകള്‍ക്കെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ മുന്നോട്ട്‌പോകുന്നതിനിടയില്‍ വിദ്യാര്‍ഥികളെ ഇടകലര്‍ത്തി ഇരുത്തണമെന്ന പരാമര്‍ശം നീക്കിയതോടെ സമരപരിപാടികള്‍ക്ക് ശക്തി കുറഞ്ഞോ എന്ന് തോന്നിപ്പോവുകയാണ്. ചട്ടക്കൂടിലെ അറബിഭാഷാവിവേചനവും സ്‌കൂള്‍ സമയമാറ്റവുമെല്ലാം ഏറെ പ്രതിഷേധാര്‍ഹമായ പരാമര്‍ശങ്ങളാണ്. അതുകൊണ്ടുതന്നെയാണ് സമരരംഗത്തുള്ള മറ്റ് സംഘടനകളെപ്പോലെ തന്നെ റിട്ടയേര്‍ഡ് അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും (ആര്‍.എ. ടി.എഫ്) സമരാഹ്വാനവുമായി രംഗത്ത്‌വരികയും ഓഗസ്റ്റ് 30ന് സെക്രട്ടറിയേറ്റ് ധര്‍ണ പ്രഖ്യാപിക്കുകയും ചെയ്തത്. ക്ലാസ് മുറികളില്‍ ആണ്‍പെണ്‍ ഇടകലര്‍ന്നിരിക്കണമെന്ന പരാമര്‍ശം പിന്‍വലിച്ചതോടെ തത്കാലം ആര്‍.എ.ടി.എഫ് ധര്‍ണ പരിപാടി മാറ്റിവെക്കുകയായിരുന്നു.
സ്‌കൂള്‍ പഠനസമയം മാറ്റണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. ശക്തമായ എതിര്‍പ്പ് മൂലം 2007ല്‍ നിര്‍ത്തിവെച്ച അതേ ആവശ്യം കുത്തിപ്പൊക്കാന്‍ ശ്രമിക്കുന്നത് ഉചിതമാകില്ലെന്ന് പറയാതെ വയ്യ. സ്‌കൂള്‍ സമയമാരംഭം രാവിലെ 8 മണിക്ക് ആയിരിക്കണമെന്ന പഴയ നിര്‍ദ്ദേശത്തിന് പിന്‍ബലമുണ്ടാക്കുന്ന രൂപത്തിലാണിപ്പോള്‍ ഇതുസംബന്ധിച്ച് ചട്ടക്കൂടില്‍ പേജ് 18ല്‍ വന്ന പരാമര്‍ശം. ‘നിലവിലുള്ള സ്‌കൂള്‍ സമയത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാകും’. എന്നതാണ് തല്‍സംബന്ധമായി പ്രതിപാദിച്ചിട്ടുള്ളത്. 2007ലെ സമീപന രേഖയില്‍ സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ പരാമര്‍ശത്തില്‍ വിദ്യാലയങ്ങള്‍ രാവിലെ എട്ട് മണിമുതല്‍ മൂന്ന് മണിവരെ ആയിരിക്കണമെന്നായിരുന്നു ഉദ്ദേശം. ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് സമീപന രേഖ പിന്‍വലിച്ചതോടെ ആ ഉദ്യമം ഫലം കണ്ടില്ല. എന്നാലിതാ ഇപ്പോഴത്തെ ചട്ടക്കൂടില്‍ സ്‌കൂള്‍ സമയമാറ്റം വീണ്ടും പുറത്ത് വന്നിരിക്കുന്നു. സ്‌കൂള്‍ സമയമാറ്റം വളരെ അനിവാര്യമാണെന്ന കണ്ടെത്തല്‍ ഏറെ ആശങ്കക്ക് ഇടവരുത്തുന്നതാണ്. ഇപ്പോള്‍ 10 മണിക്കും പത്തരക്കും ആരംഭിക്കുന്ന വിദ്യാലയങ്ങള്‍ രാവിലെ എട്ടിനോ എട്ടരക്കോ ആരംഭിക്കേണ്ടിവന്നാല്‍ അതോടെ മദ്രാസാവിദ്യാഭ്യാസത്തിന് പൂട്ട് വീഴുമെന്നതില്‍ സംശയിക്കാനില്ല.

Continue Reading

columns

സന്ദര്‍ശനങ്ങളിലൂടെ ശാക്തീകരണം

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാരാന്ത അവധി ദിനങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുകയാണ്.

Published

on

പൂത്തൂര്‍ റഹ്മാന്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരള സംസ്ഥാന പ്രസിഡണ്ട് എന്ന നിലയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാരാന്ത അവധി ദിനങ്ങളില്‍ യു.എ.ഇ സന്ദര്‍ശിക്കുകയാണ്. ദുബായ്, അബുദാബി, ഷാര്‍ജ എമിറേറ്റുകളിലായി വന്‍ സ്വീകരണ പരിപാടികളും ആദരവിരുന്നുകളുമാണ് കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ദുബായ് നഗരത്തിന്റെ പൗരാണിക മുദ്രപേറുന്ന ദേരയില്‍ ഒരുക്കുന്ന ആദരവിരുന്നാണ് പര്യടന പരിപാടികളില്‍ ആദ്യത്തേത്. തങ്ങളെ അനുഗമിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടിയും പര്യടനങ്ങളില്‍ സന്നിഹിതനായിരിക്കും. വിവിധ പ്രവാസസംഘടനകളുടെ നേതൃത്വവും കെ.എം.സി.സിയുടെ മുഴുവന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രതിനിധികളും പങ്കെടുക്കുന്ന വിരുന്നില്‍ തങ്ങള്‍ക്ക് വിവിധ തുറകളിലുള്ളവര്‍ ആദരാര്‍പ്പണം നടത്തും. വിരുന്നിലെ മുഖ്യാതിഥി എം.എ യൂസുഫലി ഉള്‍പ്പെടെ പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളെല്ലാം സയ്യിദ് സാദിഖലി ശിഹാബിനെ കേള്‍ക്കാനും കൂടിക്കാഴ്ച നടത്താനുമായെത്തും. ഞായറാഴ്ച അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും തിങ്കളാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലും സ്വീകരണസമ്മേളനങ്ങള്‍ നടക്കും. മുഴുവന്‍ എമിറേറ്റുകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് ഓരോ സംഗമങ്ങളും ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ പോഷക സംഘടനയായി ആരംഭിക്കുകയും ഇപ്പോള്‍ പ്രവാസ ലോകത്തെ തുല്യതയോ പകരമോ ഇല്ലാത്ത സന്നദ്ധസേനയായി നിലകൊള്ളുകയും ചെയ്യുന്ന കെ. എം.സി.സിയുടെ യു.എ.ഇയിലെ ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടിയുടെ മഹാന്മാരായ നേതാക്കള്‍ നടത്തിയ ഔദ്യോഗികവും അനൗപചാരികവുമായ സന്ദര്‍ശനങ്ങളിലൂടെയാണ് സംഘടന രൂപപ്പെട്ടതും വളര്‍ന്നതും പന്തലിച്ചതുമെന്ന് ആര്‍ക്കും മനസ്സിലാക്കാനാവും. മലയാളി മുസ്‌ലിം വെല്‍ഫയര്‍ സെന്റര്‍ എന്ന പേരില്‍ 1974ല്‍ അുദാബിയിലും ചന്ദ്രിക റീഡേഴ്‌സ് ഫോറമെന്ന പേരില്‍ ഇതര എമിറേറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയതാണ് മുസ്‌ലിം ലീഗ് അനുഭാവികളുടെ കൂട്ടായ്മകള്‍. ഗള്‍ഫിലെങ്ങും ഒരേ പേരിലാവണം പോഷകസംഘടന എന്ന തീരുമാന പ്രകാരം ആദ്യം ചന്ദ്രിക റീഡേഴ്‌സ് ഫോറമാണ് രൂപീകരിക്കപ്പെട്ടത്. പാര്‍ട്ടി മുഖപത്രമായ ചന്ദ്രികക്ക് വേണ്ടി ഷെയര്‍ പിരിക്കലും ചന്ദ്രികയുടെ കടം തീര്‍ക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ സ്വരുക്കൂട്ടലുമായിരുന്നു ആദ്യ നാളുകളിലെ പ്രധാന പ്രവര്‍ത്തനം. മുസ്‌ലിംലീഗ് നേതാക്കളായ സി.എച്ച് മുഹമ്മദ്‌കോയ, ഇബ്‌റാഹിം സുലൈമാന്‍ സേട്ട്, ബി.വി അബ്ദുല്ലക്കോയ, പി. സീതിഹാജി തുടങ്ങിയവര്‍ ആദ്യമായി യു.എ.ഇയില്‍ എത്തിയതും അവര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടികളും ഇപ്പോഴും അക്കാലത്തെ പ്രവര്‍ത്തകരുടെ അവിസ്മരണീയങ്ങളായ അനുഭവങ്ങളാണ്.

1984ലെ ഓര്‍മയാണ് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം. തങ്ങളുടെ കൂടെ ഇ. അഹമ്മദാണുണ്ടായിരുന്നത്. ഫുജൈറ ഭരണാധികാരിയുമായുള്ള അവരുടെ കൂടിക്കാഴ്ച ദീവാനില്‍ വച്ചായിരുന്നു. ഇ. അഹമ്മദിനെ തങ്ങള്‍ ഫുജൈറ ഭരണാധികാരിക്കു പരിചയപ്പെടുത്തിയത് നാട്ടില്‍ വ്യവസായം കൊണ്ടുവന്ന മന്ത്രി എന്നായിരുന്നു. അന്നത്തെ വ്യവസായ വകുപ്പു മന്ത്രിയായ അഹമ്മദുമായി ശൈഖ് വളരെ നേരം സംസാരിച്ചു. തങ്ങള്‍ വരുമ്പോഴെല്ലാം ശൈഖ് വിരുന്നൊരുക്കി സല്‍ക്കരിച്ചു. മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പാര്‍ട്ടി സ്ഥാപനങ്ങളുടെയും ദൗത്യങ്ങളുടെയും വിജയത്തിനും വേണ്ട പോഷകാംശമെത്തിക്കുന്ന കീഴ്ഘടകമായാണ് അക്കാലത്തെ ചന്ദ്രിക റീഡേഴ്‌സ് ഫോറം പ്രവര്‍ത്തിച്ചത്. 1980ലെ ഭാഷാസമരത്തിന്റെ ഇരകളെയും രക്തസാക്ഷികളുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനും നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും നിര്‍ലോഭം സഹായം ചൊരിയാന്‍ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിന് സാധിച്ചു.
1985ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗും അഖിലേന്ത്യാ മുസ്‌ലിംലീഗും ഐക്യപ്പെടാന്‍ തീരുമാനിച്ചതോടെ ഗള്‍ഫിലെ പോഷകസംഘടനകളും ഒന്നാവണമെന്ന നിര്‍ദ്ദേശമുണ്ടായി. നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (കെ.എം.സി.സി) എന്ന പേര് സ്വീകരിച്ചു ഒരൊറ്റ സംഘടനയായി പ്രവാസലോകത്തെ ലീഗണികള്‍ സംഘടനാ പ്രവര്‍ത്തനം പുനരാരംഭിച്ചു. ഇപ്പോഴത്തെ കെ.എം.സി.സി അതോടെ ജന്മം കൊണ്ടു. ലയനശേഷം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും യു.എ.ഇ സന്ദര്‍ശിച്ചു. ഐക്യത്തിന്റെ ആവേശത്തോടെ പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റു. സി.എച്ച് മുഹമ്മദ് കോയയുടെ ആദ്യ സന്ദര്‍ശനം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചുപോയ അവസരത്തില്‍തന്നെ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുമതിയോടെ ചന്ദ്രിക റീഡേഴ്‌സ് ഫോറത്തിനൊരു കേന്ദ്ര കമ്മിറ്റിയെ പ്രഖ്യാപിച്ചിരുന്നു. മഠത്തില്‍ മുസ്തഫ പ്രസിഡന്റ് പദവി വഹിച്ച പ്രസ്തുത കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ യു.എ.ഇയിലെങ്ങും വ്യാപകമായ മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം നടത്തിപ്പോന്നിരുന്നു. അതേ മാതൃകപിന്തുടര്‍ന്ന് കെ.എം.സി.സിയും കേന്ദ്ര കമ്മിറ്റിയും വിവിധ എമിറേറ്റുകളിലെ കീഴ്ഘടകങ്ങളായും പ്രവര്‍ത്തനം തുടര്‍ന്നു.

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പ്രവാസ ലോകത്തേക്കു സന്ദര്‍ശനങ്ങള്‍ നടത്തുകയും കെ.എം.സി.സിയുടെ പ്രവര്‍ത്തനങ്ങളെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. അതേ പാരമ്പര്യവും അനുഗ്രഹാശിസ്സുകളുമായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും യു.എ.ഇയിലെക്കെത്തുന്നു. ചരിത്രം ആവര്‍ത്തിക്കുകയാണിവിടെ. അഭൂതപൂര്‍വവും സഫലതകളേറെയുള്ളതുമായ കേരളയാത്രക്കു ശേഷമാണ് സംസ്ഥാന മുസ്‌ലിം ലീഗധ്യക്ഷന്‍ പ്രവാസ മണ്ണിലെത്തുന്നത്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിച്ച സൗഹൃദ സന്ദേശയാത്രക്ക് കേരളമൊട്ടുക്കും ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ല എന്നു തമാശക്കു പറയാറുള്ള ദുബായിലേക്കു തങ്ങളെത്തുമ്പോള്‍ അതേ യാത്ര തന്നെയാണ് തുടരുന്നത്. നാനാജാതി മതസ്ഥരുടെയും പരിപൂര്‍ണ സഹകരണവും സന്തോഷവും ഏറ്റുവാങ്ങിയാണ് കേരളത്തിലെ തങ്ങളുടെ ജൈത്ര യാത്രയവസാനിച്ചത്. സൗഹൃദ സംഗമവേദികളില്‍ പങ്കെടുത്തു പ്രസംഗിച്ച എല്ലാവരും; അവര്‍ ഹിന്ദുവാവട്ടെ ക്രിസ്ത്യനാവട്ടെ മുസ്‌ലിമാവട്ടെ ഐക്യപ്പെടലിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ചൂണ്ടിയത്. അതു സൂചിപ്പിക്കുന്നത് തങ്ങളുടെ ആ യാത്ര സമകാലികമായ ഏറ്റവും ഉന്നതമായ ചുവടായിരുന്നു എന്നതാണ്. എല്ലാവരും ആവശ്യപ്പെട്ടത് ഈ യാത്ര ഇവിടെ അവസാനിപ്പിക്കരുത്, യാത്ര തുടര്‍ന്നുകൊണ്ടിരിക്കണം, ഇത്തരം ഐക്യസംഗമങ്ങള്‍ക്കു സ്ഥിരംസംവിധാനം വേണം എന്നൊക്കെയാണ്. ഒരര്‍ഥത്തില്‍ ആ യാത്രയുടെ തുടര്‍ച്ച തന്നെയാണ് മഹാനായ തങ്ങളുടെ യു.എ. ഇ പര്യടനവും. സഹിഷ്ണുതയുടെ ഒരു വര്‍ഷക്കാലം ആചരിച്ച യു.എ.ഇയുടെ മണ്ണില്‍ തങ്ങളെത്തുമ്പോള്‍ സഹവര്‍ത്തിത്വത്തിന്റെ മഹത്തായ ആശയം മുന്നില്‍വച്ചാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടുനീങ്ങുന്നതെന്ന വസ്തുത രാജ്യന്തര തലത്തില്‍ ശ്രദ്ധിക്കപ്പെടുകയാണ്. വര്‍ത്തമാനകാല ഇന്ത്യയിലെ വെറുപ്പിന്റെ രാഷ്ട്രീയം സാംസ്‌കാരിക ധ്രുവീകരണത്തിനും മൂല്യച്യുതിക്കും ആക്കം കൂട്ടുമ്പോള്‍ ഇത്തരം സംഗമങ്ങള്‍ മതേതരത്വത്തിന്റെ പൈതൃകത്തെയാണ് കാത്തുസൂക്ഷിക്കുക. മൈത്രിയുടെ കാവല്‍പുരയായ കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും തുടക്കമിടുന്ന യാത്രകള്‍ക്ക് രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കപ്പുറമുള്ള വിശാലവും മാനവികവുമായ സ്‌നേഹസന്ദേശമുണ്ട്. ആ പരിമളം പ്രവാസലോകത്തും പരക്കാന്‍ തങ്ങളുടെ യു.എ.ഇ പര്യടനം കൊണ്ടാവുമെന്നതാണ് കെ.എം.സി.സി പ്രവര്‍ത്തകരെ ഏറ്റവും സന്തോഷിപ്പിക്കുന്നത്.

Continue Reading

Trending