Connect with us

Features

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി; അരിത ബാബുവിനെ അറിയാം

ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്

Published

on

കോണ്‍ഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായി അരിത ബാബു. ആലപ്പുഴ ജില്ലയിലെ കായംകുളം മണ്ഡലത്തില്‍ മത്സരിക്കുന്ന അരിതക്ക് വയസ് 27 ആണ്. എല്ലാ അര്‍ഥത്തിലും പാര്‍ശ്വവത്കരിക്കപ്പെട്ട കുടുംബത്തിലെ അംഗമാണ് അരിതയെന്നായിരുന്നു പേര് പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയത്.

പശുവിനെ പോറ്റി ഉപജീവനം നടത്തുന്ന പെണ്‍കുട്ടിയാണ് അരിത. അവശേഷിക്കുന്ന സമയം സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി ചെലവഴിക്കും.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മാത്രം പരിഗണിച്ചാല്‍ മനസിലാവും അരിതയുടെ പൊതു സ്വീകാര്യത. പുന്നപ്ര ഡിവിഷനിലേക്ക് നാമനിര്‍ദേശം നല്‍കിയെങ്കിലും പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ, അപ്പോഴേക്കും പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചിരുന്നു. അങ്ങനെ സാങ്കേതികമായി മാത്രം അവര്‍ സ്ഥാനാര്‍ഥിയായി. പ്രചാരണങ്ങള്‍ക്കൊന്നും ഇറങ്ങിയില്ല. എന്നിട്ടും ആയിരത്തോളം വോട്ടുകള്‍ അരിതയെ തേടിയെത്തി. 15 വര്‍ഷത്തോളമായി വിദ്യാര്‍ഥി-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന രംഗത്ത് സജീവമാണ്.

ജില്ലാ പഞ്ചായത്ത് അംഗമായി കായംകുളത്ത് നിന്ന് വിജയിച്ചിരുന്നു അരിത. മണ്ഡലം സ്വന്തം നാടുമാണ്. ഓരോ സ്ഥലവും സുപരിചിതമാണെന്നതും അരിതക്ക് നേട്ടമാകും. അച്ഛന്‍ തുളസീധരന്‍, സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. അദ്ദേഹത്തിന്റെ വിളിപ്പേരാണു പേരിന്റെ കൂടി ചേര്‍ത്തത്. അച്ഛനൊപ്പം പരിപാടികള്‍ക്കുപോയാണു തുടക്കം.

സ്‌കൂളിലും കോളജിലും കെഎസ്യു പ്രവര്‍ത്തകയായിരുന്നു. ഡിഗ്രിക്കു പ്രൈവറ്റായി കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലാണു പഠിച്ചത്. അപ്പോഴും സജീവമായി വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തകയായിരുന്നു. അങ്ങനെയാണു ജില്ലാ പഞ്ചായത്തിലേക്കു മത്സരിക്കുന്നതും ജയിക്കുന്നതും. അച്ഛനെ സഹായിച്ചാണു ക്ഷീരകര്‍ഷകയാകുന്നതും.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

ജീവിതത്തില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍

വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില്‍ വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.

Published

on

എഴുത്ത്: എസ്. സുധീഷ്‌കുമാര്‍
ഫോട്ടോ: നിതിന്‍ കൃഷ്ണന്‍

”കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്തത്. സ്വര്‍ഗം പോലെ ജീവിച്ച മണ്ണില്‍ നിന്നും ഒന്നും ഇല്ലാതെയല്ലേ തെരുവിലേക്കിറങ്ങിയത്. ഒരു പിടി മണ്ണിനായി എത്ര നാള്‍ ഓഫീസുകള്‍ അവന്‍ കയറിയിറങ്ങി. ഒടുവില്‍ മനം മടുത്താണ് ഒന്നര വയസുള്ള മകനെ പോലും അനാഥനാക്കി അവന്‍ ജീവന്‍ അവസാനിപ്പിച്ചത്”. മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട റോസ്ലി ഇതു പറയുമ്പോള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ഉത്സവം പോലെയായിരുന്നു റോസ്ലിയുടെയും ആന്റണിയുടെയും മൂന്ന് മക്കളുടെയും ജീവിതം. വല്ലാര്‍പാടം ടെര്‍മിനലിവായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തപ്പോള്‍ ഈ കുടുംബം പതിറ്റാണ്ടുകളായി കഴിഞ്ഞിരുന്ന ഭൂമിയില്‍ നിന്നും കുടിയിറക്കപ്പെട്ടു. 10 സെന്റ് വസ്തുവില്‍ ഏഴ് സെന്റ് സര്‍ക്കാര്‍ ഏറ്റെടുത്തു. മിച്ചം കിട്ടിയതാവട്ടെ ചിന്നിച്ചിതറി കിടക്കുന്ന മൂന്ന് സെന്റ് ഭൂമി മാത്രം.

ഇതോടെ കുടുംബങ്ങളുള്ള മൂന്ന് ആണ്‍മക്കളും ആന്റണിയും റോസ്ലിയും തെരുവിലിറങ്ങേണ്ടി വന്നു. പ്രിന്‍സായിരുന്നു നഷ്ടപരിഹാരത്തിനായി ഓടിനടന്നത്. മണിക്കൂറുകളോളം പ്രിന്‍സ് കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരെ കാണാനായി കാത്തുനിന്നിട്ടുണ്ട്. കൂലിവേലക്കു പോലും പോകാതെയായിരുന്നു നെട്ടോട്ടം. പലപ്പോഴായി ഉദ്യോഗസ്ഥരുടെ മുന്നില്‍ ദുരിതങ്ങളുടെ കഥ പറഞ്ഞു. റവന്യു ഓഫീസിലും കയറിയിറങ്ങി കേണിട്ടും നിരാശയായിരുന്നു ഫലം. കനിവിന്റെ നേര്‍ത്ത കണം പോലും പ്രിന്‍സിനെയോ ആ കുടുംബത്തെയോ തേടിയെത്തിയില്ല.

ഒരു രാത്രി കുടിയൊഴിപ്പിക്കപ്പെവര്‍ കെട്ടിപ്പൊക്കിയ സമരപ്പന്തലിലേക്ക് പ്രിന്‍സ് എത്തി. വാതോരാതെ സംസാരിച്ചു. വേദനയും നിരാശയും ഉള്ളിലൊതുക്കി സമരക്കാര്‍ക്ക് പ്രതീക്ഷ നല്‍കി. നല്ലൊരു നാളയെ സ്വപ്നം കാണാന്‍ അവര്‍ക്ക് ആവേശമേകി. ആകാശത്തിലേക്കു കൈചുരുട്ടി മുദ്രാവാക്യം മുഴക്കിയ ശേഷം സമരപ്പന്തലില്‍ നിന്നും ഇറങ്ങി ഇരുളിലേക്കു മറയുമ്പോള്‍ പ്രിന്‍സിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടാവണം. പിച്ചവെയ്ക്കുന്ന മകനോടൊപ്പം ഉറങ്ങാനായി അന്നു രാത്രി പ്രിന്‍സ് വിട്ടിലെത്തിയില്ല. സമരപ്പന്തലില്‍ ആയിരിക്കുമെന്ന് ഭാര്യയും അമ്മയും കരുതി. അയല്‍ക്കാരുടെ പരിഭ്രമം കണ്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പലരും അടക്കിപ്പിടിച്ചു സംസാരിച്ചു. ജീവന്റെ തുടിപ്പ് അടര്‍ന്നു വീണ പ്രിന്‍സിന്റെ ശരീരത്തിലേക്ക് റോസ്ലി ഒന്നേ നോക്കിയുള്ളു. ഭൂമി നഷ്ടപ്പെട്ട പ്രിന്‍സ് ആറടി മണ്ണിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കു ശേഷം പിതാവ് ആന്റണിയും സ്വന്തം വീട്ടില്‍ അന്തിയുറങ്ങാന്‍ കഴിയാതെ മരിച്ചു.
പ്രിന്‍സും ആന്റണിയും മാത്രമല്ല, 33 പേരാണ് മൂലമ്പിള്ളി കുടിയിറക്കലില്‍ അര്‍ഹമായ പുനരധിവാസം കിട്ടാതെ മരണപെട്ടത്. കെ.വി രാജപ്പന്‍ അപകടത്തില്‍പെട്ടു ഗുരുതരാവസ്ഥയില്‍ കിടക്കുമ്പോഴും ഒരു തുണ്ട് ഭൂമി കിട്ടുമെന്നായിരുന്നു പ്രതീക്ഷ. വല്ലാര്‍പാടം റെയില്‍ പദ്ധതിക്കായാണ് രാജപ്പന്റെ നാല് സെന്റ് ഭൂമി ഏറ്റെടുത്തത്. കിട്ടിയതാവട്ടെ ചതുപ്പ് നിറഞ്ഞ സ്ഥലം. മണ്ണ് പരിശോധനയില്‍ വീടുവെക്കാന്‍ കഴിയില്ലെന്നായിരുന്നു ഫലം. ഇതോടെ രാജപ്പന്‍ മരുമകന്റെ വീട്ടിലായി താമസം. ചോര്‍ന്നൊലിച്ച പ്ലാസ്റ്റിക് ഷെഡില്‍ കിടന്നാണ് കോതാട് മുഴങ്ങുംതറയില്‍ ബാബു മരിക്കുന്നത്. അഞ്ച് സെന്റ് ഭൂമിയില്‍ മൂന്ന് സെന്റ് ഏറ്റെടുത്തതോടെ തുണ്ടുഭൂമിയിലെ ഷെഡിലായിരുന്നു രണ്ടു കുട്ടികളും ഭാര്യയും അടങ്ങുന്ന ബാബുവിന്റെ ജീവിതം. പിന്നാലെ രോഗവും മരണവും.
പദ്ധതിക്കായി പാതി മുറിച്ചുമാറ്റിയ വീട്ടില്‍ കിടന്നായിരന്നു ഏലൂര്‍ സ്വദേശി കെ.എന്‍ രാമകൃഷ്ണന്റെ മരണം. എഫ്എസിടിയില്‍ ഹെല്‍പ്പറായിരുന്ന രാമകൃഷ്ണന്‍ നുള്ളിപെറുക്കിവെച്ച പണം കൊണ്ടായിരുന്നു വീടു പണിതത്. ആശ തീരും വരെ അന്തിയുറങ്ങാന്‍ കഴിയും മുന്‍പേ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു. അളന്നു തിട്ടപ്പെടുത്തിയപ്പോള്‍ വീടിന്റെ പാതി സര്‍ക്കാരിന്റെ കൈയില്‍. ഹാളും മുറികള്‍ക്കും മധ്യേ ഉദ്യോഗസ്ഥര്‍ മഞ്ഞച്ചായം പൂശി. ജെസിബിയും കമ്പിപാരകളും ഉപയോഗിച്ചു വീടിന്റെ പകുതി അടര്‍ത്തി മാറ്റുമ്പോള്‍ രാമകൃഷ്ണന്‍ തളര്‍ന്നു വീണിരുന്നു. പൊടിപടലങ്ങള്‍ ശ്വസിച്ചായിരുന്നു രാമകൃഷ്ണന്റെ മരണം. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ഇന്നും ആ കുടുംബത്തിന് കിട്ടിയില്ല. മുറിച്ചുമാറ്റിയ വീട് പൂര്‍ണമാക്കാന്‍ മകന്‍ അനില്‍കുമാറിന് ലക്ഷങ്ങള്‍ കടമെടുക്കേണ്ടി വന്നു. വന്‍സാമ്പത്തിക ബാധ്യതയിലാണ് അനില്‍കുമാറിന്റെ ജീവിതം. സ്വന്തം ഭൂമിയും വീടും സ്വപ്നം കണ്ടു തെരുവില്‍ കിടന്നു മരിച്ച മൂലമ്പിള്ളിക്കാര്‍ ഏറെയാണ്. തലചായ്ക്കാന്‍ ഒരുപിടി മണ്ണു കിട്ടുമെന്നു മരണമെത്തും വരെ പലരും ആശിച്ചു. സ്വന്തം വീട്ടില്‍ കിടന്നു മരണത്തെ പുല്‍കാന്‍ പലര്‍ക്കുമായില്ല.

കുടിയിറക്കപ്പെട്ട ചരിത്രം

വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ പദ്ധതിക്കു (ഐസിടിടി) വേണ്ടിയാണ് കുടുംബങ്ങളെ കുടിയിറക്കിയത്. പലരും സ്വന്തം ഭൂമിയില്‍ നിന്നും ഇറങ്ങാന്‍ വിസമ്മതിച്ചു. 2008 ഫെബ്രുവരി ആറിന് പൊലീസ് നടപടിയോടെ ആയിരുന്നു പദ്ധതിക്കു വേണ്ടിയുള്ള കുടിയൊഴിപ്പിക്കല്‍. ഹൈവേയും റെയില്‍വേയും നിര്‍മിക്കാനായി മൂലമ്പിള്ളി, മുളവുകാട്, മഞ്ഞുമ്മല്‍, ഇളമക്കരയടക്കം ഏഴിടങ്ങളില്‍ നിന്നുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. നിബന്ധനകള്‍ ഒന്നുമില്ലാതെയായിരുന്നു കുടിയൊഴിപ്പിക്കല്‍.

സമരത്തിനൊടുവില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് 2008 മാര്‍ച്ച് 19 നാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്. പുനരധിവാസത്തിനായി ഏഴ് സ്ഥലങ്ങള്‍ കണ്ടെത്തിയതില്‍ ആറും ചതുപ്പ് നിലങ്ങളായിരുന്നു. പൈലിങ് നടത്തി വീട് വെക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിലപാടെങ്കിലും വീട് നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. സ്വന്തം മണ്ണില്‍ നിന്നും പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും വീടും സ്ഥിരം തൊഴിലുമായിട്ടില്ല. വീട് നിര്‍മിച്ച് താമസിക്കാന്‍ കഴിയുന്നതു വരെ 5000 രൂപ മാസവാടക, കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിലെ ഒരാള്‍ക്ക് വല്ലാര്‍പാടം പദ്ധതിയില്‍ ജോലി, ഉപജീവനം നഷ്ടപ്പെട്ടവര്‍ക്ക് പകരം സംവിധാനം, സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് ആദായനികുതി ഈടാക്കില്ല എന്നതടക്കം നിരവധി വാഗ്ദാനങ്ങള്‍. എന്നാല്‍ ഇവയെല്ലാം കടലാസില്‍ മാത്രം ഒതുങ്ങി.

316 കുടുംബാംഗങ്ങളില്‍ കേവലം 40 കുടുംബങ്ങള്‍ക്ക് മാത്രമാണ് പുനരധിവാസ ഭൂമിയില്‍ വീട് വച്ച് താമസിക്കാന്‍ കഴിഞ്ഞത്. അതില്‍ തന്നെ ചിലത് ചരിഞ്ഞു. ചിലതില്‍ വിള്ളലുകളും രൂപപ്പെട്ടു. വീട് വച്ചവരുടെ സ്ഥിതി ഇതായിരിക്കെ എങ്ങനെ ഇവിടെ വീട് വച്ചു താമസിക്കുമെന്നാണ് മറ്റുള്ളവര്‍ ചോദിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളൊന്നും വായ്പ നല്‍കുന്നില്ല. 25 വര്‍ഷത്തേക്ക് പട്ടയ ഭൂമി കൈമാറാന്‍ കഴിയില്ലെന്ന വ്യവസ്ഥയാണ് ഇതിന് കാരണം. കുടിയൊഴിപ്പിക്കലിന്റെ ഒന്നര പതിറ്റാണ്ടിലേക്ക് കടക്കുമ്പോഴും വികസനത്തിന്റെ ഇരകളായി വേദനയോടെ നില്‍ക്കുകയാണ് മൂലമ്പിള്ളിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍.

അര സെന്റില്‍ അണഞ്ഞ ജീവിതം

ശപിക്കപ്പെട്ട ആ ദിനത്തെ ഓര്‍മിക്കാന്‍ സെബാനും ആനിയും ആഗ്രഹിക്കുന്നില്ല. ഒരുദിനം കൊണ്ട് ഇവരുടെ ജീവിതം തലകീഴായ് മറിയുകയായിരുന്നു. പാതി പോയ ജീവനുമായി കഴിയുകയാണ് ആനി. മരവിച്ച മനുഷ്യനായി സെബാനും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിനായി സ്ഥലം വിട്ടു നല്‍കിയ മഞ്ഞുമ്മല്‍ കുന്തലക്കാട് സെബാനെന്ന് വിളിക്കുന്ന ജോര്‍ജിന് മിച്ചം കിട്ടിയത് അരസെന്റ് ഭൂമി. അഞ്ച് സെന്റില്‍ അഞ്ച് മുറികളോടു കൂടിയ വീട്ടിലായിരുന്നു സെബാനും കുടുംബാംഗങ്ങളും താമസിച്ചിരുന്നത്. പദ്ധതിക്കായി സര്‍ക്കാര്‍ അഞ്ച് സെന്റില്‍ നാലര സെന്റും ഏറ്റെടുത്തു. കൂട്ടുകുടുംബമായി താമസിച്ച വീട് സര്‍ക്കാര്‍ പൊളിച്ചു മാറ്റി. അന്നുവരെ ഒരു പാത്രത്തില്‍ ഉണ്ടും ഒരു പായില്‍ ഉറങ്ങിയും കഴിഞ്ഞവര്‍ നാലു ദിക്കിലായി. ത്രികോണം പോലെ കിടക്കുന്ന നിര്‍ജീവമായ അര സെന്റ് ഭൂമിയില്‍ അവശേഷിച്ചത് സെബാനും ഭാര്യ ആനിയും മകള്‍ ഹിമയും. കയറി കിടക്കാന്‍ വീടില്ല. ഏറ്റെടുത്ത ഭൂമിക്കു കിട്ടിയതാകട്ടെ നാമമാത്രമായ തുകയും. പലവട്ടം ഓഫീസുകള്‍ കയറിയിങ്ങിയാണ് നാമമാത്രമായ നഷ്ടപരിഹാരം വാങ്ങിയെടുത്തത്. അരസെന്റില്‍ എങ്ങനെ ഒരു വീടു പണിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നിയമം അനുസരിച്ചു നേരെ ചൊവ്വെ വീടു നിര്‍മിക്കാനാവില്ല. ഗതിയില്ലാതെ, സെബാനും കുടുംബവും വാടകക്ക് താമസിക്കാന്‍ പോയി. വാടക വീട്ടില്‍ വെച്ച് ഹന്നയുടെ വിവാഹം നടത്തേണ്ടി വന്നു. വാടക നല്‍കാന്‍ കഴിയാതെ വന്നതോടെ സെബാന്‍ തിരികെ മടങ്ങി. മഞ്ഞുമ്മലിലെ അരസെന്റ് ഭൂമിയില്‍ ടാര്‍പോളിത്തീന്‍ വിരിച്ചു ഷെഡ് കെട്ടി. അതിലേക്ക് താമസം മാറി. വീടിനു വേണ്ടി പലയിടങ്ങളിലും അലഞ്ഞിട്ടും നടപടിയായില്ല. ഏറ്റവും ഒടുവില്‍ മഞ്ഞുമ്മല്‍ ക്രിസ്ത്യന്‍ പള്ളി അധികൃതര്‍ വീടു വെച്ചു നല്‍കി. അരസെന്റില്‍ ഒരു വീട്. ഒരു മുറി പണിയാന്‍ മാത്രമേ സ്ഥലത്തിനു വിസ്തൃതിയുണ്ടായിരുന്നു. 2018ല്‍ പ്രളയത്തോടെ വീണ്ടും ദുരന്തങ്ങളുടെ പെയ്ത് സെബാന്റെ ജീവിതത്തിലേക്കെത്തി. പ്രളയത്തിന് പിന്നാലെ ഭാര്യ ആനി ഒരു ദിവസം തലചുറ്റി വീണു. കൈകള്‍ക്കും കാലിനും വേദനയുണ്ടായിരുന്നെങ്കിലും തലചുറ്റല്‍ ആദ്യമായിരുന്നു. ആസ്പത്രിയിലെത്തിച്ച ആനിയെ വിദഗ്ധമായി പരിശോധന നടത്തിയപ്പോഴാണ് രോഗത്തിന്റെ തീവ്രത അറിയുന്നത്. ബ്രെയിന്‍ ട്യൂമറായിരുന്നു രോഗം. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ട് ഓപ്പറേഷന്‍ നടത്തി. ഓപ്പറേഷന് ശേഷം ആനിയുടെ ശരീരം നിശ്ചലമായി. കൈകാലുകള്‍ അല്‍പമൊന്ന് അനക്കും. സംസാരിക്കാനും കഴിയില്ല. ആനിയെ കുളിപ്പിക്കുന്നതും ഊട്ടുന്നതും എല്ലാം സെബാന്‍ തന്നെ. കട്ടിലില്‍ തളര്‍ന്നു കിടക്കും. പദ്ധതി പ്രദേശമായതിനാല്‍ ഇത് വഴി വെള്ളത്തിന്റെ പൈപ്പ് ലൈന്‍ കടന്നു പോകുന്നില്ല. സെബാന്‍ മറ്റു വീടുകളില്‍ നിന്ന് വെള്ളം എത്തിച്ചാണ് ആനിയെ കുളിപ്പിക്കുന്നതും ഭക്ഷണം തയാറാക്കുന്നതും. ”എല്ലാ പ്രതീക്ഷകളും ഇല്ലാതായി. നല്ലൊരു വീട്ടില്‍ കിടന്നുറങ്ങണമെന്നായിരുന്നു ആഗ്രഹം. നല്ലൊരു വീട്ടില്‍ കിടന്നു മരിക്കാനാകുമോ”. സെബാന്റെ ചോദ്യത്തിന് എന്ത് ഉത്തരമാണ് നല്‍കാനാവുക.

പാലിക്കപ്പെടാത്ത വാഗ്ദാനങ്ങള്‍

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് പദ്ധതിക്കായി മൂലമ്പിള്ളിയില്‍ നിന്നും കുടുംബങ്ങളെ പൊലീസിനെ ഉപയോഗിച്ചു ബലമായി കുടിയിറക്കിയത്. 2008 ഫെബ്രുവരി ആറിന് മൂലമ്പിള്ളിയില്‍ വീടുകള്‍ ഇടിച്ചുനിരത്തി. ജനങ്ങള്‍ സംഘടിച്ചു. കിടപ്പാടത്തു നിന്നും ഇറങ്ങി പോകില്ലെന്ന് കുട്ടികള്‍ അടക്കമുള്ളവര്‍ പ്രഖ്യാപിച്ചു. ജനങ്ങള്‍ സംഘടിച്ചു മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. പിന്നീട് സമര സമിതിയുടെ നേതൃത്വത്തിലായി പ്രതിഷേധം. ജനങ്ങളുടെ പ്രതിഷേധത്തിനു മുന്നില്‍ എല്‍എഡിഎഫിന് പിടിച്ചുനില്‍ക്കാനായില്ല. ഏറ്റെടുക്കല്‍ വഴിമുട്ടിയതോടെ മൂലമ്പള്ളി പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍, പൊള്ളയായ വാഗ്ദാനങ്ങളായിരുന്നു പാക്കേജില്‍ അധികവും. പിന്നീട് എത്തിയ യുഡിഎഫ് സര്‍ക്കാരാണ് പാക്കേജ് പരിഷ്‌കരിച്ചത്. അധികാരത്തിലെത്തി ആദ്യ വാരം തന്നെ സമരസമിതി നേതാക്കളെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ചര്‍ച്ചക്കു വിളിച്ചു. സമരക്കാരുടെ ആവശ്യപ്രകാരം പാക്കേജ് പരിഷ്‌കരിച്ചു. മന്ത്രിസഭ രൂപീകരിച്ചു ആദ്യമാസം തന്നെ ഒരു കുടുംബത്തിന് വാടക കുടിശിഖയായ 1.35 ലക്ഷം രൂപ കൈമാറി. എല്‍ഡിഎഫിന്റെ രാഷ്ട്രീയ പകപോക്കലില്‍ ഇരയായി പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് പട്ടയവും നല്‍കി. വീട് വെക്കാനുള്ള പൈലിങിന് തുകയും അനുവദിച്ചു. എന്നാല്‍, പിന്നീടെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പാക്കേജ് അട്ടിമറിക്കുകയായിരുന്നു. പുനരധിവാസ പാക്കേജ് നടപ്പാക്കാനും നിയന്ത്രിക്കാനും സ്വതന്ത്രചുമതലയുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന മൂലമ്പിള്ളി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം പോലും അംഗീകരിച്ചില്ല. കുടിയിറക്കപ്പെട്ടവരോടുള്ള സര്‍ക്കാരിന്റെ അവഗണന ഇന്നും തുടരുകയാണ്.

പട്ടയമുണ്ട് സാര്‍; ഭൂമിയില്ല

എല്ലാ മാര്‍ഗങ്ങളും അടഞ്ഞപ്പോഴാണ് പനയ്ക്കല്‍ പി.ടി ഫ്രാന്‍സിസ് സഹോദരിയുടെ വീട്ടിലേക്ക് ഭാര്യയെയും മൂന്നു പെണ്‍മക്കളെയും കൂട്ടി എത്തിയത്. സ്വന്തം വീട്ടില്‍ നിന്ന് കുടിയിറക്കിയപ്പോള്‍ ഫ്രാന്‍സിസ് പെണ്‍മക്കളെയും ഭാര്യയെയും കൂട്ടി വാടക വീട്ടിലേക്കു പോയി. ഒന്നൊന്നര വര്‍ഷത്തോളം പലയിടങ്ങളിലായി വാടകക്ക് കഴിഞ്ഞു. പരിചിതമല്ലാത്ത സ്ഥലങ്ങളിലായിരുന്നു താമസം. പ്രായപൂര്‍ത്തിയായ പെണ്‍മക്കളുമായി എത്രനാള്‍ അപരിചത സ്ഥലങ്ങളിലെ വാടക വീട്ടില്‍ കഴിയും. അപരിചിതമായ സ്ഥലങ്ങളില്‍ താമസിക്കുമ്പോള്‍ ഗ്ലോറിയയും അമ്പിളിയും ഫ്രാങ്കല്‍നും ഭയമാണ്. മൂവരും അമ്മ ഡയാനക്കരികില്‍ നിന്നും മാറില്ല. ദുരിതങ്ങളും പ്രയാസങ്ങളും കൂടിയപ്പോഴാണ് സഹോദരിയുടെ വീട്ടില്‍ അഭയം തേടിയത്. ഒന്നുമല്ലെങ്കിലും അപരിചിതമല്ലല്ലോ വീടും വീട്ടുകാരുമെന്ന് ഫ്രാന്‍സിസ് പറയുന്നു.

കോതാട് വാട്ടര്‍ ടാങ്കിന് സമീപം നാലര സെന്റ് ഭൂമിയും അതില്‍ 1,700 സ്‌ക്വയര്‍ഫീറ്റ് വീടും ഫ്രാന്‍സിസിന് സ്വന്തമായി ഉണ്ടായിരുന്നു. ഒട്ടേറെ മുറികളുള്ള വീട്. കിണറും വെള്ളവും വഴിയും എല്ലാമുള്ള പുരയിടം. ഇവിടെ നിന്നാണ് കുടിയിറക്കപ്പെട്ടത്. സ്ഥലത്തിന് പൊന്നുംവിലയും വീട് വെയ്ക്കാന്‍ ഭൂമിയും തരാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കി. എല്ലാ സൗകര്യങ്ങളുമുള്ള നല്ല വീട്ടില്‍ നിന്ന് ഒഴിഞ്ഞതിനാല്‍ വീട് വെക്കുന്നതിനുള്ള കാശും തരാമെന്നായിരുന്നു വാഗ്ദാനം. ഒന്നര വര്‍ഷത്തോളം വാടകക്ക് പോയ ഫ്രാന്‍സിസിന് വാടക തുക പോലും നല്‍കിയില്ല. സര്‍ക്കാര്‍ വാക്കു പാലിക്കാതെ വന്നതോടെ ഫ്രാന്‍സിസ് കോടതിയില്‍ കേസ് നല്‍കി.

കുടിയിറപ്പെട്ടവര്‍ സമരവുമായി മുന്നോട്ട് പോയപ്പോള്‍ വീടിനുള്ള വസ്തു അനുവദിച്ചു. ഫ്രാന്‍സിസിന് തുതിയൂരില്‍ വസ്തു അനുവദിച്ചിട്ടുണ്ടെന്ന് അറിയിപ്പ് കിട്ടി. പിന്നാലെ കെട്ടിഘോഷിച്ച് നടന്ന പട്ടയമേളയില്‍ വെച്ച് പട്ടയവും ലഭിച്ചു. കൈവിട്ടു പോയത് തിരികെ പിടിക്കണമെന്നായിരുന്നു പ്രതീക്ഷകള്‍. മുന്‍പു താമസിച്ചതു പോലുള്ള വീട് വേണമെന്നായിരുന്നു ഭാര്യയുടെയും മക്കളുടെയും ആവശ്യം. കിലോമീറ്റര്‍ അകലെയുള്ള വസ്തുവിന് അടുത്തുള്ള സ്‌കൂളും കോളജും മക്കള്‍ കണ്ടു വെച്ചു. വീട് പണിപൂര്‍ത്തിയായാല്‍ ആ സമയം കോളജും സ്‌കൂളും അന്വേഷിച്ചു പോകേണ്ടല്ലോ. വസ്തു കാണാന്‍ പോകാനുള്ള ദിനങ്ങള്‍ അടുത്തെത്തി. വില്ലേജ് ഓഫീസ് ജീവനക്കാര്‍ വസ്തു കാണിച്ച് അളന്നു തരുമെന്നാണ് ഫ്രാന്‍സിസിനെ അറിയിച്ചത്. ഓഫീസര്‍മാര്‍ പറഞ്ഞതനുസരിച്ച് കൈയില്‍ കിട്ടിയ പട്ടയവുമായി ഫ്രാന്‍സിസ് കളക്ട്രേറ്റിലെത്തി. വില്ലേജ് ഓഫീസര്‍മാരും എത്തി. വസ്തു വീതം വെയ്ക്കുന്നതിനായി ലേലം വിളി തുടങ്ങി. ഒടുവില്‍ ഏഴാം നമ്പര്‍ ഭൂമി ഫ്രാന്‍സിസിന് ലഭിച്ചു. സര്‍ക്കാരിനെതിരെ കേസ് നല്‍കിയതിനാല്‍ വസ്തു തരില്ലെന്ന നിലപാടിലായി ഭരണകൂടം. ഇന്നും ഫ്രാന്‍സിസിന് ഭൂമി കിട്ടിയിട്ടില്ല. എന്നാല്‍, അഞ്ച് സെന്റ് ഭൂമിയുടെ ഉടമയെന്ന് അവകാശപ്പെടുന്ന പട്ടയവുമായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ് ഈ അറുപത്തിരണ്ടുകാരന്‍. വികസന ഇരകളുടെ കഥകള്‍ ഇതു മാത്രമല്ല, ഒട്ടേറെ പേരുണ്ട്. ഭൂമിയില്ലാത്തവര്‍, തെരുവില്‍ കഴിയുന്നവര്‍, വാടകമുറികളില്‍ ജീവിച്ചു തീര്‍ക്കുന്നവര്‍, ഒരുമഴ പെയ്തില്‍ വെള്ളം ഇരച്ചു കയറുന്ന ഷെഡില്‍ കഴിയുന്നവര്‍. പലരുടെയും ആഗ്രഹം ഒന്നുമാത്രമാണ്. മരണത്തിനു മുന്നേ സ്വന്തമായി ഒരുതരി മണ്ണ്.

Continue Reading

columns

എം.എസ്.എഫും യൂണിവേഴ്സിറ്റി യൂണിയന്‍ ഭരണവും

എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്‍ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്‌കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.

Published

on

കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ

ജനാധിപത്യവിരുദ്ധമായി ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി കാലിക്കറ്റ് സര്‍വ്വകലാശാല ഭരണം പിടിച്ചെടുത്തതിന് പിന്നാലെ കേരള യൂണിവേഴ്സിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് വളഞ്ഞ മാര്‍ഗത്തില്‍ സംഘടനാ നേതാവിനെ തിരുകിക്കയറ്റാന്‍ എസ്.എഫ്.ഐ നടത്തുന്ന ശ്രമം മാധ്യമങ്ങളിലെല്ലാം ഇപ്പോള്‍ വലിയ വാര്‍ത്തയാണ്. ആക്രമണങ്ങളിലൂടെയും ഗുണ്ടായിസത്തിലൂടെയും തെറ്റായ വഴിയിലൂടെ തന്നെ എന്നും സഞ്ചരിച്ചിട്ടുള്ള എസ്.എഫ്.ഐയെ രക്ഷിക്കാനാണ് ചില മാധ്യമങ്ങള്‍ മുസ്ലിം ലീഗിനെതിരേ കുതിരകയറാന്‍ ശ്രമിക്കുന്നതിലെ താല്‍പര്യം. അഡ്വ: പി.എം.എ സലാമിന്റെ പരാമര്‍ശങ്ങളെ മുറിച്ചെടുത്ത് എം.എസ്.എഫിനെ ഇകഴ്ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. എം.എസ്.എഫ് നേരായ മാര്‍ഗത്തില്‍ വിദ്യാര്‍ത്ഥികളെ ചേര്‍ത്തുനിര്‍ത്തി. അവരോട് നീതി പുലര്‍ത്തി, വിദ്യാര്‍ത്ഥി-വിദ്യാഭ്യാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി വളര്‍ന്നുവന്ന വിദ്യാര്‍ഥി സംഘടനയാണ്. വളഞ്ഞമാര്‍ഗത്തിലോ ഭരണസ്വാധീനമോ ഗുണ്ടായിസം കാണിച്ചോ സ്‌കൂള്‍,കോളജ്,സര്‍വ്വകലാശാല ഭരണം പിടിച്ചെടുക്കാന്‍ എം.എസ്.എഫ് ഒരിക്കലും ശ്രമിച്ചിട്ടില്ല.

മുസ്ലിം ലീഗ് ഭരണത്തിലുള്ളപ്പോഴും ഇടതുഭരണ കാലത്തും എം.എസ്.എഫ് യൂണിവേഴ്സിറ്റി ഭരണത്തില്‍ വന്നിട്ടുണ്ട്. ഐക്യജനാധിപത്യ മുന്നണി ഭരണകാലത്തു തന്നെ പല തവണ ഇടതു വിദ്യാര്‍ത്ഥി സംഘടനകളോട് ചേര്‍ന്നു മത്സരിക്കുകയും ഭരിക്കുകയും ചെയ്തിട്ടുണ്ട്. വളഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും സര്‍വ്വ തന്ത്രങ്ങളും വളരെ മാന്യമായി തന്നെ പയറ്റിയിട്ടുണ്ട്.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ എം.എസ്.എഫ് ഭരണത്തില്‍ വന്നത് പതിനൊന്ന് തവണയാണ്. ഇടതു ഭരണ കാലത്ത് മൂന്ന് തവണയും, യു.ഡി.എഫ് ഭരണകാലത്ത് എട്ട് പ്രാവശ്യവും. യു.ഡി.എഫ് ഭരണകാലത്തെ എട്ടുതവണയില്‍ മൂന്നുവട്ടം എസ്.എഫ്.ഐയോടു ചേര്‍ന്നാണ് എം.എസ്.എഫ് മത്സരിച്ചിട്ടുള്ളത്. ആദ്യമായി യൂണിവേഴ്സിറ്റി യൂണിയനിലേക്ക് എം.എസ്.എഫ് മത്സരിക്കുന്നത് ഐക്യജനാധിപത്യമുന്നണി ഭരണകാലത്ത് എം.എസ്.എഫിന്റെ കേരളത്തിലെ സ്ഥാപക നേതാവായ മഹാനായ സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായി പ്രവര്‍ത്തിക്കുന്ന കാലത്താണ്. ഇപ്പോഴത്തെ കെ.എം.സി.സി നേതാവായ പുത്തൂര്‍ റഹ്മാന്‍ (അന്‍സാര്‍ അറബിക് കോളജ്,വളവന്നൂര്‍), ഒ. അബ്ദുല്‍ ലത്തീഫ് കല്‍പ്പകഞ്ചേരി(പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി)യുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍. പക്ഷെ വിജയിക്കാനായില്ല. ചെറിയ വോട്ടിന് തോറ്റുപോയി.

എം.എസ്.എഫ് ആദ്യമായി വിജയിക്കുന്നത് എസ്.എഫ്.ഐ -എം.എസ്.എഫ്-എ.ഐ.എസ്.എഫ് മുന്നണിയായി നിന്നുകൊണ്ട് പ്രഥമ ഇടതുമുന്നണി ഭരണകാലത്തായിരുന്നു. 1980-81 യൂണിയന്റെ ജനറല്‍ സെക്രട്ടറിയായി പി.എം മഹ്മൂദും (സര്‍ സെയ്യിദ് കോളജ്) വൈസ് ചെയര്‍മാനായി വി.പി അഹമ്മദ് കുട്ടി (പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ്) നിര്‍വ്വാഹണ സമിതി അംഗമായി എം.അഹമ്മദ് (അന്‍സാര്‍ അറബി കോളജ്, വളവന്നൂര്‍) തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ യൂണിവേഴ്സിറ്റി യൂണിയന്‍ ഉദ്ഘാടനം ചെയ്തതും മുഖ്യമന്ത്രി ഇ.കെ നായനാരായിരുന്നു.

ഇടതു ഭരണകാലത്ത് തന്നെ 1981-82യൂണിയനിലും എം.എസ്.എഫ് കടന്നുകയറി. അന്ന് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയായിരുന്നു മണപ്പുറത്ത് അബ്ദുല്ലയും അലി പത്തനാപുരവും ഭാരവാഹികളായി.1980-86വരെ തുടര്‍ച്ചയായി എം.എസ്.എഫ് യൂണിയന്‍ ഭരണത്തിലുണ്ടായിരുന്ന 1982-87 വരെ യു.ഡി.എഫ് ഭരണമായിരുന്നെങ്കിലും 1983-86 യൂണിയന്‍ ഭരണം എസ്.എഫ്.ഐ-എം.എസ്.എഫ് മുന്നണിയായിട്ടായിരുന്നു. 1982-83ല്‍ നിലവിലുള്ള മുസ്ലിം ലീഗ് നേതാക്കളുടെ ഒരു നിരയാണ് വന്നിരുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. മമ്മുട്ടി ജനറല്‍ സെക്രട്ടറിയായും മുന്‍ എം.എല്‍.എ എം.സി ഖമറുദ്ദീന്‍ കാസര്‍ഗോഡ്,പി.വി ഇബ്രാഹിം കുട്ടി-കൊയിലാണ്ടി,വി.പി അഹമ്മദുണ്ണി ചങ്ങരംകുളം എന്നിവരാണ് സാരഥികളായത്.

യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം ആദ്യമായി ലഭിച്ചത് 1983-84ലായിരുന്നു, അടുത്ത വര്‍ഷവും അങ്ങിനെ തുടരാനായി, ആദ്യം സി.എം യൂസഫ്-ചങ്ങരംകുളം, രണ്ടാമതായി എം.എസ്.എഫിന്റെ പ്രസിഡന്റായിരുന്ന ബഹുമാന്യനായ ടി.പി.വി ഖാസിം-കണ്ണൂരുമായിരുന്നു. അതേ മുന്നണിയില്‍ 1985-86ല്‍ റസാഖ് തായലക്കണ്ടി- കാസര്‍ഗോഡ് ജനറല്‍ സെക്രട്ടറിയായി വന്നു.
ഒരിടവേളക്ക് ശേഷം 1990-91 വര്‍ഷത്തില്‍ ഇടതുഭരണകാലത്ത് കെ.എസ്.യു-എം.എസ്.എഫ് മുന്നണിയില്‍ ഹനീഫ പെരിഞ്ചേരി-മക്കരപറമ്പ് ജനറല്‍ സെക്രട്ടറിയായി വന്നു. പത്ത് വര്‍ഷം കഴിഞ്ഞ് 2001-02 വര്‍ഷത്തിലാണ് പിന്നീട് അവസരം കൈവന്നത്. കോഴിക്കോട് ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറിയായ മൊയ്തീന്‍ കോയ യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി വന്നു. പിന്നീട് നീണ്ട പന്ത്രണ്ട് വര്‍ഷം കഴിഞ്ഞ് 2013-14 വര്‍ഷത്തിലാണ് യൂണിയനില്‍ എം.എസ്.എഫ് പങ്കാളിത്തം വരുന്നത്. യൂണിയനില്‍ മികച്ച പ്രാതിനിധ്യവും ലഭിച്ചു. അഞ്ച്പേര്‍ ചുമതലയേറ്റു.

ശറഫുദ്ദീന്‍ പിലാക്കല്‍-പാലക്കാട്,ഫാത്തിഫ്-കൊയിലാണ്ടി,ശിമ-മഞ്ചേരി,ജസിം പി.പി- കോഴിക്കോട്,ജൗഹര്‍ കുറുക്കോളി-മലപ്പുറം എന്നിവരായിരുന്നു സാരഥികള്‍. തുടര്‍ന്ന് രണ്ടുവര്‍ഷം കൂടി യൂണിയന്‍ എം.എസ്.എഫിന്റെ കൈപ്പിടിയിലായിരുന്നു. 2014-15ല്‍ എം.കെ.എം സാദിഖും, 2015-16ല്‍ കെ.എം ഫവാസും യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരായി യു.ഡി.എസ്.എഫ് മുന്നണിയില്‍ കടന്നുകയറി. പ്രഥമ യൂണിയനില്‍ (1980-81) എ.ഐ. എസ്.എഫിന്റെ പ്രതിനിധിയായി വൈ.ചെയര്‍മാനായി വിജയിച്ച എം.റഹ്മത്തുള്ള ഇപ്പോള്‍ എസ്.ടി.യു.വിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുന്നുവെന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്.കേരള യൂണിവേഴ്സിറ്റി യൂണിയന്‍ ഭരണത്തിലും എം.എസ്.എഫിന് രണ്ടുതവണ പങ്കാളിത്വം ലഭിച്ചിട്ടുണ്ട്. കേരള ഭരണം യു.ഡി.എഫിന്റെ കൈവശമായിരുന്നെങ്കിലും യൂണിയന്‍ ഭരണത്തില്‍ എസ്.എഫ്.ഐക്കൊപ്പമായിരുന്നു. 1982-83 വര്‍ഷത്തില്‍ ഇപ്പോഴത്തെ ആലപ്പുഴ ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിയും 1983-84 വര്‍ഷത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ വിവരാവകാശ കമ്മിഷ്ണര്‍ ഹക്കീംകായംകുളവും യൂണിയന്‍ സാരഥികളായി. മലയാളം സര്‍വ്വകലാശാലയുടെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍ വി. ഇര്‍ഷാദ് കുറുക്കോള്‍ ആയിരുന്നുവെന്നതും വിസ്മരിക്കാനാവില്ല.

കേരളത്തിന് പുറത്തും പലയൂണിവേഴ്സിറ്റികളിലും ചെറിയ നേട്ടങ്ങളൊക്കെ നേടി എടുക്കാന്‍ എം.എസ്.എഫിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. ദേശാന്തരീയ പ്രശ്സതമായ അലീഗഡ് വാഴ്സിറ്റിയിലും എം.എസ്.എഫ് വിജയക്കൊടി നാട്ടിയിട്ടുണ്ട്. 1981-82 വര്‍ഷത്തെ യൂണിയന്‍ കാബിനറ്റില്‍ എറണാകുളം സ്വദേശി അഡ്വ. പി.കെ ഇബ്രാഹിം അംഗമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. സീനിയര്‍ അംഗം എന്ന നിലയില്‍ ആറുമാസം ആക്ടിങ് ചെയര്‍മാനാകാനും കഴിഞ്ഞിട്ടുണ്ട്. അക്കാലത്ത് യു.പി സംസ്ഥാന എം.എസ്.എഫിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു ഇബ്രാഹിം.ഈടുറ്റതും ശോഭയാര്‍ന്നതുമായ ഒരു ചരിത്രമുള്ള എം.എസ്.എഫിനെ കൂടുതല്‍ പഠിക്കാന്‍ തയ്യാറാവുകയാണ് എല്ലാവരും വേണ്ടത്.

 

Continue Reading

columns

സര്‍ക്കാരല്ലിത്, കൊള്ളക്കാര്‍

ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.

Published

on

വി.ഡി സതീശന്‍ (പ്രതിപക്ഷ നേതാവ്)

അഴിമതിയും കമ്മീഷന്‍ പദ്ധതികളും സ്വജനപക്ഷപാതവും ഗുണ്ട, ലഹരി മാഫിയകളുമായുള്ള സി.പി.എം ബന്ധവും പൊലീസിനെയും ഗുണ്ടകളെയും തിരിച്ചറിയാനാകാത്ത തരത്തിലുള്ള ക്രമസമാധാന തകര്‍ച്ചയും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വ്യാപകമാകുന്ന അക്രമങ്ങള്‍, സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതിക്കൊള്ള, രൂക്ഷമായ വിലക്കയറ്റം, കാര്‍ഷിക മേഖലയുടെ തകര്‍ച്ച… അങ്ങനെ ഭരണകൂട ഭീകരതയും അതിന്റെ പ്രത്യാഘാതങ്ങളും ചേര്‍ന്ന് ഭീതിതമായ ദിനങ്ങളിലൂടെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലെത്തി നില്‍ക്കുന്നത്. രക്ഷകരുടെ വേഷത്തില്‍ നിന്നവര്‍ മഹാമാരിക്കാലത്ത് ഖജനാവ് കൊള്ളയടിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്‌വന്നുകൊണ്ടിരിക്കുന്നു. ഭരണത്തുടര്‍ച്ചയുടെ ദുരന്ത ഫലങ്ങളാണ് കേരളം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍; ഇതൊരു സര്‍ക്കാരല്ല, കൊള്ളസംഘമാണ്.

ബന്ധുക്കള്‍ക്ക്‌വേണ്ടി അഴിമതി ക്യാമറ

റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ സാങ്കേതിക വിദ്യയുണ്ടെന്ന വ്യാജേന നിരത്തുകളില്‍ ക്യാമറകള്‍ സ്ഥാപിച്ചതിന്പിന്നില്‍ നടന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമായി. അഴിമതി ക്യാമറ ഇടപാടിലെ പകല്‍ക്കൊള്ള തെളിവ് സഹിതമാണ് പ്രതിപക്ഷം തുറന്നുകാട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസും കടന്ന് പിണറായി വിജയന്റെ വീട്ടിനുള്ളില്‍ വരെ ആരോപണങ്ങളെത്തി നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പനിയുടെ ദുരൂഹമായ ഇടപെടലുകള്‍ സംബന്ധിച്ച തെളിവും പുറത്ത്‌വിട്ടു. എന്നിട്ടും ഭീരുവിനെ പോലെ മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. എസ്.ആര്‍.ഐ.ടിക്ക് കരാര്‍ നല്‍കിയതിലൂടെ സി.പി.എം ബന്ധുക്കളും വേണ്ടപ്പെട്ടവരും ഉള്‍പ്പെടുന്ന കറക്ക് കമ്പനികള്‍ക്ക് അഴിമതി നടത്താന്‍ സര്‍ക്കാരും കെല്‍ട്രോണും അവസരമൊരുക്കിക്കൊടുക്കുകയായിരുന്നു. സംസ്ഥാനത്ത് ഏത് പദ്ധതി നടപ്പാക്കിയാലും അതിന്റെ കമ്മീഷനും അഴിമതിപ്പണവും ഒരു പെട്ടിയിലേക്ക് എത്തിച്ചേരുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും രണ്ടാം സര്‍ക്കാര്‍ തുടരുന്നതും. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവുമായി ബന്ധപ്പെട്ട പ്രസാഡിയോ എന്ന സ്ഥാപനമാണ് അഴിമതി ക്യാമറ പദ്ധതിയില്‍ ഉപകരാര്‍ നേടിയത്. ഒരു രൂപ പോലും മുടക്കില്ലാതെ വരുമാനത്തിന്റെ 60 ശതമാനമാണ് ഈ കറക്ക് കമ്പനിയിലേക്കെത്തുന്നത്. പ്രതിപക്ഷം പുറത്തുവിട്ട തെളിവുകള്‍ വ്യാജമാണെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട ആരും പറഞ്ഞിട്ടില്ല. ഏപ്രില്‍ 12 ലെ മന്ത്രിസഭ യോഗത്തില്‍ ഗതാഗതമന്ത്രി സമര്‍പ്പിച്ച കുറിപ്പില്‍ കരാര്‍ നേടിയ കമ്പനികളുടെ വിവരങ്ങള്‍ മറച്ചുവച്ചതും ദുരൂഹമാണ്. പൊതുഖജനാവിന് ഒരു നഷ്ടവും ഇല്ലെന്ന് സി.പി.എം ന്യായീകരിക്കുമ്പോഴും ജനങ്ങളില്‍നിന്നും 1000 കോടി രൂപ പിഴത്തുകയായി പിരിച്ചെടുക്കാന്‍ കറക്ക് കമ്പനികള്‍ക്ക് അനുമതി നല്‍കുന്നതാണ് അഴിമതി ക്യാമറ പദ്ധതി. മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാതായപ്പോള്‍ കറക്ക് കമ്പനിയെക്കൊണ്ട് വക്കീല്‍ നോട്ടീസ് അയപ്പിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതുന്നുവെങ്കില്‍ അത് മൗഢ്യമാണ്.

കെ ഫോണ്‍ അഴിമതിയിലും പ്രസാഡിയോ

അഴിമതി ക്യാമറയെയും വെല്ലുന്ന അഴിമതിയാണ് കെ ഫോണില്‍ നടത്തിയത്. പദ്ധതി നടത്തിപ്പിന് ഭാരത് ഇലക്ട്രോണിക്‌സിനെയാണ് (ബെല്‍) ചുമതലപ്പെടുത്തിയത്. പദ്ധതിയുടെ കരാര്‍ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് അടങ്ങുന്ന കണ്‍സോര്‍ഷ്യത്തിനാണ് നല്‍കിയത്. 1028.8 കോടിയുടെ പദ്ധതി കണ്‍സോര്‍ഷ്യത്തിന് നല്‍കിയപ്പോള്‍ 1531 കോടി രൂപയായി ഉയര്‍ന്നു. പത്ത് ശതമാനത്തില്‍ അധികം ടെണ്ടര്‍ എക്‌സസ് പാടില്ലെന്ന നിബന്ധന മറികടന്ന് 520 കോടിയോളമാണ് അധികമായി നല്‍കിയത്. ബെല്‍, അഴിമതി ക്യാമറ ഇടപാടില്‍ ഉള്‍പ്പെട്ട എസ്.ആര്‍.ഐ.ടി, റെയില്‍ടെല്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. എസ്. ആര്‍.ഐ.ടിക്ക് കിട്ടിയ കരാര്‍ പാലങ്ങളും റോഡുകളും മാത്രം നിര്‍മിക്കുന്ന അശോക ബില്‍ഡ്‌കോണിന് നല്‍കി. അശോക ബില്‍ഡ്‌കോണ്‍ ഈ കരാര്‍ മുഖ്യമന്ത്രിയുടെ ബന്ധുവിന് ബന്ധമുള്ള കമ്പനിയായ പ്രസാഡിയോയ്ക്ക് നല്‍കി. അഴിമതി ക്യാമറയിലെന്ന പോലെ ഇവിടെയും എല്ലാ വഴികളും അവസാനിക്കുന്നത് ഒരു പെട്ടിയിലേക്കാണ്.

ധൂര്‍ത്തിന് നികുതിക്കൊള്ള

ഭരണപരാജയവും ധൂര്‍ത്തും ഉണ്ടാക്കിയ കടക്കെണിയില്‍നിന്നും കരകയറുന്നതിനും സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റടിക്കുകയാണ്. ബജറ്റിലൂടെ മാത്രം ഇന്ധന സെസും മദ്യത്തിന്റെ വില വര്‍ധനവും ഉള്‍പ്പെടെ 4500 കോടിയുടെ അധിക നികുതിയാണ് അടിച്ചേല്‍പ്പിച്ചത്. ഇതിന്പുറമെ വെള്ളം, വൈദ്യുതി നിരക്കുകളും കുത്തനെ വര്‍ധിപ്പിച്ചു. പ്രളയവും കോവിഡ് മഹാമാരിയും ഏല്‍പ്പിച്ച ആഘാതത്തില്‍നിന്നും ജനം കരകയറുന്നതിനിടയിലാണ് നികുതിക്കൊള്ളയുമായി സര്‍ക്കാര്‍ ഇറങ്ങിയിരിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റത്തിന്പുറമെ കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീസും വര്‍ധിപ്പിച്ചത് സാധാരണക്കാരന്റെ വീടെന്ന സ്വപ്‌നത്തിലാണ് കരിനിഴല്‍ വീഴ്ത്തിയത്. പെര്‍മിറ്റ് എടുക്കുന്നതിനുള്ള അപേക്ഷാഫീസ് 30 രൂപയില്‍നിന്നും 1000 മുതല്‍ 5000 രൂപ വരെയും പെര്‍മിറ്റ് ഫീസ് പത്തിരട്ടിയുമായാണ് വര്‍ധിപ്പിച്ചത്.

ലൈഫ് മിഷന്‍ തട്ടിപ്പ്

ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ ഇപ്പോഴും ജയിലിലാണ്. 20 കോടിയുടെ പദ്ധതിയില്‍ 9 കോടിയും കമ്മീഷന്‍ ഇനത്തില്‍ തട്ടിയെടുക്കുകയായിരുന്നു. കര്‍ണാടകത്തിലെ ബി.ജെ.പി സര്‍ക്കാര്‍ 40 ശതമാനം കമ്മീഷന്‍ സര്‍ക്കാരാണെങ്കില്‍ കേരളത്തിലെ സി.പി.എം ഭരണത്തില്‍ കമ്മീഷന്‍ അതിനേക്കാള്‍ ഉയര്‍ന്നതാണ്. കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയില്ലായിരുന്നുവെങ്കില്‍ ലൈഫ് മിഷന്‍ സി.ഇ.ഒ ആയ മുഖ്യമന്ത്രി എന്നേ ആ കേസില്‍ പ്രതിയാകുമായിരുന്നു.

ലഹരി മാഫിയക്ക് സി.പി.എം രക്ഷ

സംസ്ഥാനത്ത് എല്ലാ മേഖലകളിലും ലഹരി വ്യാപകമായി പടര്‍ന്നിരിക്കുകയാണ്. അത് തടയാനോ നിയന്ത്രിക്കാനോ ഒരു സംവിധാനങ്ങളുമില്ല. മാരകമായ രാസ മരുന്നുകളാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ചെറിയ കാരിയേഴ്‌സിനെ മാത്രമാണ് പിടികൂടുന്നത്. ലഹരി മാഫിയക്കെതിരെ ഒരു നിയന്ത്രണവും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. കാരണം ലഹരി മാഫിയയ്ക്ക് സി.പി.എം രക്ഷാകര്‍തൃത്വമുണ്ട്. സി.പി. എം, ഡി.വൈ.എഫ്.ഐ നേതാക്കള്‍ ലഹരിക്കടത്തിന്റെ ഭാഗമാകുമ്പോള്‍ സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുകയാണ്.

സ്ത്രീസുരക്ഷ കസര്‍ത്തിലൊതുങ്ങി

സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പൊലീസിന്റെ തന്നെ കണക്കുകള്‍. 2020 ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം 12,659 ആയിരുന്നത് 2021 ല്‍ 16,199 ലേക്ക് ഉയരുകയും 2022 ല്‍ 18,943 ആകുകയും ചെയ്തു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ 2020ല്‍ 3941 ആയിരുന്നത് 2022ല്‍ 5315 ലേക്ക് ഉയര്‍ന്നു. ഒരുദിവസം 47 സ്ത്രീകള്‍ വിവിധ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തു സ്ത്രീകള്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാരിന് ഓശാന പാടാനുള്ള ഭക്തജനസംഘമായി നില്‍ക്കുകയാണ് പൊലീസ്.

തകര്‍ന്നടിഞ്ഞ് കാര്‍ഷിക മേഖല

നെല്ല് സംഭരണത്തില്‍ മാത്രം 1000 കോടി കുടിശികയുണ്ട്. കഴിഞ്ഞ ബജറ്റില്‍ 500 കോടി വകയിരുത്തിയ റബര്‍ വിലസ്ഥിരതാ ഫണ്ടില്‍ ചെലവഴിച്ചത് വെറും 32 കോടി രൂപ. കര്‍ഷകരെ സഹായിക്കേണ്ട റബര്‍ ബോര്‍ഡിനെ കേന്ദ്ര സര്‍ക്കാര്‍തന്നെ ഇല്ലാതാക്കുന്നു. അടയ്ക്ക കര്‍ഷകരെ സംബന്ധിച്ച് ഉത്പാദനക്കുറവാണ് പ്രശ്‌നമെങ്കില്‍ നാളികേര കര്‍ഷകര്‍ക്ക് വിലയിടിവാണ് പ്രതിസന്ധി. സര്‍ക്കാരിന്റെ പച്ചത്തേങ്ങ സംഭരണം പ്രഖ്യാപനത്തില്‍ ഒതുങ്ങിയതോടെ പൊതുവിപണിയില്‍ തേങ്ങയുടെ വിലയും കൂപ്പുകുത്തി. ഏലം, തേയില, കുരുമുളക് തുടങ്ങി എല്ലാ മേഖലയിലെ കര്‍ഷകരും പ്രതിസന്ധിയില്‍.

പെന്‍ഷനില്ല, മേനി പറച്ചില്‍ മാത്രം

മത്സ്യത്തൊഴിലാളികള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കാതെ അവരെയും സര്‍ക്കാര്‍ കബളിപ്പിക്കുന്നു. കെ.എസ്.ആര്‍.ടി. സിയെ തകര്‍ത്തു. യു.ഡി.എഫിന്റെ അഭിമാന പദ്ധതിയായ ‘കാരുണ്യ’ ഇല്ലാതാക്കി. ആശ്വാസകിരണം ഉള്‍പ്പെടെയുള്ള ക്ഷേമ പദ്ധതികള്‍ മാസങ്ങളായി മുടങ്ങി. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. ശമ്പളം നല്‍കാത്തതിനെതുടര്‍ന്ന് കൊല്ലത്ത് സാക്ഷരതാ പ്രേരക് ആത്മഹത്യ ചെയ്തു. പാചകത്തൊഴിലാളികള്‍ക്ക് മാസങ്ങളായി വേതനമില്ല. എയ്ഡ്‌സ് രോഗികളുടെ പെന്‍ഷനടക്കം മുടങ്ങി. എന്നിട്ടും സാമൂഹിക സുരക്ഷാപെന്‍ഷന്റെ പേരില്‍ ഊറ്റംകൊള്ളുന്ന പിണറായി

സര്‍ക്കാര്‍ ദുരന്തമാണ്.

അനധികൃതമായി ലൈസന്‍സ് നല്‍കിയ ബോട്ട് മറിഞ്ഞ് താനൂരില്‍ 22 പേര്‍ മരിച്ച അതിദാരുണ സംഭവം സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ദുരന്തമാണ്. വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി പൊലീസിന്റെ കണ്‍മുന്നില്‍ വനിതാഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത് കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നു. കഴിഞ്ഞ രണ്ട്‌വര്‍ഷം അഭിമാനിക്കാന്‍ എന്തുണ്ട്? അഴിമതിരാജായി മാറിയ കമ്യൂണിസ്റ്റ് ഭരണകൂടം. അഴിമതി വിരുദ്ധ സംവിധാനങ്ങളുടെ ചിറകരിഞ്ഞ സര്‍ക്കാര്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതികൂടി പുറത്ത് വരുമ്പോള്‍ പിണറായി വിജയന് തലയില്‍ മുണ്ടിട്ട് നടക്കേണ്ടിവരും. ജനദ്രോഹ ഭരണത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ പിണറായി സര്‍ക്കാരിന് അര്‍ഹതയും അവകാശവുമില്ല.

Continue Reading

Trending