ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പരിശീലകനായി ടീമിനെ നയിക്കുന്ന റെകോര്‍ഡ് ഇനി ആഴ്‌സന്‍ വെങറിനും സ്വന്തം. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന മത്സരത്തിലൂടെയാണ് ആഴ്‌സന്‍ വെങ്ങര്‍ ഈ നേട്ടം സ്വന്തമാക്കിയത്. പരിശീലകനായി പ്രീമിയര്‍ ലീഗില്‍ വെങറിന്റെ 810-ാം മത്സരമായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസനും ടീമിനെ 810 മത്സരങ്ങളില്‍ പരിശീലിപ്പിച്ചുട്ടുണ്ട്. ഇതോടെ ഫെര്‍ഗിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയായിരുന്നു വെങര്‍. അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗായി മാറുന്നതിനു മുമ്പെ ഇംഗ്ലണ്ട് ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോളില്‍ 223 മത്സരങ്ങളിലും ഫെര്‍ഗി മാഞ്ചസ്റ്ററിനെ പരിശീലിപ്പിച്ചിട്ടുണ്ട്.

ക്രിസ്റ്റല്‍ പാലസിനെ അവരുടെ തട്ടകത്തില്‍ നേരിട്ട മുന്‍ചാമ്പ്യന്‍മാരായ ആര്‍സെനല്‍ ചിലിയന്‍ താരം അലക്‌സിസ് സാഞ്ചസിന്റെ ഇരട്ടഗോള്‍ മികവില്‍ രണ്ടിനെതിരെ മൂന്നു ഗോള്‍ക്കു ജയവും നിര്‍ണായകമായ മൂന്നു പോയന്റും സ്വന്തമാക്കുകയായിരുന്നു. 20 കളികളില്‍ നിന്നും 37 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് നിലവില്‍ ആര്‍സെനല്‍. ലീഗ് കിരീട പോരില്‍ പിന്നോട്ടുപോയ ഗണ്ണേഴ്‌സ് ആദ്യ നാലില്‍ ഫിനീഷ് ചെയ്ത് അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗില്‍ യോഗ്യതയുറപ്പിക്കാനുള്ള ശ്രമത്തിലാണ് വെങറും കൂട്ടരും.