ഇ സാദിഖ് അലി

1934 ല്‍ പ്രതിവാര പത്രമായി തുടങ്ങിയ ചന്ദ്രിക കേന്ദ്ര നിയമ സഭയിലേക്ക് സത്താര്‍ സേട്ടും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും തമ്മില്‍ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അല്‍പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടിവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ സേട്ടു സാഹിബ് വിജയിച്ചപ്പോള്‍ മറുപക്ഷത്ത് നിന്നിരുന്നവര്‍ മുഴുവന്‍ ചന്ദ്രിക ബഹിഷ്‌കരിച്ച പശ്ചാത്തലത്തിലായിരുന്നു അത്. മറ്റൊരവസരത്തില്‍ രണ്ടാം ലോക യുദ്ധം കാരണം കടലാസിന് ക്ഷാമം നേരിട്ടപ്പോള്‍ പത്രം തുടര്‍ന്ന് നടത്തിക്കൊണ്ട്‌പോകാന്‍ സാധിക്കാതെ വന്നപ്പോള്‍ വീണ്ടും വാരികയാക്കി ചുരുക്കിയ സന്ദര്‍ഭത്തിലും കുറച്ചു കാലത്തേക്ക് നിര്‍ത്തിവെച്ചു.

മുഹമ്മദ്അബ്ദുറഹിമാന്‍ സാഹിബിനനുകൂലമായി ‘അല്‍ അമീനി’ല്‍ പ്രവര്‍ത്തിക്കുകയും ലേഖനമെഴുതുകയും ചെയ്തിരുന്ന വി.സി അബൂബക്കര്‍ ചന്ദ്രിക പത്രാധിപ സമിതിയിലെത്തുന്നത് ഈ ഘട്ടത്തിലാണ്. ഇങ്ങനെ പല വിഷമങ്ങളെയും തരണംചെയ്യേണ്ടിവന്ന മാനേജ്‌മെന്റിന്റെ വിഷമങ്ങളെയും പ്രയാസങ്ങളെയും പത്രാധിപരായിരുന്ന കെ.കെ മുഹമ്മദ് ഷാഫി പ്രതിപാദിച്ചതിങ്ങനെ: ‘ചന്ദ്രികക്ക് വിഷമതകളുടെ കൂമ്പാരങ്ങളെയാണ് ആദ്യകാലത്ത് തരണം ചെയ്യേണ്ടിവന്നത്. പത്രവായന നിഷിദ്ധമാണെന്ന് പറയുന്ന ഒരു വിഭാഗം യാഥാസ്ഥിതികരൊരു ഭാഗത്ത്. ഒരുവിധം നല്ലനിലയില്‍ നടന്ന് വന്നിരുന്ന ‘അല്‍ അമീന്‍’ ഉണ്ടായിരിക്കുമ്പോള്‍ വേറൊരു മുസ്‌ലിം പത്രം ആവശ്യമില്ലെന്ന് പറഞ്ഞു ചന്ദ്രികയെ എതിര്‍ത്തിരുന്ന വേറൊരു കൂട്ടം മറുവശത്ത്.

പുറമെ പത്രവായനയില്‍ അഭിരുചിയില്ലാതിരുന്ന അവസ്ഥ പൊതുവിലും സാമ്പത്തികമായ കഴിവ്‌കേട് വിശേഷിച്ചും. തന്നിമിത്തം 1935 ഫെബ്രുവരിയില്‍ പ്രസിദ്ധീകരണം നിര്‍ത്തേണ്ടിവന്നു. പക്ഷെ സാമ്പത്തിക പരാധീനതക്ക് പരിഹാരമുണ്ടാകുമെന്നുറച്ച് അന്നത്തെ പ്രധാനികളായ സത്താര്‍ സേട്ടു സാഹിബ്, സി. പി മമ്മുക്കേയി സാഹിബ്, ഏ.കെ കുഞ്ഞിമായിന്‍ സാഹിബ്, മുക്കാട്ടില്‍ മൂസ്സ സാഹിബ് എന്നീ മാന്യന്മാര്‍ 500 രൂപ വീതം തരാമെന്ന വാഗ്ദാനവുമായി മുന്നോട്ട്‌വന്നു. അതോടെ 1935 മാര്‍ച്ചില്‍ ചന്ദ്രിക വീണ്ടും വന്നു. പക്ഷെ സംഭാവന വാങ്ങി പത്രം തുടരാനല്ല ഒരു കമ്പനി രൂപീകരിക്കാനാണ് ചന്ദ്രിക പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. അതിന്റെ ഫലമായി ഇന്ന് പത്രം നടത്തിവരുന്ന മുസ്‌ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രൂപീകരിക്കപ്പെട്ടു. അധികം താമസിയാതെ ചന്ദ്രികക്ക് വേണ്ടി ഒരു പ്രസ്സ് വാങ്ങി. മുന്‍ പ്രസാധകനെന്ന നിലയില്‍ തയ്യിലക്കണ്ടി സി മുഹമ്മദിനുണ്ടായിരുന്ന അവകാശം കമ്പനിയിലേക്ക് തീര് വാങ്ങുകയും പത്രത്തിനും പ്രസ്സിനുമുള്ള ഡിക്ലറേഷന്‍ എന്റെ പേരില്‍ വാങ്ങുകയും ചെയ്തു’.

മൊയ്തു കരിയാടന്‍ പറയുന്നതിങ്ങനെ: ‘ഒന്നാമത്തെ മാനേജിങ് ഡയരക്ടര്‍ സി.പി മമ്മുക്കേയിയായിരുന്നു. സത്താര്‍ സേട്ടു സാഹിബ്, മര്‍ഹൂം കെ.എം സീതി സാഹിബ്, ടി.എം മൂസ്സ സാഹിബ്, പി കുഞ്ഞിമുഹമ്മദ് സാഹിബ് എന്നിവരായിരുന്നു സഹായികള്‍. കേയി സാഹിബ് മാനേജിങ് ഡയരക്ടറായതോടെ ചന്ദ്രികക്ക് ഒരു നവോന്മേഷമുണ്ടായിരുന്നു. മുസ്‌ലിം പ്രസ്സിന് അധോഗതി കണ്ടപ്പോള്‍ മര്‍ഹൂം നുച്ചലയകത്ത് മൊയ്തു സാഹിബിന്റെ കമാല്‍ പ്രസ്സ് എടുത്ത് ചന്ദ്രിക പ്രസ്സാക്കി. ആപ്പീസും പ്രസ്സും ഒരു വലിയ എടുപ്പിലേക്ക് (സൊസൈറ്റി ഗോഡൗണ്‍) മാറ്റപ്പെട്ടു.

അവിടെ വെച്ച് ഷാഫി സാഹിബ് പത്രാധിപരും മര്‍ഹൂം എം മൊയ്തു സാഹിബ് പ്രിന്ററും പബ്ലിഷറും പരേതനായ ഒ ശങ്കുണ്ണി മാനേജരുമായി ചന്ദ്രിക ദിനപ്പത്രം പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. 1939 ല്‍ രണ്ടാം ലോക മഹായുദ്ധം തുടങ്ങിയതോടെ സാമ്പത്തിക വിഷമം കൂടുതല്‍ അനുഭവപ്പെട്ടു. തെക്കേ മലബാറില്‍ പ്രചാരം വളരെ പരിമിതമായിരുന്നു. കോഴിക്കോട്ടെ ദിനപ്പത്രങ്ങളുടെ മത്സരത്തില്‍ ചന്ദ്രികക്ക് ശോഭിക്കാന്‍ സാധിച്ചില്ല. ഇന്നത്തെപ്പോലെ അന്ന് ബസ്സുകളില്ല. തീവണ്ടി സമയവും അനുകൂലമായിരുന്നില്ല. വര്‍ത്താ ഏജന്‍സികളുടെ (റോയിട്ടര്‍, എ.പി. ഐ) ബില്ലുകളയക്കാന്‍ ശങ്കുണ്ണി മാനേജര്‍ പലപ്പോഴും നട്ടം തിരിഞ്ഞിട്ടുണ്ട്. പണത്തിന്റെ തിടുക്കം മൂലം അന്നന്ന് ടൗണില്‍ നിന്ന് കടലാസ് വാങ്ങി പത്രമടിച്ചിട്ടുണ്ട്. ഒരു ദിവസം ഒരു മണി വരേക്കും കടലാസിന് പണമൊക്കാഞ്ഞിട്ട് ശങ്കുണ്ണി മാനേജര്‍ ഈ ലേഖകനെ അദ്ദേഹത്തിന്റെ ഭാര്യക്കൊരു ശീട്ടും തന്നയച്ച് പണ്ടം കൊണ്ടുവന്ന് കടലാസ് വാങ്ങിയിട്ടാണ് പത്രമടിച്ചത്’.

ഈ വിവരമറിഞ്ഞ സി.പി മമ്മുക്കേയി സാഹിബ് കെട്ടുതാലി പണയംവെച്ചതിന് ശങ്കുണ്ണി മാനേജറെ പ്രശംസിക്കുന്നതിന്പകരം ശാസിച്ചുവത്രേ. ഇങ്ങനെ പകുതി ജീവനുമായി നീങ്ങുന്നതിനിടയില്‍ മാനേജിങ് ഡയരക്ടര്‍ സി.പി മമ്മുക്കേയി മരണപ്പെട്ടു. അധികം താമസിയാതെ ശങ്കുണ്ണി മാനേജറും കാലഗതി പ്രാപിച്ചു. ഈ രണ്ട് മഹാരഥന്മാരുടെ മരണം ചന്ദ്രികയെ വീണ്ടും പ്രതിസന്ധിയിലാക്കി. മാനേജിങ് ഡയരക്ടറുടെ സ്ഥാനത്തേക്ക് ഏ.കെ കുഞ്ഞിമായിന്‍ ഹാജി തെരഞ്ഞെടുക്കപ്പെട്ടു. മാനേജറായി സി കുഞ്ഞിമൂസയും നിയമിക്കപ്പെട്ടെങ്കിലും ചന്ദ്രിക രക്ഷപ്പെട്ടില്ല. കെ.എം സീതി സാഹിബ് താമസിച്ചിരുന്ന തിരുവങ്ങാട്ടെ വാടക വീട്ടില്‍നിന്ന് മാറ്റര്‍ കമ്പോസ് ചെയ്യുമ്പോള്‍ ചായക്ക് പോലും കാശില്ലാതെ വിഷമിക്കുന്നതോര്‍ത്ത് ആരും പരാതി പറഞ്ഞില്ല. എല്ലാറ്റിനും സീതി സാഹിബിന്റെ ക്ലര്‍ക്ക് വി മുഹമ്മദ് സാഹിബ് സാക്ഷിയായി.