മലപ്പുറം:സെപ്തംബര്‍ ഒന്ന് മുതല്‍ 20 വരെ നടക്കുന്ന ചന്ദ്രിക പ്രചരണ കാമ്പയിന്‍ വന്‍ വിജയമാക്കുവാന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ സൂം യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി അധ്യക്ഷത വഹിച്ചു. നന്മ നിറഞ്ഞ വായനാസംസ്‌ക്കാരം വളര്‍ത്തിയെടുക്കുകയും ന്യൂനനപക്ഷങ്ങള്‍ക്ക് ദിശാബോധം നല്‍കുകയും  ചെയ്ത ചന്ദ്രികയുടെ പ്രചാരണം എല്ലാവരും ഏറ്റെടുക്കണമെന്ന് തങ്ങള്‍ പറഞ്ഞു.രാജ്യത്തിന്റെയും ജനതയുടെയും സര്‍വതോന്മുഖമായ പുരോഗതിക്കും, മതമൈത്രി കാത്തുസൂക്ഷിക്കുന്നത്തിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടായി നിരന്തരം പ്രയത്‌നിച്ചു പോരുന്ന അഭിമാനകരമായ പാരമ്പര്യമാണ് ‘ചന്ദ്രിക’ ക്കുള്ളത്.

ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലം മുതല്‍ ഭരണകൂടങ്ങളുടെ അവഗണനക്കും അവകാശ നിഷേധങ്ങള്‍ക്കും വിധേയമായി ഇരുളില്‍ കഴിയേണ്ടി വന്ന ജനങഅങളില്‍ അറിവും ആത്മബലവും പകര്‍ന്ന്, അവരെ രാഷ്ട്രീയ പ്രബുദ്ധവും സംഘടിത ശക്തിയുമായി മാറ്റുന്നതില്‍ ഇക്കാലമത്രയും ചന്ദ്രിക വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തിയതാണ്. നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയിലും സര്‍വതുറകളിലുമുള്ള വികസനത്തിലും അതുല്യ സംഭാവനകളര്‍പ്പിച്ചതാണ് ചന്ദ്രകയുടെ കര്‍മ്മപഥം.രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡലം പ്രശ്‌ന സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആരോഗ്യ,സാമ്പത്തികപ്രതിസന്ധി നാടിനെ കടുത്ത പ്രയാസത്തിലാക്കിയിരിക്കുന്നു.

ഇത്തരം ആപത്ഘട്ടങ്ങളില്‍ ആശ്വാസം പകരുകയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും വേണ്ട ഭരണകൂടങ്ങള്‍ അഴിമതിയിലും സ്വജനപക്ഷപാതത്തിലും പെട്ട് മുഖം നഷ്ടപ്പെട്ടു കിടക്കുകയാണ്. ഉപജീവനമാര്‍ഗങ്ങള്‍ പോലും നഷ്ടമാകുകയും ഭാവിതവമുറയുംട വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും അവതാളത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ കടുത്ത ഫാസിസ്റ്റ് നടപടികള്‍ കൈകൊണ്ടു മുന്നോട്ട്‌പോകുന്നു. ജനവിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇത്തരം രാഷ്ട്രീയ സമീപനങ്ങളെ തുറന്നുകാണിക്കാനും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാനും ആദര്‍ശ ധീരതയാര്‍ന്ന മാധ്യമപ്രവര്‍ത്തനവും മാധ്യമങ്ങളും അനിവാര്യമാണ്.

അധികാര കേന്ദ്രങ്ങളുടെ തിന്മകളോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറുകയാണ് ചന്ദ്രിക.ഈ പ്രയാണത്തിന് കരുത്തേകാന്‍ ചന്ദ്രികയുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ മുസ്‌ലിം ലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും മുന്നോട്ടുവരണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.പുതിയ വരിക്കാരുടെ ലിസ്റ്റും തുകയും 25 നകം ചന്ദ്രിക യൂണിറ്റുകളില്‍ ഏല്‍പ്പിക്കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
വര്‍ത്തമാനകാലത്ത് ചന്ദ്രികയുടെ പ്രചാരണം കൂടുതല്‍ ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. പ്രചാരണ വീഡിയോയും പോസ്റ്ററും പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പുറത്തിറക്കി. മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് സ്വാഗതം പറഞ്ഞു. മു സ് ലിം ലീഗ് ജില്ലാ പ്രസിഡന്റ്- സെക്രട്ടറിമാര്‍,ചന്ദ്രിക നിയോജക മണ്ഡലം കോഓര്‍ഡിനേറ്റര്‍മാര്‍,ചര്‍ച്ചയില്‍ പങ്കെടുത്തു. പിവി അബ്ദുല്‍ വഹാബ് എംപി,പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍,ചന്ദ്രിക ഡയറക്ടര്‍ പിഎംഎ സമീര്‍,ചന്ദ്രിക എഡിറ്റര്‍ സിപി സൈതലവി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കല്‍ സംസാരിച്ചു.