Connect with us

columns

പത്രം ആരുടെ പക്ഷത്ത് നില്‍ക്കും

Published

on

ഇ സാദിഖ് അലി

1935 ല്‍ കേന്ദ്ര നിയമ നിര്‍മ്മാണ സഭയിലേക്ക് വാശിയേറിയ മത്സരം നടന്നു. കെ.എം സീതി സാഹിബിന്റെ സതീര്‍ഥ്യനും സുഹൃത്തും നാട്ടുകാരനുമായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍സേട്ട് സാഹിബും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഈ തെരഞ്ഞെടുപ്പില്‍ ചന്ദ്രിക ആരുടെ പക്ഷത്ത് നില്‍ക്കുമെന്നായിരുന്നു എല്ലാവരുടെയും ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നൊരു ചോദ്യം. അര്‍ഥശങ്കക്കിടയില്ലാത്തവിധം ചന്ദ്രിക നിസ്സങ്കോചമായ തീരുമാനമെടുത്തു. ഹാജി സത്താര്‍ സേട്ടു സാഹിബിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തു.
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും സത്താര്‍ സേട്ടു സാഹിബും തമ്മില്‍ നടന്ന തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ചന്ദ്രിക അല്പകാലത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നതൊഴിച്ചാല്‍ പിന്നീടൊരിക്കലും ഈ സാമുദായിക പത്രം നിര്‍ത്തിവെച്ചിട്ടില്ല.

സി.പി മമ്മുക്കേയി, ഏ.കെ കുഞ്ഞിമായിന്‍ ഹാജി, സത്താര്‍ സേട്ടു, കെ.എം സീതി സാഹിബ് എന്നിവര്‍ അതിന് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ വളരെ വലുതാണ്. ചന്ദ്രികയുടെ എല്ലാമെല്ലാമായി മാറിയ സി.എച്ച് മുഹമ്മദ് കോയ സാഹിബ് അതിങ്ങനെ വിവരിക്കുന്നു: ‘എന്നാല്‍ സീതി സാഹിബിന്റെയും മറ്റും പരിശ്രമ ഫലമായി പത്രം പുന:നാരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്‍ സേട്ടു, ഏ.കെ കുഞ്ഞിമായിന്‍ ഹാജി, കടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസ്സ എന്നിവര്‍ 500 രൂപ വീതം മുടക്കി 400 വരിക്കാരെയും ചേര്‍ത്ത് ശുഭാപ്തി വിശ്വാസത്തോടെ ചന്ദ്രിക വീണ്ടും പുറത്തിറക്കാന്‍ തുടങ്ങി. ഒരു കൊല്ലം കൊണ്ട് വരിക്കാരുടെ സംഖ്യ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായമുണ്ടായി. ഈ കാലങ്ങളിലൊക്കെയേര്‍പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്‍ ചന്ദ്രികക്ക് കാര്യമായ പിന്‍ബലം നല്‍കിയത് കെ.എം സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്ന സംഗതി സ്മരണീയമാണ്. ‘അല്‍ അമീന്‍’, ‘മാതൃഭൂമി’ മുതലായ പത്രങ്ങളുടെ വായ്ത്തല മടക്കിയത് ആ അജയ്യമായ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കുകയില്ല’.

1939 ല്‍ രണ്ടാം ലോകമഹാ യുദ്ധം പൊട്ടിപ്പുറപ്പെട്ട പരിതസ്ഥിതിയിലുണ്ടായ കടലാസിന്റെ പഞ്ഞവും തുടര്‍ന്നുണ്ടായ വെറിയും നിമിത്തം പത്രം വരികയാക്കി മാറ്റേണ്ടിവന്നു. ഇത് കേരളത്തിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തനത്തെയും ബാധിച്ചു. ഒരു ദിനപത്രത്തിന്റെ അഭാവം എത്രമാത്രമുണ്ടെന്ന് മനസ്സിലാക്കിയ നേതാക്കള്‍ക്ക് തല്‍ക്കാലം ക്ഷമിക്കുക മാത്രമേ നിര്‍വാഹമുണ്ടായിരുന്നുള്ളു. ആ പ്രതികൂല സാഹചര്യത്തിലും വാരിക തുടര്‍ന്ന് നടത്തുന്നതില്‍ അന്നത്തെ പത്രാധിപര്‍ കാണിച്ച ഉത്സാഹവും ത്യാഗവും പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. ദരിദ്രമായ കുട്ടിക്കാലത്ത് തുടങ്ങി 40 കൊല്ലക്കാലം ഇല്ലായ്മയിലും വല്ലായ്മയിലും ഭാഗവാക്കായി, പത്രത്തെ പുരോഗതിയിലെത്തിക്കാന്‍ നിസ്വാര്‍ത്ഥമായും ആത്മാര്‍ത്ഥമായും പ്രവര്‍ത്തിച്ച പത്രാധിപര്‍ വി.സി അബൂബക്കര്‍ സാഹിബ് ചന്ദ്രികയുടെ പഴയ കാലത്തെക്കുറിച്ച് സ്മരിച്ചതിങ്ങനെ: ‘പത്രം അടിച്ച് കഴിഞ്ഞാല്‍ എഡിറ്റോറിയല്‍ സ്റ്റാഫിലെയും മാനേജിങ് സ്റ്റാഫിലെയും അംഗങ്ങള്‍ തന്നെ എണ്ണിത്തിട്ടപ്പെടുത്തി അട്ടി വെക്കാനും പോസ്റ്റല്‍ ചെയ്യാനുള്ളവ മടക്കി സ്റ്റാമ്പൊട്ടിച്ച് പുറത്തേക്ക് കൊണ്ട്‌പോകാനും സഹകരിക്കാറുള്ളത് മനസ്സിലിന്നും പച്ചപിടിച്ച് നില്‍ക്കുന്നു. 1932-33ലാണെന്ന് തോന്നുന്നു, തലശ്ശേരിയില്‍ നിന്ന് തയ്യിലക്കണ്ടി സി മുഹമ്മദ്, മുക്കാട്ടുമ്പ്രത്ത് മൊയ്തു തുടങ്ങി നാലഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്ന് ആവശ്യമായ മൂലധനമോ മറ്റ് സൗകര്യങ്ങളൊയില്ലാതെ ഒരു നേരമ്പോക്കെന്നോണമാണ് ചന്ദ്രിക വാരാന്ത പത്രമായി തുടങ്ങിയത്. അവരുടെ തന്നെ കൂട്ടത്തില്‍ പെട്ട കമാല്‍ മൊയ്തു എന്നൊരു സ്‌നേഹിതന്റെ ഹാന്‍ഡ് പ്രസ്സിലായിരുന്നു അച്ചടി. ഞാനന്ന് വിദ്യാര്‍ത്ഥിയായിരുന്നു’.

 

columns

കരുതിയാല്‍ കളിയും കാര്യമാക്കാം

ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്‌ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്‍ഷകമാകാന്‍ വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍ അനുവദിക്കില്ലെന്നു തുറന്നുപറഞ്ഞു ഖത്തര്‍ ഭരണകൂടം.

Published

on

ടി.എച്ച് ദാരിമി

നന്മ പ്രബോധനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട വഴിയാണ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത്. വിശുദ്ധ ഖുര്‍ആന്‍ യൂസുഫ് നബിയുടെ ചരിത്രത്തിനിടെ ഇത് സൂചിപ്പിക്കുന്നുണ്ട്. തന്റെ രണ്ട് സഹതടവുകാര്‍ ഓരോ സ്വപ്‌നങ്ങള്‍ കാണുന്നു. അതിന്റെ വ്യാഖ്യാനം അറിയാന്‍ അവര്‍ക്ക് തിടുക്കമുണ്ടാവുന്നു. ആ കാലത്തിന്റെ ത്വരയും ആകാംക്ഷയുമായിരുന്നു അത്. കാരണം, സ്വപ്‌നത്തിലൂടെ ദൈവം തന്നോട് നേരിട്ടു സംസാരിക്കുകയാണ് എന്നാണ് അന്നത്തെ ജനങ്ങള്‍ വിശ്വസിച്ചിരുന്നത്. അതോടൊപ്പം ഇവര്‍ കണ്ട സ്വപ്‌നം പല ആശങ്കകളും ഉളവാക്കുന്നതുമായിരുന്നു. തങ്ങളുടെ സ്വപ്‌നത്തിന്റെ വ്യാഖ്യാനം അറിഞ്ഞു കിട്ടാനുള്ള തീവ്രമായ ആഗ്രഹത്തില്‍ നില്‍ക്കുകയായിരുന്ന അവരെ അത് ഞാനിപ്പോള്‍ പറഞ്ഞു തരാം എന്ന മട്ടില്‍ ശ്വാസമടക്കിപ്പിടിച്ചു നിറുത്തി യൂസുഫ് നബി അവരോട് പറയുന്നത് ഏക ദൈവ വിശ്വാസത്തെ കുറിച്ചാണ്. അത് യുക്തിപരമായി പറഞ്ഞതിന് ശേഷമാണ് അദ്ദേഹം അവരുടെ സ്വപ്‌നം വ്യാഖ്യാനിക്കുന്നത് (യൂസുഫ്: 30-42). തനിക്ക് കൈവന്ന സുവര്‍ണാവസരത്തെ തന്റെ ദൗത്യമായ ആദര്‍ശ പ്രചാരണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി എന്നു ചുരുക്കം. തന്ത്രപൂര്‍വം പ്രബോധനം ചെയ്യുക എന്നും (നഹ്ല്‍: 125) അകക്കാഴ്ചയോടെ പ്രബോധനം ചെയ്യുക എന്നും (യൂസുഫ്: 108) അല്ലാഹു ഖുര്‍ആനിലൂടെ നിര്‍ദ്ദേശിക്കുന്നതിന്റെ സാധ്യവും ഇതുതന്നെയാണ്.

ഖത്തറില്‍ നടക്കുന്ന ലോക ഫുട്‌ബോള്‍ മാമാങ്കത്തെ അങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് ലോക ഇസ്‌ലാമിക പണ്ഡിതന്‍മാര്‍ പലരും അഭിപ്രായപ്പെട്ടത് ഈ അര്‍ഥത്തിലാണ്. ജര്‍മനിയിലെ ഉലമാക്കളുടെയും പ്രബോധകരുടെയും സംഘടനയുടെ പരമാധ്യക്ഷന്‍ ശൈഖ് ത്വാഹാ ആമിര്‍ പറയുന്നത് ഖത്തര്‍ ഈ അവസരം ഇസ്‌ലാമിന്റെ സാംസ്‌കാരികവും സാമൂഹ്യവുമായ സവിശേഷതകളെ ലോകത്തിന് പരിചയപ്പെടുത്താനും ഉപയോഗപ്പെടുത്തണം എന്നാണ്. ഇസ്‌ലാമിന്റെ ഉന്നത മൂല്യങ്ങളായ ഔദാര്യം, സ്വീകരണം, സുരക്ഷാബോധവും സന്നാഹവും എല്ലാം ലോകത്തിന്റെ വിവിധ ദിക്കുകളില്‍നിന്നും വരുന്നവര്‍ക്ക് തന്ത്രപരമായി മനസ്സിലാക്കിക്കൊടുക്കണം. സൂറത്തുല്‍ ഹുജറാത്തില്‍, അല്ലാഹു മനുഷ്യരെ വിവിധ ഗോത്രങ്ങളും വംശങ്ങളുമാക്കിയിരിക്കുന്നത് നിങ്ങള്‍ പരസ്പരം പരിചയപ്പെടാന്‍ വേണ്ടിയാണ് എന്ന് പറഞ്ഞത് ശൈഖ് ത്വാഹാ ഉദ്ധരിച്ചു. ഈ സൂക്തത്തിലെ പരിചയപ്പെടല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അതാണ് എന്ന് അദ്ദേഹം വ്യാഖ്യാനിക്കുകയും ചെയ്തു.

സത്യത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ ഈ പ്രയോഗം ഈ പശ്ചാതലത്തില്‍ മാത്രമല്ല, പൊതു സമൂഹിക ജീവിതത്തിന്റെ തന്നെ ഏറ്റവും വലിയ അനിവാര്യതയാണ്. ലോകത്ത് നടക്കുന്ന എല്ലാ അധിക്ഷേപങ്ങളുടെയും കാരണം അത് ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും തമ്മില്‍ നിലനില്‍ക്കുന്ന അറിവില്ലായ്മയാണ്. ഇന്നത്തെ കാലത്ത് മതങ്ങള്‍ അടക്കമുള്ള സംഘ സമൂഹങ്ങളെല്ലാം പരസ്പരം പോരടിക്കുന്ന അവസ്ഥയിലാണല്ലോ. ഒരു കക്ഷിക്കാരന്‍ മറ്റൊരു കക്ഷിക്കാരനെകുറിച്ച് വെച്ചുപുലര്‍ത്തുന്ന തെറ്റായ ധാരണകളില്‍ നിന്നാണ് എല്ലാ പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. ഇത് നമ്മുടെ സാമൂഹ്യ പരിസരത്ത് മാത്രമല്ല, ചരിത്രത്തിലുടനീളം ഉണ്ടായിട്ടുള്ളതാണ്. ഇത്തരം തെറ്റായ മുന്‍ധാരണകള്‍ മാറ്റിയെടുക്കാന്‍ അവസരങ്ങളില്‍ നാം സംസ്‌കാരത്തെ പ്രതിനിധാനം ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഖത്തറില്‍ അത് ഏറെ പ്രസക്തമാണ്. അതിനു കാരണമുണ്ട്. ഏഷ്യയില്‍ രണ്ടാമത്തെതാണെങ്കിലും അറബ് മേഖലയില്‍ ഇതാദ്യമായാണ് ലോക ഫുട്‌ബോള്‍ മാമാങ്കം എത്തുന്നത്. ലോകത്തെ ഏറ്റവും വലിയ വൈകാരികോത്സവമാണ് ഇത്. അതില്‍ ലോകത്തെ ഏതാണ്ടെല്ലാ കൊലകൊമ്പന്‍മാരും വരും, പങ്കെടുക്കും. ഒരു മാസത്തോളം ആതിഥേയ രാജ്യം ഒരു മിനിയേച്ചര്‍ ഗ്ലോബായിമാറും. വിവിധ രാജ്യങ്ങളില്‍നിന്ന് കളിക്കാനും കാണാനുമായി വരുന്നവരുടെ ശ്രദ്ധയില്‍ എന്തെല്ലാം പെടുന്നുവോ അതെല്ലാം പതിഞ്ഞുകിടക്കും.

മറ്റൊരു കാരണം, ഖത്തര്‍ ലോകകപ്പിന് വേദിയാകുന്നതിനെതിരെ അന്താരാഷ്ട്ര ഭീമന്‍ രാജ്യക്കാര്‍ക്കെല്ലാം കുറേ നാളായി അസ്വസ്ഥരാകാന്‍ തുടങ്ങിയിട്ട്. അവിടെ മനുഷ്യാവകാശ ധ്വംസനം നടക്കുന്നു, അവര്‍ക്ക് ഫുട്‌ബോള്‍ പരിചയമില്ല, അടിസ്ഥാന സൗകര്യങ്ങള്‍ പോരാ എന്നൊക്കെ ജര്‍മനിയിലെ മന്ത്രി മുതല്‍ ന്യൂയോര്‍ക്ക് ടൈംസ് വരെ ആക്ഷേപിക്കുകയുണ്ടായി. പണം കൊടുത്ത് വാങ്ങിയതാണ് അവസരം എന്നത് മറ്റു ചിലരുടെ ആക്ഷേപം. ഇതെല്ലാം വകഞ്ഞു മാറ്റിയാണ് തമീം അല്‍താനിയും നാടും ഈ അവസരം സ്വന്തമാക്കിയത്. അതിനാല്‍ നിരൂപണ ഭാവത്തിലുള്ള ശ്രദ്ധ ഖത്തര്‍ ലോകകപ്പിന്റെ ലാസ്റ്റ് വിസില്‍ വരെ ഉണ്ടാകും എന്നുറപ്പാണ്. ഈ ശ്രദ്ധയെ ഇസ്‌ലാമിനു കൂടി വേണ്ടി ഉപയോഗപ്പെടുത്തണമെന്നാണ് ത്വാഹാ ആമിര്‍ പറയുന്നത്. അല്ലെങ്കിലും ഇതൊക്കെ തന്നെയാണല്ലോ ഇതുകൊണ്ടുള്ള ഫലവും. ബില്യണ്‍ കണക്കില്‍ ഡോളര്‍ ചെലവഴിച്ച് ലോകകപ്പ് നടത്തിയിട്ട് ഖത്തറിന് നേരിട്ട് സാമ്പത്തിക നേട്ടമൊന്നും കാര്യമായി ഇല്ല. മത്സരത്തിന്റെ പണം ഫിഫയുടെ പെട്ടിയിലാണ് വീഴുക. പിന്നെ, സൈഡ് കച്ചവടം, ടൂറിസം, ഗുഡ് വില്‍ ഇവ മൂന്നും വഴിയാണ് ലാഭം വന്നു ചേരുക. അതെത്രയോ ഇരട്ടി ആയിരിക്കുമെന്നത് ശരി തന്നെയാണ്. ആ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടതാണ് തങ്ങളുടെ രാജ്യം, പൈതൃകം, സംസ്‌കാരം, മതം തുടങ്ങിയവയുടെ പ്രമോഷന്‍. കാരണം ഗള്‍ഫ് രാജ്യങ്ങളില്‍ ചെറുപ്പത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണെങ്കിലും തങ്ങളുടെ ഇസ്‌ലാമിക പാരമ്പര്യത്തിലും അത് ആവിഷ്‌കരിച്ച അറബ് പാരമ്പര്യത്തിലും അഭിമാനിക്കുകയും തുറന്ന്പറയുകയും ചെയ്യുന്ന രാജ്യമാണ് ഖത്തര്‍.

അയര്‍ലന്റിലെ യൂറോപ്യന്‍ യൂണിയന്‍ ഫത്‌വാ ആന്റ് റിസര്‍ച്ച് ബോര്‍ഡിന്റെ സെക്രട്ടറി ജനറല്‍ ഡോ. ഹുസൈന്‍ ഹലാവ പറയുന്നതും ഇതുതന്നെയാണ്. മത്സരത്തിന് വരുന്ന ആളുകള്‍ ഒരുപക്ഷേ, ആദ്യമായിട്ടായിരിക്കും അറബ് ഇസ്‌ലാമിക രാജ്യത്ത് വരുന്നത്. അവര്‍ക്ക് ഇസ്‌ലാമിക സംസ്‌കാരത്തെ പരിചയപ്പെടുത്താന്‍ ഇതൊരു നല്ല അവസരമാണ്. അതിന് സൃഷ്ടിക്കേണ്ടത് നമ്മുടെ സംസ്‌കാരം അവര്‍ക്ക് അനുഭവപ്പെടാനുള്ള സാഹചര്യമാണ്. കച്ചവടങ്ങള്‍ക്കായി വന്നവരും പോയവരും വഴി ഇസ്‌ലാമിക സംസ്‌കാരം കൈമാറ്റം ചെയ്യപ്പെട്ടതിന്റെ ഉദാഹരണങ്ങള്‍ അദ്ദേഹം ഒപ്പം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. സ്‌പെയിനിലെ അസ്ഹര്‍ പണ്ഡിതരുടെ കൂട്ടായ്മയും ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിലെ രാഷ്ട്രമീമാംസയിലെ അധ്യാപകന്‍ ഡോ. അബ്ദുല്‍ മവുജൂദ് ദര്‍ദ്ദീരി, തുര്‍ക്കിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഡോ. യൂസുഫ് കാതിബ് ഓഗ് ലോ, ട്രിപോളിയിലെ രാഷ്ട്രീയ നിരീക്ഷകന്‍ ഇസ്വാമുസ്സുബൈര്‍ തുടങ്ങി നിരവധി പേര്‍ ഇതേ കാഴ്ചപ്പാടുകാരാണ്. ഈ അഭിപ്രായങ്ങള്‍ എല്ലാം തികച്ചും വിശുദ്ധവും നിഷ്‌കളങ്കരുമാണ്. ഇവരെല്ലാം പറയുന്നതിന്റെ സ്വരവും ധ്വനിയും കളി വെറും കളിയാകരുത് എന്നും അതില്‍ സാംസ്‌കാരികതയുടെ നീക്കിവെപ്പും കൈമാറ്റവുംകൂടി ഉണ്ടായിരിക്കണമെന്നുമാണ്. അത് തെറ്റായ അര്‍ഥത്തിലേക്കും ലക്ഷ്യത്തിലേക്കും നീങ്ങുന്നതിനെ ഇവരാരും പിന്തുണക്കുന്നില്ല.

അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നത് അടിസ്ഥാനപരമായി ഇസ്‌ലാമിന്റെ ശൈലി തന്നെയാണ്. നബി (സ) അങ്ങനെ ചെയ്തിരുന്നതായി ചരിത്രത്തില്‍ കാണാം. പരിശുദ്ധ മക്കയില്‍ തീര്‍ഥാടനത്തിനും വ്യാപാരത്തിനുമായി എത്തുന്ന വിദേശികള്‍ക്കിടയിലൂടെ ചുറ്റി നടക്കുന്നതും അവര്‍ക്ക് തന്റെ ദൗത്യത്തെ കുറിച്ച് വിവരം നല്‍കുന്നതും നബി (സ) തിരുമേനിയുടെ പതിവായിരുന്നു. അതിലൂടെ ഇസ്‌ലാം ധാരാളം മനസ്സുകളില്‍ എത്തി എന്നത് അനുഭവമാണ്. എന്നല്ല, ഇത് തദ്ദേശീയരായ എതിരാളികളെ തെല്ല് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ത്വുഫൈല്‍ ബിന്‍ അംറ് അദ്ദൗസീ, ളിമാദ് അല്‍ അസ്ദീ തുടങ്ങിയവരൊക്കെ ഈ അനുഭവത്തില്‍ ഇസ്‌ലാമില്‍ എത്തിയവരാണ്. തന്നെയുമല്ല, തന്റെയും ഇസ്‌ലാമിക ചരിത്രത്തിന്റെയും ഗതി തിരിച്ചുവിട്ട മദീനാ ഹിജ്‌റയിലേക്ക് നബി എത്തിച്ചേരുന്നത് അങ്ങനെയാണല്ലോ. മിനാ താഴ്‌വാരത്തു കൂടി ഇതേ ദൗത്യവുമായി ചുറ്റി നടക്കുന്നതിനിടെയായിരുന്നു യത്‌രിബുകാരായ തീര്‍ഥാടകരെ കണ്ടുമുട്ടിയും അവരുമായുള്ള ബന്ധം തുടങ്ങിയതും. ഈ പറഞ്ഞതെല്ലാം ഖത്തര്‍ നേരത്തെ ഉള്‍ക്കൊണ്ടതു തന്നെയായിരുന്നു എന്നാണ് അനുഭവങ്ങള്‍ പറയുന്നത്. ലോകകപ്പിനെ വരവേല്‍ക്കാന്‍ ഒരുക്കിയ ഖത്തറിന്റെ ഓരോ അലങ്കാരത്തിലും അറേബ്യന്‍ ഇസ്‌ലാമിക് ടച്ചുണ്ട്. പള്ളികളിലെ ബാങ്കുവിളിയും ഇമാമിന്റെ ഓത്തും വരെ ആകര്‍ഷകമാകാന്‍ വേണ്ട നടപടി അവര്‍ സ്വീകരിച്ചു. രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും ലോകകപ്പിന്റെ പേരില്‍ മാറ്റാന്‍ അനുവദിക്കില്ലെന്നു തുറന്നുപറഞ്ഞു ഖത്തര്‍ ഭരണകൂടം.

Continue Reading

columns

മലേഷ്യയെ നയിക്കാന്‍ അന്‍വര്‍ ഇബ്രാഹിം

വ്യക്തിപരമായി സ്വന്തം സൗഹൃദ കൂട്ടായ്മയില്‍നിന്നും ഒരാള്‍ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠന കാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. ആ ഊഷ്മളമായ ബന്ധം ഇപ്പോഴും തുടരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍

രണ്ട് ദശാബ്ദ കാലത്തെ കാത്തിരിപ്പിനൊടുവില്‍ അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാമന്ത്രിയായി അവരോധിതനായിരിക്കുന്നു. അങ്കടന്‍ ബെലിയ ഇസ്‌ലാം മലേഷ്യ (ABIM) എന്ന യുവജന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായി തുടങ്ങിയ രാഷ്ട്രീയ ജീവിതം 75 ാമത്തെ വയസ്സില്‍ മലേഷ്യയുടെ പ്രധാനമന്ത്രി പദത്തില്‍ എത്തിനില്‍ക്കുന്നു. 1973 ല്‍ മലേഷ്യന്‍ സ്വാതന്ത്ര്യ റിപ്പബ്ലിക്കിന്റെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന അബ്ദുല്‍റസാഖ്ഹുസൈന്‍ രൂപീകരിച്ച ബരിസോണ്‍ നാഷണല്‍ (BN) ന്റെ പ്രധാന സഖ്യ കക്ഷിയായിരുന്ന യുണൈറ്റഡ് മലായീസ് നാഷണല്‍ ഓര്‍ഗനൈസേഷനില്‍ (UMNO) യില്‍ ചേര്‍ന്ന അന്‍വര്‍ ഇബ്രാഹിം ശേഷം 1980 കളിലും 90 കളിലും തുടര്‍ച്ചയായി വന്ന സര്‍ക്കാരുകളില്‍ വിവിധ കാബിനെറ്റ് പദവികള്‍ വഹിച്ചു. 90 കളില്‍ മഹാതീര്‍ മുഹമ്മദ് മന്ത്രിസഭയില്‍ മലേഷ്യയുടെ ഉപപ്രധാന മന്ത്രിയും ധനകാര്യ മന്ത്രിയുമായിരുന്നു.

ഏഷ്യന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ധനമന്ത്രിയായിരുന്ന അന്‍വര്‍ ഇബ്രാഹിമിന്റെ ഭരണപരമായ മികവ് ഏഷ്യയിലെ സുസ്ഥിര സാമ്പത്തിക ശക്തിയായി നിലനില്‍ക്കാന്‍ മലേഷ്യയെ പര്യാപ്തമാക്കി. 90 കള്‍ക്ക് ശേഷം മഹാതീറുമായി വേര്‍പിരിഞ്ഞ അദ്ദേഹം തുടര്‍ന്ന് രണ്ട് പതിറ്റാണ്ട് കാലത്തെ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് കടന്ന്‌പോയത്. അപ്പോഴും നിലപാടുകളിലും വീക്ഷണങ്ങളിലും മാറ്റം വരുത്താതെ മുന്നോട്ട്‌പോകാന്‍ അദ്ദേഹത്തിന് സാധിച്ചു.

തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ ദര്‍ശിച്ച മികച്ച പ്രതിപക്ഷ നേതാവ് എന്ന വിശേഷണമുള്ള നേതാവാണ് അന്‍വര്‍ ഇബ്രാഹിം. 90 കളിലെ തന്റെ മന്ത്രിസഭയിലെ പ്രധാനിയായ മഹാതീര്‍ മുഹമ്മദിനെതിരെ പിന്നീട് തെരുവ് പ്രക്ഷോഭങ്ങളില്‍ പതിനായിരക്കണക്കിന് പേരെ അണിനിരത്തി സമരജ്വാലകള്‍ തീര്‍ത്ത പ്രതിപക്ഷ നേതാവ് കൂടിയാണ് അന്‍വര്‍ ഇബ്രാഹിം. മഹാതീറുമായുള്ള അകല്‍ച്ച മൂന്ന് പതിറ്റാണ്ടോളം അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തെയും മലേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെയും നിര്‍ണയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഭൂരിപക്ഷം മലേഷ്യന്‍ ജനതയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു. പാര്‍ലമെന്റിനകത്തും ജയില്‍വാസ കാലത്തും അദ്ദേഹം നിലപാടുകള്‍ ഉറക്കെ പറഞ്ഞു. തന്റെ നിലപാടുകളുമായി ചേര്‍ന്ന് പോകാത്ത ഘട്ടത്തില്‍ അദ്ദേഹം ബാരിസോണ്‍ നാഷണല്‍ സഖ്യത്തില്‍ നിന്നും മെല്ലെ അകന്നു. 2015 ല്‍ പക്തന്‍ ഹാരപ്പ (pakatan Harappan) സഖ്യത്തിന് രൂപം നല്‍കിയ അദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനവും മുദ്രാവാക്യവും പരിഷ്‌കരണം (reformacy) എന്നതായിരുന്നു. രാഷ്ട്രീയ നേതാവ് എന്നതിലുപരി ലോക തലത്തില്‍തന്നെ ശ്രദ്ധിക്കപ്പെട്ട അക്കാദമീഷ്യന്‍കൂടിയാണ് അന്‍വര്‍ ഇബ്രാഹിം. ഡെമോക്രസി, റെസ്‌പോണ്‍സിബിലിറ്റി തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം ലോക രാജ്യങ്ങളോട് സംവദിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രസംഗങ്ങളും ലോകത്തെ പ്രമുഖ പത്രങ്ങളിലും ജേര്‍ണലുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതാന്തര സംവാദങ്ങളിലും മുസ്‌ലിം ക്രിസ്ത്യന്‍ ബന്ധങ്ങളിലും നേതാവെന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ആദരിക്കപ്പെടുന്ന അദ്ദേഹം ജോണ്‍സ് ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റ
ഡീസിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ സെന്റ് ആന്റണീസ് കോളജിലും ലക്ചറിങ് പദവികള്‍ വഹിച്ചിട്ടുണ്ട്.

വ്യക്തിപരമായി സ്വന്തം സൗഹൃദ കൂട്ടായ്മയില്‍നിന്നും ഒരാള്‍ ഒരു രാഷ്ട്രത്തിന്റെ പരമോന്നത പദവിയിലെത്തിയതിന്റെ സന്തോഷമാണ് അന്‍വര്‍ ഇബ്രാഹിം മലേഷ്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ അനുഭവപ്പെടുന്നത്. മലേഷ്യയിലെ പഠന കാലത്ത് നിരവധി തവണ അദ്ദേഹവുമായി സംവദിച്ചിട്ടുണ്ട്. ആ ഊഷ്മളമായ ബന്ധം ഇപ്പോഴും തുടരുന്നു. മലേഷ്യ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതില്‍ മുന്നില്‍നിന്ന ധിഷണാശാലിയായ നേതാവ് എന്ന അര്‍ത്ഥത്തില്‍ എന്നും അദ്ദേഹത്തെ ആദരവോടെയാണ് നോക്കി കണ്ടിട്ടുള്ളത്. ഒരു ദശാബ്ദ കാലത്തെ ജയില്‍വാസം അടക്കമുള്ള തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ രണ്ടു പതിറ്റാണ്ട് കാലത്തെ കാത്തിരിപ്പിന്‌ശേഷം അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ വലിയ മാറ്റങ്ങളാണ് പൊതുവില്‍ പ്രതീക്ഷിക്കുന്നത്. 1983 നും 1988 നും ഇടയില്‍ അന്‍വര്‍ ഇബ്രാഹിം ക്വാലാലംപൂരിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറായിരുന്നു. 1986ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ നയങ്ങള്‍ ദേശീയ സ്‌കൂള്‍ പാഠ്യപദ്ധതിയെ കരുത്തുറ്റതാക്കി. പിന്നീട് മലേഷ്യന്‍ വിദ്യാഭ്യാസ മേഖലയുടെ വലിയ തോതിലുള്ള വളര്‍ച്ചക്ക് ഇത് ഏറെ സഹായകമായിരുന്നു. വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ യുനെസ്‌കോയുടെ ജനറല്‍ കോണ്‍ഫറന്‍സിന്റെ 25ാമത് പ്രസിഡന്റായി അന്‍വര്‍ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതായിരുന്നു. മലേഷ്യയെ ലോക വിദ്യാഭ്യാസ ഭൂപടത്തില്‍ ശക്തമായി അടയാളപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏറെ സഹായകമായിരുന്നു. 1988ല്‍ അന്‍വര്‍ ഇബ്രാഹിം മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റായി. മുഴുവന്‍ സര്‍ക്കാര്‍ സംവിധാനത്തെയും മൂല്യധിഷ്ഠിതമാക്കാന്‍ ഏറെ പ്രയത്‌നിച്ച വ്യക്തിയാണ് അന്‍വര്‍ ഇബ്രാഹിം. ഉന്നത കലാലയം എന്നത് ഓ.ഐ.സിയുടെ വര്‍ഷങ്ങളായുള്ള സ്വപ്‌നമായിരുന്നു. അത് ഏറ്റെടുത്ത് സാക്ഷാത്കരിക്കുന്നതില്‍ അന്‍വര്‍ ഇബ്രാഹിം വഹിച്ച പങ്കു വളരെ വലുതാണ്. രാഷ്ട്രീയത്തിന് പുറത്ത് അന്‍വര്‍ ഇബ്രാഹിം അമേരിക്ക ഉള്‍പ്പെടെ വിവിധ അക്കാദമിക് സ്ഥാപനങ്ങളില്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.

യുവജന കൂട്ടായ്മയും വിദ്യാഭ്യാസ വിപ്ലവവും വാണിജ്യ വാവസായിക വളര്‍ച്ചയിലൂടെയുള്ള സാമ്പത്തിക ഉന്നതിയും മലേഷ്യക്ക് സാധ്യമാണെന്ന് ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പ്രായോഗിക തലത്തില്‍ കാണിച്ചുകൊടുത്ത ഒരാള്‍ വളരെ നീണ്ട കാത്തിരിപ്പിന് ശേഷം പ്രധാനമത്രി പദത്തിലെത്തുമ്പോള്‍ എല്ലാവരും വളരെ പ്രതീക്ഷയിലാണ്. കോവിഡിനുശേഷം ലോകം പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ കാത്തുനിക്കുന്ന വേളയില്‍ മലേഷ്യക്ക് ലഭിച്ച പുതിയ പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പഴയ കാല അനുഭവങ്ങളില്‍നിന്നു മുന്നോട്ടുനയിക്കുമെന്ന പ്രത്യാശയാണുള്ളത്. നിലവില്‍ അന്‍വര്‍ ഇബ്രാഹിം പ്രധാനമന്ത്രി പദം ഏറ്റെടുത്ത ഉടനെ വാണിജ്യ മേഖലയില്‍ ഓഹരി കമ്പോളത്തില്‍ പെട്ടെന്നുള്ള ചലനങ്ങള്‍ കാണുന്നത് സാമ്പത്തിക മേഖല അദ്ദേഹത്തില്‍ അര്‍പ്പിക്കുന്ന ശുഭാപ്തി വിശ്വാസത്തെ സൂചിപ്പിക്കുന്നു. 1986 ല്‍ വിദ്യാഭ്യാസ മന്ത്രിയാകുന്നതിന് മുമ്പ് 1984 ല്‍ കൃഷി മന്ത്രാലയത്തിന്റെ തലവനായിരുന്നു. ഭരണാധികാരി എന്ന നിലയില്‍ സമസ്ത രംഗത്തുമുള്ള അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പുതിയ ഗവണ്‍മെന്റിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ ഏറെ സഹായകമാകും.

യുവജന സംഘടനയായ ABIM ലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമായത്‌കൊണ്ട് തന്നെ യുവജന രാഷ്രീയം എത്ര പ്രധാനമാണെന്നും യുവജനങ്ങള്‍ക്കു രാജ്യ താല്‍പര്യങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ കഴിയുമെന്ന് തെളിയിച്ച നേതാവാണ് അന്‍വര്‍ ഇബ്രാഹിം. അതുകൊണ്ട് തന്നെ മലേഷ്യയുടെ പുതിയ ഭരണ സാരഥ്യത്തില്‍ അദ്ദേഹം എത്തുന്നത് രാജ്യത്തെ യുവസമൂഹത്തിലും ഉണര്‍വ്വ് സൃഷ്ടിച്ചിട്ടുണ്ട്.

Continue Reading

columns

തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിമയാകരുത്-എഡിറ്റോറിയല്‍

തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഹിമാചല്‍പ്രദേശിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയത് ബി. ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെ കേന്ദ്ര സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആരോപണത്തെ ശരിവെക്കുന്ന രൂപത്തിലായിരുന്നു ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഹിമാചല്‍പ്രദേശിനോടൊപ്പം തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ഗുജറാത്തില്‍ വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോയത് ബി. ജെ.പിയെ സഹായിക്കാനാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ മറുപടിയില്‍ രാഷ്ട്രീയം മുഴച്ചുനില്‍ക്കുന്നുണ്ടായിരുന്നു. കളിയില്‍ തോറ്റ ടീം അമ്പയറെ കുറ്റം പറയുന്നതുപോലെയാണ് അതെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തറ രാഷ്ട്രീയ നിലവാരം പോലുമില്ല. അരുണ്‍ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷറായി നിയമിച്ചതിനെ ചൊല്ലിയുള്ള വിവാദങ്ങളും സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളും രാജീവ്കുമാറിന്റെ മറുപടിയുമായി ചേര്‍ത്തുവായിക്കുമ്പോള്‍ എന്തൊക്കെയോ ചിലത് കരിഞ്ഞു മണക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ ചട്ടുകമായി അധ:പതിക്കാതെ സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകത സുപ്രീംകോടതി എടുത്തുപറഞ്ഞിരിക്കുന്നു. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം ഔദ്യോഗിക സംവിധാനങ്ങള്‍ പച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതൊരു പുതുമയില്ലാത്ത പതിവ് കാഴ്ചയായി മാറിയിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷനും മൂക്കുകയറിടാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അരുണ്‍ഗോയലിനെ ധൃതിപിടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിന്റെ യുക്തിയും ന്യായവും ചോദ്യംചെയ്യപ്പെടുന്നതും അത്തരമൊരു പശ്ചാത്തലത്തിലാണ്.

പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിന് സര്‍വീസില്‍നിന്നും സ്വയം വിരമിക്കാന്‍ അനുമതി നല്‍കിയതിന്‌ശേഷം പിറ്റേന്ന് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. മൂന്നംഗ കമ്മീഷനില്‍ മെയ് 15 മുതലുള്ള ഒഴിവിലേക്കാണ് നിയമനം. സാധാരണഗതിയില്‍ വിരമിച്ച ഉദ്യോഗസ്ഥരെയാണ് കമ്മീഷണറായി നിയമിക്കാറുള്ളത്. ഗോയലിന്റെ നിയമനത്തില്‍ അത്തരമൊരു കീഴ്‌വഴക്കം പാലിച്ചില്ലെന്ന് വ്യക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങിയ സ്വതന്ത്രവും നിഷ്പക്ഷവുമായ കൊളീജിയത്തിന് വിടണമെന്ന ഹര്‍ജി സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഗോയലിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിനെതിരെ സുപ്രീംകോടതിക്ക് കടുത്ത ഭാഷയില്‍ പ്രതികരിക്കേണ്ടിവന്നത് അസ്വാഭാവികത പ്രകടമായതുകൊണ്ടാണ്.

ഗോയലിന്റെ നിയമനത്തിന് പിന്നില്‍ എന്തെങ്കിലും ദുരുദ്ദേശ്യമുണ്ടോ എന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് വളച്ചുകെട്ടില്ലാതെതന്നെ ചോദിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങള്‍ ഏറെ ഗൗരവമര്‍ഹിക്കുന്നവയാണ്. ഭരണഘടനയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമലില്‍ ഉള്ളത്. അധികാരങ്ങള്‍ പ്രയോഗിക്കാതെ കാഴ്ചക്കാരനായി നില്‍ക്കുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ അടിമയായി അധ:പതിക്കുകയും ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവത്തിന് ചേര്‍ന്നതല്ല. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിക്കെതിരെ പോലും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് നടപടിയെടുക്കേണ്ടിവരുമെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചിരിക്കുന്നു. സ്വന്തം ജീവന്‍ അപകടത്തിലാണെങ്കില്‍പോലും കമ്മീഷണര്‍ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യരുത്. രാഷ്ട്രീയക്കാരന്റെ അല്ലെങ്കില്‍ മേലധികാരിയുടെ പ്രവൃത്തികള്‍ക്ക് യെസ് മൂളിക്കൊടുക്കുന്ന ഒരാളായി തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഒരാളും വേണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലയും വിലയും എന്താണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയത് ടി.എന്‍ ശേഷനായിരുന്നു. അദ്ദേഹത്തിന് ശേഷം അങ്ങനെയൊരാളെ ഇന്ത്യക്ക് കിട്ടിയിട്ടില്ല. തിരഞ്ഞെടുപ്പ് രംഗത്ത് വിപുലമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവന്നതോടൊപ്പം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആരാണെന്നും അദ്ദേഹം തെളിയിച്ചു. ശേഷനെപ്പോലെ ഒരാള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും മുന്നോട്ടുപോകാനും സാധിച്ചത് അന്നത്തെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലിരിക്കെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ തലയിടാന്‍ ഒരുഘട്ടത്തില്‍ പോലും ശ്രമിച്ചിരുന്നില്ല. ഇപ്പോള്‍ അതല്ല സ്ഥിതി. വോട്ടെടുപ്പില്‍ തന്നെ രാജ്യത്തിന് വിശ്വാസ്യത നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. വരും കാലത്ത് ഇന്ത്യക്ക് തിരഞ്ഞെടുപ്പ് തന്നെ ആവശ്യമുണ്ടോ എന്ന് ബി.ജെ.പി ആലോചിച്ചുകൊണ്ടിരിക്കെ ജനാധിപത്യം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ഇപ്പോള്‍ രാഷ്ട്രീയ ഇടപെടലില്ലാത്ത ഭരണഘടാനാസ്ഥാപനങ്ങള്‍ ഏതൊക്കെയാണെന്ന് സൂക്ഷ്മദര്‍ശിനിവെച്ച് പരിശോധിക്കേണ്ട അവസ്ഥയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം മാറിമറിഞ്ഞിരിക്കെ സുപ്രീംകോടതിയുടെ ഇടപെടലും നിരീക്ഷണങ്ങളും രാജ്യത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.

Continue Reading

Trending